
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, 79-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. രാജ്യതലസ്ഥാനത്തും സംസ്ഥാനങ്ങളിലെങ്ങും ആഘോഷ പരിപാടികള്‍ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി, രാജ്യത്തെ അഭിസംബോധന ചെയ്തു. സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും ജനപ്രതിനിധികളുമൊക്കെ വിവിധ ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. ഹര്‍ ഘര്‍ തിരംഗയില്‍ പങ്കാളിയായവര്‍ വീട്ടിലും സ്ഥാപനങ്ങളിലുമൊക്കെ ദേശീയ പതാകയും ഉയര്‍ത്തി. മൊത്തത്തില്‍ കളര്‍ഫുള്‍ ആഘോഷം. ദേശീയ ഐക്യം, മതേതരത്വം, ഭരണഘടന എന്നിവയെ ചേര്‍ത്തുപിടിക്കാനും, മതതീവ്രവാദത്തിനെതിരായ ചെറുത്തുനില്‍പ്പ് തുടരാനുമൊക്കെ ആഹ്വാനങ്ങളുണ്ടായി. എന്നാല്‍, സംഘപരിവാറും സംഘവും പതിവുപോലെ ചില ഒളിച്ചുകടത്തല്‍ തുടര്‍ന്നു. ജനം ഇത്തവണയും അത് കൈയ്യോടെ പിടിച്ചു. എന്നിട്ട്? വിശേഷിച്ചൊന്നുമില്ല, ഇതൊക്കെ അങ്ങനെ തുടരും.
'പ്രധാനമന്ത്രിയുടെ പ്രസംഗം മാറി'
ട്രേഡ് മാര്‍ക്കായ കുര്‍ത്തയും ഓറഞ്ച് തലപ്പാവും അണിഞ്ഞാണ് രാവിലെ പ്രധാനമന്ത്രി മോദി രാജ്ഘട്ടിലെത്തിയത്. നിറയെ പുഷ്പങ്ങള്‍ കൊണ്ട് രാജ്‌ഘട്ട് അലങ്കരിച്ചിരുന്നു. കണ്ണടച്ച്, കൈകൂപ്പി പുഷ്പങ്ങള്‍കൊണ്ട് അഞ്ജലി അര്‍പ്പിച്ചു. അന്തരീക്ഷം നിശബ്ദം. നോട്ട് ദ പോയിന്റ്: രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ സമാധിസ്ഥലമാണ് രാജ് ഘട്ട്. അവിടെനിന്ന് നേരെ ചെങ്കോട്ടയിലേക്ക്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും സഹമന്ത്രി സഞ്ജയ് സേത്തും പ്രധാനമന്ത്രിയെ സ്വീകരിച്ചു. പിന്നാലെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച് അഭിവാദ്യം ചെയ്തു. ചെങ്കോട്ടയില്‍, പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുമ്പോള്‍, എയര്‍ ഫോഴ്സിന്റെ രണ്ട് ഹെലികോപ്ടറുകള്‍ വേദിയില്‍ പുഷ്പവൃഷ്ടി നടത്തി. ത്രിവര്‍ണ പതാകയും, ഓപ്പറേഷന്‍ സിന്ദൂറിനെ പ്രതിനിധാനം ചെയ്യുന്ന പതാകയുമൊക്കെ മിന്നിമാഞ്ഞു.
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. പഹല്‍ഗാം, ഓപ്പറേഷന്‍ സിന്ദൂര്‍, പാകിസ്ഥാനെ മുട്ടുകുത്തിച്ചു, ഭീകരരെ അവരുടെ താവളത്തില്‍ ഇല്ലാതാക്കി, ഇന്ത്യന്‍ സൈനികരുടെ ധൈര്യം, ലോകവിപണിയില്‍ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്നിങ്ങനെ കുറച്ചുകാലമായി നാം കേട്ടുകൊണ്ടിരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും വീണ്ടും കേള്‍ക്കാനായി. വികസിത ഇന്ത്യ 2047 മാര്‍ഗരേഖയും, ആശയങ്ങളും പ്രഖ്യാപനങ്ങളുമൊക്കെ ഉയര്‍ന്നുകേട്ടു. ഗംഭീരമായിരുന്നു തുടക്കം. എന്നാല്‍, ഇടക്കിടെ അതിന്റെ ആകെ മൊത്തം ടോണ്‍ മാറിയപോലെ ഒരു തോന്നല്‍. ദൈവമേ, തോന്നലായിരിക്കണേ...
