

ഗായകനും നടനുമായ ദില്‍ജിത്ത് ദൊസാഞ്ജിനോട് മാപ്പ് പറഞ്ഞ് കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജീത്ത് ദീപ്കെ. നീറ്റ് പരീക്ഷാ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെ ദില്‍ജിത്തിനെ പരിഹസിച്ച് ദീപ്കെ രംഗത്തെത്തിയിരുന്നു. സത്ലജ് പോലുള്ള സിനിമകളില്‍ അഭിനയിച്ചിട്ടും എന്തുകൊണ്ടാണ് നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതികരിക്കാത്തതെന്ന് ചോദിച്ചായിരുന്നു ദീപ്കെയുടെ പരിഹാസം. ഇതിനാണ് ദീപ്കെ മാപ്പ് ചോദിച്ചത്.
വെള്ളിയാഴ്ച ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വച്ച് നടന്ന തന്റെ സ്റ്റേജ് ഷോയ്ക്കിടെ ദൊസാഞ്ജ് ഈ വിഷയം സംബന്ധിച്ച് സംസാരിച്ചിരുന്നു. ദീപ്കെയെയോ സിജെപിയെയോ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു ദില്‍ജിത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് ദീപ്കെ മാപ്പ് പറഞ്ഞത്.
പഞ്ചാബികളെ പോരാടാന്‍ ആരും പഠിപ്പിക്കേണ്ടെന്ന് പറഞ്ഞ ദൊസാഞ്ജ് തന്റെ ചിത്രം സത്ലജ് എങ്ങനെ പരിഹസിക്കപ്പെട്ടുവെന്നും വേദിയില്‍ പറഞ്ഞു. ഇതിന് പിന്നാലെ തന്നെ ഒരു അനിയനായി കണ്ട് മാപ്പാക്കണം എന്നായിരുന്നു ദീപ്കെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
'എനിക്ക് എല്ലാവരെയും ഇഷ്ടമാണ്, കാരണം ഞാന്‍ ഒരു കലാകാരനാണ്. ഞാന്‍ നിശബ്ദനാവുകയാണ്. അതുകൊണ്ട് എന്നെ നിശബ്ദനായി തന്നെ ഇരിക്കാന്‍ അനുവദിക്കൂ... ഞാന്‍ നിങ്ങളെ എല്ലാവരെയും പിന്തുണയ്ക്കുന്നു. എന്ന് കരുതി പഞ്ചാബികളെ പോരാടാന്‍ പഠിപ്പിക്കരുത്, വേദിയില്‍ നിങ്ങള്‍ കളിയാക്കുന്ന ആ സിനിമയുണ്ടല്ലോ... (സത്ലജ്) , ജസ്വന്ത് സിംഗ് ഖല്റായുടെ ചിത്രം, ആ സിനിമയ്ക്ക് വേണ്ടി ഞാന്‍ ഒരുപാട് കാലം പോരാടിയിട്ടുണ്ട്. ഞാന്‍ എല്ലാവരെയും സ്നേഹിക്കുന്നു. എന്ന് കരുതി എന്നെ ആരെങ്കിലും വെറുക്കുന്നുവെങ്കില്‍ ആയിക്കോളൂ... പക്ഷെ ഞാന്‍ എല്ലാവരെയും സ്നേഹിക്കുന്നു', ദില്‍ജിത്ത് പരിപാടിയില്‍ പറഞ്ഞു.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ദില്‍ജിത്ത് ദൊസാഞ്ജിനോട് ഒരു ആരാധകന് ചോദിച്ചപ്പോള്‍, താന്‍ ഒരു കലാകാരന് മാത്രമാണ് എന്നായിരുന്നു ദില്‍ജിത്തിന്റെ മറുപടി. ഇതാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.
എന്നാല്‍ ഇതിനിടെ മറുപടിയായി താന്‍ ദില്‍ജിത്തിന്റെ ആരാധകനാണെന്നും എന്നാല്‍ അന്ന് പ്രതിഷേധിക്കുന്ന സമയത്ത് ദില്‍ജിത്തിന്റെ അതുമായി ബന്ധപ്പെട്ട പ്രതികരണം കേട്ടപ്പോള്‍ വിഷമം തോന്നിയെന്നും ദീപ്കെ പ്രതികരിച്ചു. ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് മെയില്‍ ചിക്കാഗോയില്‍ വച്ച് നടന്ന കണ്സേര്ട്ടില് പങ്കെടുത്തിരുന്നുവെന്നും അത് ദില്‍ജിത്തിന്റെ സംഗീതത്തോട് മാത്രമുള്ള സ്നേഹം കൊണ്ടല്ലെന്നും താങ്കളോടുള്ള ബഹുമാനം കൊണ്ടാണെന്നും ദീപ്കെ പ്രതികരിച്ചു. ഒരു പ്രതികരണം കൊണ്ട് നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും നശിക്കുന്നില്ലെന്നും തന്നെ ഒരു അനിയനായി കണ്ട് ക്ഷമിക്കണമെന്നും ദീപ്കെ കൂട്ടിച്ചേര്‍ത്തു.