മുംബൈ: മാലേഗാവ് സ്ഫോടനക്കേസിൽ ഏഴ് പ്രതികളേയും വെറുതെവിട്ടു. ബിജെപി നേതാവ് പ്രഗ്യാ സിംഗ് താക്കൂറും മുൻ സൈനിക ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിതും ഉൾപ്പെടെയുള്ളവരായിരുന്നു കേസിലെ പ്രതികള്‍. പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് വിധി. സ്ഫോടനം നടന്ന് 17 വർഷങ്ങള്‍ക്ക് ശേഷമാണ് വിധി വന്നിരിക്കുന്നത്
പ്രതികള്‍ക്കെതിരെ യുഎപിഎ നിലനിൽക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ബോംബ് വെച്ച ബൈക്കിന്‍റെ ഉടമ പ്രഗ്യ ആണെന്നതിന് തെളിവില്ല. ഈ ബൈക്കില്‍ നിന്നും വിരലടയാളങ്ങളോ ഫോറന്‍സിക് വിഭാഗം ഡിഎൻഎയോ ശേഖരിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്കെതിരെ ഭീകരവിരുദ്ധ നിയമം പ്രയോഗിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഭോപ്പാലിൽ നിന്നുള്ള മുൻ ബിജെപി എംപി സാധ്വി പ്രഗ്യാ സിംഗ് താക്കൂർ, അന്ന് മിലിട്ടറി ഇൻ്റലിജൻസ് ഉദ്യോഗസ്ഥനായിരുന്ന ലഫ്റ്റനൻ്റ് കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിത്. മേജർ (റിട്ട) രമേഷ് ഉപാധ്യായ, അജയ് രാഹിർക്കർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽക്കർണി എന്നിവരാണ് കേസില്‍ വിചാരണ നേരിട്ടത്.
മാലേഗാവില്‍ നടന്നത് സ്ഫോടനമാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചെങ്കിലും മോട്ടോർ സൈക്കിളിലാണ് ബോംബ് ഘടിപ്പിച്ചിരുന്നതെന്ന് സ്ഥാപിക്കുന്നതിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരാജയപ്പെട്ടു.
പ്രോസിക്യൂഷന് 'ശക്തമായ തെളിവുകൾ' കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നും അതിനാൽ എല്ലാ പ്രതികൾക്കും സംശയത്തിന്റെ ആനുകൂല്യം കോടതി നൽകേണ്ടതുണ്ടെന്നും പ്രത്യേക ജഡ്ജി എ.കെ. ലഹോട്ടി നിരീക്ഷിച്ചു. ഭീകരതയ്ക്ക് മതമില്ലെന്നും ധാർമ്മികതയുടെ അടിസ്ഥാനത്തിൽ ശിക്ഷ വിധിക്കാനാവില്ലെന്നും കോടതി പറഞ്ഞു. മാത്രമല്ല, സ്ഫോടനത്തിന് രണ്ട് വർഷം മുമ്പ് പ്രഗ്യാ താക്കൂർ സന്ന്യാസം സ്വീകരിച്ചിരുന്നെന്നും എല്ലാ ഭൗതിക വസ്തുക്കളും ഉപേക്ഷിച്ചിരുന്നുവെന്നും കോടതി കൂട്ടിച്ചേർത്തു.
26/11 മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഹേമന്ത് കാർക്കറെ തലവനായ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) ആയിരുന്നു അന്വേഷണത്തിന് ആദ്യം നേതൃത്വം നൽകിയത്.
2008 ഒക്ടോബറിലാണ് എടിഎസ് ആദ്യ അറസ്റ്റ് നടത്തിയത്. സ്ഫോടനത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്ന മോട്ടോർ സൈക്കിൾ പ്രഗ്യാ താക്കൂറിന്റേതാണെന്നും സ്ഫോടനം ആസൂത്രണം ചെയ്തവർക്ക് ഇവർ ഈ വാഹനം നല്‍കുകയായിരുന്നുവെന്നും ആയിരുന്നു എടിഎസിന്റെ കണ്ടെത്തല്‍ . മുൻ സൈനിക ഉദ്യോഗസ്ഥരും 'അഭിനവ് ഭാരത്' എന്ന അത്ര അറിയപ്പെടാത്ത ഒരു റാഡിക്കൽ ഗ്രൂപ്പിലെ അംഗങ്ങളും ഉൾപ്പെടുന്ന ഒരു സംഘത്തിന്റെ ഭാഗമായിരുന്നു പ്രഗ്യ എന്നും എടിഎസ് കണ്ടെത്തിയിരുന്നു. 2011 ഏപ്രിലിൽ കേസിൻ്റെ അന്വേഷണ ചുമതല ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി.
2008 സെപ്റ്റംബർ 29ന് റമദാൻ മാസത്തിൽ മാലേഗാവിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശത്തായിരുന്നു സ്ഫോടനം നടന്നത്. തിരക്കേറിയ ജംഗ്ഷനിൽ മോട്ടോർ സൈക്കിളിൽ സ്ഥാപിച്ച ബോബ് പൊട്ടിത്തെറിക്കുകയായിരുന്നു. ആറ് പേർ കൊല്ലപ്പെടുകയും 101 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2018ൽ ആരംഭിച്ച വിചാരണ 2025 ഏപ്രിലിലാണ് അവസാനിച്ചത്.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യുഎപിഎ), ഗൂഢാലോചന, കൊലപാതകം, കൊലപാതകശ്രമം, ശത്രുത വളർത്തൽ, മനഃപൂർവ്വം പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) വിവിധ വകുപ്പുകളുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.