രാജേന്ദ്ര പ്രസാദ്, അംബേദ്കര്‍, നെഹ്റു, വല്ലഭ്‌ഭായ് പട്ടേല്‍, എസ്. രാധാകൃഷ്ണന്‍ എന്നിങ്ങനെ നേതാക്കളുടെ പേരുകള്‍ക്കും സംഭാവനയ്ക്കും പ്രത്യേക പരാമര്‍ശം ഉണ്ടായി. പ്രശംസ കൂടുതല്‍ കിട്ടിയത് ശ്യാമ പ്രസാദ് മുഖര്‍ജിക്കായിരുന്നു. 'ഭരണഘടനയ്ക്കുവേണ്ടി ത്യാഗം അനുഭവിച്ച ആദ്യ വ്യക്തി' എന്നായിരുന്നു വിശേഷണം. 125-ാം ജന്മ വാര്‍ഷിക ദിനത്തില്‍ ശ്യാമ പ്രസാദ് മുഖര്‍ജിയെ അങ്ങനെ പുകഴ്ത്തുന്നതില്‍ എന്താണിത്ര തെറ്റ്? ഒന്നുമില്ല... യൂ ക്യാരി ഓണ്‍.
ലോകത്തിലെ ഏറ്റവും വലിയ സര്‍ക്കാരിതര സംഘടനയേത്?
ആർഎസ്എസ് ലോകത്തിലെ ഏറ്റവും വലിയ സർക്കാരിതര സംഘടനയാണെന്നായിരുന്നു അടുത്തതായി വെച്ചുകാച്ചിയത്. ഇപ്പോഴെന്താ അങ്ങനെയൊരു ടോക്ക് എന്ന് ആലോചിക്കും മുന്‍പേ, തുടര്‍ന്നു. ആര്‍എസ്എസിന്റെ 100 വര്‍ഷത്തെ സേവനം സമാനതകളില്ലാത്തതാണ്. അതിന്റെ ചരിത്രത്തില്‍ അഭിമാനിക്കുന്നു.'വ്യക്തി നിർമാണത്തിലൂടെ രാഷ്ട്ര നിർമാണം' എന്ന ദൃഢനിശ്ചയത്തോടെ, സ്വയംസേവകർ രാജ്യത്തിന്റെ ക്ഷേമത്തിനായി അവരുടെ ജീവിതം സമർപ്പിച്ചു... പ്രസംഗം എഴുതിയ പേപ്പറിന്റെ മറുവശത്ത് വേറെ പ്രസംഗമോ കുറിപ്പോ ഒക്കെ വന്നുപോയതാകാനാണ് സാധ്യത. അല്ലാതെ, ഒരു ജനാധിപത്യ രാജ്യത്തെ പ്രധാനമന്ത്രി അങ്ങനെയൊന്നും പറയില്ലെന്ന് നമുക്ക് അറിയാമല്ലോ. ആര്‍എസ്‍എസിന്റെ നൂറാം വാര്‍ഷിക ആഘോഷം ഡല്‍ഹിയില്‍ ആണെങ്കിലും, അതിന് ഇനിയും 10-11 ദിവസം ബാക്കിയുണ്ട്. ഇനി എങ്ങാനും ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍... ഏയ്...
