കുറ്റവിമുക്തനായ് ഉത്തരവിറങ്ങിയിട്ടും യുവാവ് ജയിലിൽ കഴിഞ്ഞത് ഏഴ് വർഷം; സുപ്രീം കോടതി 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു

ശിക്ഷ മരവിപ്പിച്ച് ദേവിലാൽ നേരത്തെ തന്നെ ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടുണ്ടെന്ന തെറ്റിദ്ധാരണയിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന് സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കുന്നു.
man acquitted of murder but spent seven more years in jail due to communication lapse
man acquitted of murder but spent seven more years in jail due to communication lapse
Published on: 
Updated on: 

ഡല്‍ഹി: കൊലക്കേസിൽ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിട്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഏഴ് വർഷത്തിലധികം അനധികൃതമായി ജയിലിൽ കഴിയേണ്ടിവന്ന ഛത്തീസ്ഗഡ് സ്വദേശിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ അഗസ്റ്റിൻ ജോർജ് മസിഹ്, സഞ്ജീവ് സച്ച്ദേവ എന്നിവരടങ്ങിയ ബെഞ്ചാണ് നവംബർ 16-ന് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. നേരത്തെ ഛത്തീസ്ഗഡ് ഹൈക്കോടതി അനുവദിച്ച 2 ലക്ഷം രൂപയുടെ നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരന്‍ ദേവിലാൽ ഗോണ്ടി സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് തുക 30 ലക്ഷമായി ഉയർത്താനും നാലാഴ്ചയ്ക്കകം തുക കൈമാറാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കാനും സുപ്രീം കോടതി തീരുമാനിച്ചത്.

2012 ഡിസംബർ 7 ന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302-ാം വകുപ്പ് പ്രകാരം കൊലപാതകക്കേസിൽ അറസ്റ്റിലായ ദേവിലാൽ ഗോണ്ടിനെ 2013 ഓഗസ്റ്റ് 14-ന് രാജ്നന്ദ്ഗാവ് സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിൽ 2018 ജനുവരി 20 ന് ഛത്തീസ്ഗഡ് ഹൈക്കോടതി ശിക്ഷ റദ്ദാക്കി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. സംസ്ഥാന സർക്കാർ ഈ വിധിക്കെതിരെ അപ്പീൽ നൽകാത്തതിനാൽ വിധി അന്തിമമായിരുന്നെങ്കിലും, ദേവിലാൽ ജയിലിൽ നിന്ന് മോചിതനായില്ല.

man acquitted of murder but spent seven more years in jail due to communication lapse
പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ അനുവദിച്ചില്ല; എഎസ്ഐയെ കൊന്ന് കാറിലിട്ട് കത്തിച്ചു, വനിതാ ഹെഡ് കോൺസ്റ്റബിൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

ശിക്ഷ മരവിപ്പിച്ച് ദേവിലാൽ നേരത്തെ തന്നെ ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടുണ്ടെന്ന തെറ്റിദ്ധാരണയിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്നും അദ്ദേഹത്തിന്റെ ജാമ്യബോണ്ടുകൾ ആറുമാസത്തേക്ക് കൂടി തുടരാൻ നിർദ്ദേശിക്കുകയായിരുന്നുവെന്നും സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കുന്നു. അദ്ദേഹം ജയിലിൽ തുടരുന്ന വിവരം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നില്ല. അതേസമയം, അപ്പീലിന്റെ വിധി സംബന്ധിച്ച് ദുർഗ് സെൻട്രൽ ജയിൽ സൂപ്രണ്ട് 2018 ഏപ്രിൽ 3 നും ജൂൺ 18 നും ലീഗൽ എയ്ഡ് പാനൽ അഭിഭാഷകന് കത്തുകൾ അയച്ചിരുന്നെങ്കിലും കുറ്റവിമുക്തനാക്കിയ വിവരം ജയിൽ അധികൃതർക്ക് ലഭിച്ചില്ലെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ അറിയിച്ചു. ഒടുവിൽ 2025 മെയ് 15 ന് ജയിൽ രേഖകൾ പരിശോധിക്കുന്നതിനിടെയാണ് ഈ ഗുരുതരമായ വീഴ്ച കണ്ടെത്തിയത്. തുടർന്ന് 2025 മെയ് 19 നാണ് ദേവിലാൽ ജയിൽ മോചിതനായത്.

2018 ൽ കുറ്റവിമുക്തനാക്കപ്പെടുമ്പോൾ ഏകദേശം 28 വയസ്സുണ്ടായിരുന്ന ദേവിലാൽ പുറത്തിറങ്ങുമ്പോഴേക്കും 35 വയസ്സായിരുന്നു. അധികൃതരുടെ വീഴ്ച കാരണം അദ്ദേഹത്തിന് തന്റെ യൗവനത്തിലെ ഏറ്റവും നിർണ്ണായകമായ ഏഴ് വർഷങ്ങളാണ് നഷ്ടമായതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സ്വാതന്ത്ര്യം മാത്രമല്ല, ഉപജീവനമാർഗ്ഗം കണ്ടെത്താനും വിദ്യാഭ്യാസം നേടാനും കഴിവുകൾ വികസിപ്പിക്കാനുമുള്ള അവസരങ്ങളാണ് നഷ്ടമായതെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നുണ്ടായ തടവ് ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് നേരത്തെ തന്നെ ഹൈക്കോടതിയും വിലയിരുത്തിയിരുന്നു.

സാമ്പത്തികവും അല്ലാതെയുമുള്ള നഷ്ടങ്ങൾ കണക്കിലെടുത്ത് അനുവദിച്ച 30 ലക്ഷം രൂപയിൽ 5 ലക്ഷം രൂപ ദേവിലാലിന്റെ സേവിംഗ്സ് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറാനും ബാക്കി 25 ലക്ഷം രൂപ അദ്ദേഹത്തിന്റെ പേരിൽ സ്ഥിരനിക്ഷേപമായി ഇടാനും സുപ്രീം കോടതി നിർദ്ദേശിച്ചു. ഇതിൽ നിന്നുള്ള പ്രതിമാസ പലിശ അക്കൗണ്ടിൽ എത്തും. അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കോ ദീർഘകാല വരുമാനമാർഗ്ഗം ഉണ്ടാക്കാനോ അല്ലാതെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ അനുമതിയില്ലാതെ ഈ നിക്ഷേപം പിൻവലിക്കാനോ വായ്പ എടുക്കാനോ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.