ആന്ധ്രാ പ്രദേശ് റോഡ്സ് ആൻഡ് ബിൽഡിംഗ്സ് മന്ത്രി ബി.സി. ജനാർദനൻ റെഡിയുടെ സഹോദരൻ പൊലീസ് കോൺസ്റ്റബിളിന്റെ മുഖത്തടിച്ചു. മധൻ ഭൂപാൽ റെഡിയാണ് പൊലീസിനെതിരെ അക്രമം നടത്തിയത്. മധൻ ഭൂപാൽ റെഡിയെ അക്രമത്തിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ കോലിമിഗുണ്ടല ക്ഷേത്രം പുനരുദ്ധാരണം പൂർത്തിയാക്കി തുറന്ന് നൽകുന്ന ചടങ്ങിനിടെയാണ് അക്രമം. ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിൾ ജസ്വന്ത്, മധൻ ഭൂപാൽ റെഡിയെ ക്യൂ നിൽക്കാതെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചത് തടഞ്ഞതിനായിരുന്നു മന്ത്രിയുടെ സഹോദരൻ്റെ അക്രമം.
ആന്ധ്രാ പ്രദേശ് ബി.സി. ജനാർദൻ റെഡിയുടെ സഹോദരൻ പൊലീസ് കോൺസ്റ്റബിളിനെ തല്ലുന്നതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇരുവരും തമ്മിൽ വാക്തർക്കമുണ്ടാകുന്നതും, മദൻ റെഡി കോൺസ്റ്റബിളിനെ തള്ളി മാറ്റുന്നതും തുടർന്ന് മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ടിഡിപി നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും ധാർഷ്ട്യത്തിന്റെയും നിയമലംഘനത്തിന്റെയും ഉദാഹരണമാണിതെന്ന് വൈഎസ്ആർ കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) പ്രതികരിച്ചു.
ബിസി ജനാർദൻ റെഡി തന്റെ സഹോദരന്റെ പ്രവൃത്തിയിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ചു. ആരായാലും നടപടിയെടുക്കാൻ പൊലീസുകാരോട് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.