"ജീവിതത്തിൽ പരാജയപ്പെട്ടത് പോലെ തോന്നുന്നു"; ഡൽഹി സർവകലാശാല വിദ്യാർഥിനിയെ കാണാതായി ഒരാഴ്ച പിന്നിടുമ്പോൾ കുറിപ്പ് കണ്ടെടുത്ത് കുടുംബം

"എനിക്ക് ഒരു പരാജയവും ഭാരവുമായ പോലെ തോന്നുന്നു, ഇതുപോലെ ജീവിക്കുന്നത് അസഹനീയമാണ്"
സ്നേഹ ദേബ്നാഥ്
സ്നേഹ ദേബ്നാഥ്Source: Facebook/ Asim Debnath
Published on

ഡൽഹി സർവകലാശാല വിദ്യാർഥിനി, സ്നേഹ ദേബ്നാഥിനെ കാണാതായി ഒരാഴ്ച പിന്നിടുമ്പോൾ പെൺകുട്ടിയുടെ കുറിപ്പ് കണ്ടെടുത്ത് കുടുംബം. കാണാതായി ഒരാഴ്ച പിന്നിടുമ്പോഴാണ് 19കാരിയുടെ മുറിയിൽ നിന്ന് കുറിപ്പ് കണ്ടെടുത്തത്.

സ്നേഹയുടെ കൈപ്പടയിൽ എഴുതിയ കുറിപ്പിൽ, സിഗ്നേച്ചർ പാലത്തിൽ നിന്ന് ചാടി തൻ്റെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചുവെന്ന് പറയുന്നുണ്ട്. "എനിക്ക് ഒരു പരാജയവും ഭാരവുമായ പോലെ തോന്നുന്നു, ഇതുപോലെ ജീവിക്കുന്നത് അസഹനീയമാണ്, ഇത് എൻ്റെ മാത്രം തീരുമാനമാണ്" എന്നും കുറിപ്പിൽ പറയുന്നുണ്ട്.

ആത്മ റാം സനാതൻ ധർമ കോളേജിലെ വിദ്യാർഥിനിയായ ത്രിപുരയിൽ നിന്നുള്ള സ്നേഹ ദേബ്നാഥ്, ഉന്നത പഠനത്തിനായാണ് ഡൽഹിയിലേക്ക് താമസം മാറിയത്. ജൂലൈ ഏഴിന് അവൾ ഒരു സുഹൃത്തിനെ വിടാനായി സരായ് രോഹില്ല റെയിൽവേ സ്റ്റേഷനിലേക്ക് പോയി. എന്നാൽ, അന്ന് മുതൽ അവരെ കാണാനില്ല. വിദ്യാർഥിനിക്കായി കുടുംബം തെരച്ചിൽ ഊർജിതമാക്കിയെങ്കിലും, കണ്ടെത്താനായില്ല. യമുനാ നദിക്ക് കുറുകെയുള്ള സിഗ്നേച്ചർ പാലത്തിന് സമീപം സിസിടിവി ഉണ്ടായിരുന്നെങ്കിലും, പ്രവർത്തനരഹിതമായിരുന്നു. വടക്കൻ ഡൽഹിയിലെ വസീറാബാദിനെ ദേശീയ തലസ്ഥാനത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം.

സ്നേഹ ദേബ്നാഥ്
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ; ട്രെയിനുകളിൽ സിസിടിവി സ്ഥാപിക്കും

സ്നേഹയുടെ കുടുംബാംഗങ്ങൾ അവളെ കണ്ടെത്തുന്നതിന് സഹായത്തിനായി അധികാരികളെ സമീപിച്ചിട്ടുണ്ട്. ത്രിപുര മുഖ്യമന്ത്രി മണിക് സാഹയുടെ ഓഫീസ് സംഭവം ശ്രദ്ധിക്കുകയും 19കാരിയെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതമാക്കാൻ സംസ്ഥാന പൊലീസിനോട് നിർദേശിക്കുകയും ചെയ്തു. സ്നേഹ ദേബ്നാഥ് ഒരു മുൻ സൈനികനും, സുബേദാർ മേജറുമായിരുന്ന പ്രിതീഷ് ദേബ്നാഥിന്റെ മകളാണ്. നിലവിൽ വൃക്കരോഗിയായ അദ്ദേഹം ഡയാലിസിസിന് വിധേയനാകുകയാണ്.

