

കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. പാർട്ടിയുടെ കൂടുതൽ എംപിമാർ പാർട്ടി വിട്ടു. രാജ്യസഭാ എംപി സുഷ്മിത ദേവാണ് തൃണമൂൽ കോൺഗ്രസ് വിട്ടത്. ട്വിറ്റർ ബയോയിൽ പാർട്ടിയുടെ മുൻ അംഗം എന്ന മാറ്റം വരുത്തിയതാണ് രാജി വച്ചതിനുള്ള ആദ്യ സൂചന നൽകിയത്.
കഴിഞ്ഞ ദിവസം സുഖേന്ദു ശേഖർ റായും പാർട്ടിയിൽ നിന്ന് രാജി വച്ചിരുന്നു. ഈ ആഴ്ചയില്‍ പാര്‍ട്ടി വിടുന്ന രണ്ടാമത്തെ രാജ്യസഭാ എംപിയാണ് സുഷ്മിത ദേവ്. രാജിവച്ചതിന് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി കൂടിക്കാഴ്ച നടത്തിയതോടെ സുഷ്മിത ദേവ് ഉടന്‍ തന്നെ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്.
കോണ്‍ഗ്രസ് വിട്ട് 2021ലാണ് 53കാരിയായ സുഷ്മിത ദേവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അസമിലെ കോണ്‍ഗ്രസിൻ്റെ ശക്തനായ നേതാവും ബംഗാളി നേതാവുമായിരുന്ന സന്തോഷ് മോഹന്‍ ദേവിൻ്റെ മകളാണ് സുഷ്മിത. കോണ്‍ഗ്രസിൻ്റെ വനിതാ വിഭാഗമായ അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസിൻ്റെ അധ്യക്ഷയായിരുന്നു. അസമിലെ സില്‍ചാറില്‍ നിന്നുള്ള എംപി കൂടിയാണ് ഇവർ.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മുതിര്‍ന്ന തൃണമൂല്‍ നേതാവും രാജ്യസഭാംഗവുമായ സുഖേന്ദു ശേഖര്‍ റോയ് രാജ്യസഭയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും രാജി പ്രഖ്യാപിച്ചത്. തുടര്‍ന്ന് പുറത്തുവിട്ട പത്രക്കുറിപ്പില്‍, ബംഗാളിലെ തൃണമൂല്‍ പാര്‍ട്ടിക്കും അതിൻ്റെ 15 വര്‍ഷത്തെ ഭരണത്തിനുമെതിരെ റോയ് കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.