ഡൽഹി സർവകലാശാല വിദ്യാർഥിനി, സ്നേഹ ദേബ്നാഥിൻ്റെ മൃതദേഹം കണ്ടെത്തി. യമുനാ നദിയിൽ നിന്നാണ് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. യമുനാ നദിയിലെ ഗീത ഫ്ലൈ ഓവറിന് താഴെയായാണ് മൃതദേഹം കണ്ടെത്തിയത്. ത്രിപുരയിലെ സബ്രൂം സ്വദേശിയായ സ്നേഹ, ആത്മ റാം സനാതൻ ധർമ്മ കോളേജിലെ വിദ്യാർഥിനിയായിരുന്നു. നേരത്തെ ഡൽഹിയിലെ വിദ്യാർഥിനിയുടെ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. കാണാതായി ഒരാഴ്ച പിന്നിടുമ്പോഴാണ് 19കാരിയുടെ മൃതദേഹം കണ്ടെത്തുന്നത്.
സിഗ്നേച്ചർ പാലത്തിൽ നിന്ന് ചാടി തൻ്റെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചുവെന്ന് പറയുന്ന ആത്മഹത്യാക്കുറിപ്പാണ് ഇന്ന് ഡൽഹിയിലെ മുറിയിൽ നിന്ന് കണ്ടെടുത്തത്. "എനിക്ക് ഒരു പരാജയവും ഭാരവുമായ പോലെ തോന്നുന്നു, ഇതുപോലെ ജീവിക്കുന്നത് അസഹനീയമാണ്, ഇത് എൻ്റെ മാത്രം തീരുമാനമാണ്" എന്നും കുറിപ്പിൽ പറയുന്നുണ്ട്.
ജൂലൈ ഏഴിന് സുഹൃത്തിനെ വിടാനായി സരായ് രോഹില്ല റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയാണ് എന്ന് പറഞ്ഞാണ് പെൺകുട്ടി റൂമിൽ നിന്ന് ഇറങ്ങിയത്. അന്ന് മുതൽ അവരെ കാണാനില്ലായിരുന്നു. വിദ്യാർഥിനിക്കായി തെരച്ചിൽ ഊർജിതമാക്കിയെങ്കിലും, കണ്ടെത്താനായിരുന്നില്ല. യമുനാ നദിക്ക് കുറുകെയുള്ള സിഗ്നേച്ചർ പാലത്തിന് സമീപം സിസിടിവി ഉണ്ടായിരുന്നെങ്കിലും, പ്രവർത്തനരഹിതമായിരുന്നതിനാൽ അതിൽ നിന്നും വിവരം കണ്ടെടുക്കാൻ സാധിച്ചിരുന്നില്ല.
മുൻ സൈനികനും, സുബേദാർ മേജറുമായിരുന്ന പ്രിതീഷ് ദേബ്നാഥിന്റെ മകളാണ് സ്നേഹ ദേബ്നാഥ്. നിലവിൽ വൃക്കരോഗിയായ അദ്ദേഹം ഡയാലിസിസിന് വിധേയനാകുകയാണ്.