ഛത്തീസ്ഗഡ്: അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ജാമ്യം തേടി എൻഐഎ കോടതിയെ സമീപിച്ചു. കന്യാസ്ത്രീകൾ ബിലാസ്പൂർ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. സീനിയർ അഭിഭാഷകൻ്റെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യാപേക്ഷ ഹർജി എൻഐഎ കോടതി നാല് മണിക്ക് വാദം കേൾക്കും.
ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചാൽ നടപടിക്രമങ്ങൾ നീണ്ടുപോയി ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയേക്കാമെന്ന സാധ്യത പരിശോധിച്ച ശേഷമാണ് തീരുമാനം.
അതേസമയം നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നുവെന്ന് പാർലമെന്റിലെത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി പ്രതികരിച്ചു. ഛത്തീസഗഡ് മുഖ്യമന്ത്രിയെ നേരിട്ട് വിളിപ്പിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച നടത്തി.
അതേസമയം കൊടിക്കുന്നിൽ സുരേഷിൻ്റെ നേതൃത്വത്തിൽ അഞ്ച് കോൺഗ്രസ് എംപിമാർ റായ്പൂരിൽ എത്തി. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ശ്രീമതി ടീച്ചർ, സി.എസ്. സുജാത എന്നിവരും ഛത്തീസഗഡിലെത്തി. കേരളത്തിൽ നിന്ന് എത്തിയ ഇടത് സംഘം ദുർഗ് ജയിലിലെത്തി കന്യാസ്ത്രീകളെ കണ്ടു. കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കണമെന്ന് പി.കെ. ശ്രീമതി പ്രതികരിച്ചു.
ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാരും പൊലീസും എതിർക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. കന്യാസ്ത്രീകളുടെ അറസ്റ്റിൽ വേദനയും അമർഷവുമെന്ന് രാജീവ് ചന്ദ്രശേഖറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാർ ആൻഡ്രൂസ് താഴത്തും പ്രതികരിച്ചു.