ജൂലൈ ഏഴിന് സ്നേഹ തന്റെ അമ്മയോട് സുഹൃത്തിനെ സരായ് രോഹില്ല റെയിൽവേ സ്റ്റേഷനിൽ രാവിലെ 6.45നുള്ള ട്രെയിനിൽ വിടാൻ പോകുകയാണെന്ന് പറഞ്ഞതായി കുടുംബം പ്രസ്താവനയിൽ പറഞ്ഞു. "അമ്മ അവസാനമായി അവളുമായി ബന്ധപ്പെട്ടത് പുലർച്ചെ 5.56നാണ്. രാവിലെ 8.45ന് ഞങ്ങൾ വീണ്ടും വിളിച്ചപ്പോൾ അവളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. സുഹൃത്ത് അന്ന് സ്നേഹയെ കണ്ടിട്ടില്ലെന്ന് പിന്നീട് ഞങ്ങൾ അറിഞ്ഞു. ക്യാബ് ഡ്രൈവറുമായി ബന്ധപ്പെട്ടപ്പോൾ, അവളെ റെയിൽവേ സ്റ്റേഷനിൽ ഇറക്കുന്നതിനുപകരം, ഒരു സിസിടിവി ക്യാമറ പോലും പ്രവർത്തിക്കാത്ത സിഗ്നേച്ചർ ബ്രിഡ്ജിൽ ഇറക്കിവിട്ടതായി പറഞ്ഞു" കുടുംബം പറഞ്ഞു.

സ്നേഹ ദേബ്നാഥ്
എയർ ഇന്ത്യാ വിമാനാപകടം: "മാനസിക ക്ഷമതയില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് അവർ"; പൈലറ്റ് ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന വാദം തള്ളി ഐസിപിഎ

സ്നേഹ അവസാനമായി എവിടെയായിരുന്നുവെന്ന സ്ഥലം അറിയുന്നതിനായി ചുറ്റുമുള്ള പ്രദേശം ദേശീയ ദുരന്ത നിവാരണ സേന പരിശോധിച്ചതായും പ്രസ്താവനയിൽ പറയുന്നു. "ക്രൈംബ്രാഞ്ചിന്റെ അഭ്യർഥന പ്രകാരം ജൂലൈ ഒൻപതിന് എൻ‌ഡി‌ആർ‌എഫ് ഏഴ് കിലോമീറ്റർ ചുറ്റളവിൽ തെരച്ചിൽ നടത്തി, എന്നിട്ടും സ്നേഹയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. അവളുടെ കൈവശം ഫോൺ മാത്രമേയുള്ളൂ, മറ്റൊന്നും ഉണ്ടായിരുന്നില്ല. സ്നേഹ നാല് മാസമായി പണമൊന്നും പിൻവലിച്ചിട്ടില്ല, ബാക്കിയുള്ള ചെറിയ തുക അക്കൗണ്ടിൽ മാറ്റമില്ലാതെ തുടരുന്നു" കുടുംബം പറഞ്ഞു. "ഏറ്റവും ഹൃദയഭേദകമായ കാര്യം ഇപ്പോഴും ഞങ്ങൾക്ക് ഉത്തരങ്ങളില്ല എന്നതാണ്. സ്നേഹയെ കാണാതായി 48 മണിക്കൂറിലധികം കഴിഞ്ഞാണ് എഫ്‌ഐആർ ഫയൽ ചെയ്തത്. സിഗ്നേച്ചർ ബ്രിഡ്ജിലും പരിസരത്തും സിസിടിവി ക്യാമറകൾ പ്രവർത്തനക്ഷമമായിരുന്നെങ്കിൽ, ഞങ്ങളുടെ മകൾക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാമായിരുന്നുവെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു," കുടുംബം പറഞ്ഞു.

"ഇത് സ്നേഹയെ കുറിച്ച് മാത്രമല്ല, ഈ നഗരത്തിലെ ഓരോ യുവതിയുടെയും സുരക്ഷയെയും അന്തസിനെയും കുറിച്ചാണ്. ദേശീയ തലസ്ഥാനത്ത് നിന്ന് 19 വയസുള്ള ഒരു കോളേജ് വിദ്യാർഥി അപ്രത്യക്ഷയായി, 96 മണിക്കൂറിലധികം കഴിഞ്ഞിട്ടും ഇപ്പോഴും ഒരു വിവരവുമില്ല. സ്നേഹയെ മറ്റൊരു കാണാതായ വ്യക്തിയുടെ പട്ടികയിലേക്ക് ചേർക്കാൻ അനുവദിക്കരുതെന്ന് ഞങ്ങൾ പൊതുജനങ്ങളോടും മാധ്യമങ്ങളോടും അധികാരികളോടും അഭ്യർഥിക്കുന്നു," ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സ്നേഹയെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് കുടുംബം സമൂഹമാധ്യമങ്ങളിലും മറ്റും പോസ്റ്റുകളും പങ്കുവെച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com