അതൊന്നുമല്ല, ഇതൊക്കെ മനപൂര്‍വമാണെന്ന് ചില ദോഷൈകദൃക്കുകള്‍ പറയുന്നുണ്ട്. മോദി-അമിത് ഷാ ഇരട്ട എഞ്ചിന്‍ ആര്‍എസ്എസ് ഡ്രൈവര്‍ക്ക് വഴങ്ങുന്നില്ലെന്നാണ് ഇത്തരക്കാര്‍ ചുമ്മാ പറഞ്ഞുണ്ടാക്കുന്നത്. പ്രധാനമന്ത്രിയായ മോദി, വിദേശ യാത്രയുടെ തിരക്കിലായതിനാല്‍ ഈ വര്‍ഷം മാത്രമാണ് ആര്‍എസ്എസ് ആസ്ഥാനത്ത് എത്താന്‍ സാധിച്ചതെന്ന് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്. 75 ആയാല്‍ പദവി ഒഴിയണമെന്ന് മോഹന്‍ ഭഗവത് പറഞ്ഞത് ഒന്നു രണ്ട് മാസം മുമ്പാണ്. സെപ്റ്റംബറില്‍ 75 തികയുന്ന മോദിയെ ഉദ്ദേശിച്ചാണ് ഭഗവത് അന്നേ അങ്ങനെ പറഞ്ഞതെന്നും ചിലര്‍ പാടി നടക്കുന്നുണ്ട്. അതുകൊണ്ട് ലോകം കേള്‍ക്കെ ആര്‍എസ്എസിനെ ഒന്ന് പുകഴ്ത്തിയേക്കാമെന്ന് സ്വയം സേവകന്‍ കരുതിയിട്ടുണ്ടാകുമെന്ന് ചില കുബുദ്ധികളും മൊഴിഞ്ഞിട്ടുണ്ട്. മോദിയെ പറഞ്ഞുപറ്റിച്ച 'പ്രണ്ടിനെ' കഴിഞ്ഞദിവസം ഓര്‍ഗനൈസറിലിട്ട് ആര്‍എസ്എസ് കുടഞ്ഞതുമാണല്ലോ... ഒരു പാലമിട്ടാല്‍...
സ്വാതന്ത്ര്യം എന്ന് പറയുന്ന ഇടത്തേക്കു കൂടി ആര്‍എസ്എസ് പോയിട്ടില്ലെന്ന കാര്യം പകല്‍ പോലെ നാട്ടാര്‍ക്ക് അറിയാവുന്നതാണല്ലോ. വലിയ ദേശീയവാദികളാണെന്ന് പറഞ്ഞു നടക്കുമെന്നേയുള്ളൂ, അതിന്റെ പിന്നാമ്പുറം ചികഞ്ഞ് ചരിത്രം പരതിയാല്‍, അത് ചില നേതാക്കളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തിരയും പോലെ ആയിരിക്കും. നോ ഫലം. 1925ല്‍ കെ.ബി. ഹെഡ്ഗെവാര്‍ രൂപംകൊടുത്ത പ്രസ്ഥാനമാണ് ആര്‍എസ്എസ്. ആ കുടുംബത്തിലാണ് ബിജെപിയുടെ പിറവി. അന്നു മുതല്‍ സ്വാതന്ത്ര്യം ലഭിച്ച 1947 വരെ ഏതെങ്കിലും പാര്‍ട്ടിയുമായോ, സംഘടനയുമായോ ചേര്‍ന്നോ സ്വന്തം നിലയിലോ ഏതെങ്കിലും സ്വാതന്ത്ര്യ പോരാട്ടത്തില്‍ പങ്കെടുത്തിട്ടില്ല. 1998ല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വരുന്നതുവരെ ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ പോലും തയ്യാറായിട്ടില്ല. അപ്പോള്‍ ചിലര്‍ക്കൊരു സംശയം തോന്നും. ഇന്ത്യന്‍ ദേശീയതയെയാണോ ഹിന്ദു ദേശീയതയെയാണോ ആര്‍എസ്എസ് ചേര്‍ത്തുപിടിച്ചിരുന്നത്? മാറി നില്‍ക്ക്... നിങ്ങള്‍ ആരോടാണ്, എന്താണ് സംസാരിക്കുന്നതെന്ന് അറിയണം... ഹും...
ഇതൊക്കെ കണ്ടും കേട്ടും ഇരിക്കുമ്പോഴാണ്, തൃശൂരരങ്ങെടുത്ത നമ്മുടെ സ്വന്തം കേന്ദ്ര മന്ത്രിയുടെ മന്ത്രാലയം വക സ്വാതന്ത്ര്യദിന പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ടത്. കുറ്റം പറയരുതല്ലോ, ഗാന്ധിജി, ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ് എന്നിവരൊക്കെയുണ്ട്. കൂടെ വി.ഡി. സവര്‍ക്കറും. ഒപ്പമാണോ എന്ന് ചോദിച്ചാല്‍, ഗാന്ധിക്കും മുകളിലായി സവര്‍ക്കര്‍ എന്നതാണ് ശരി. നെഹ്റുവിനെ പണ്ടേ ഞങ്ങള്‍ക്ക് പിടിക്കില്ല... ഇന്ത്യയെ ഇങ്ങനെ ആക്കിയത് തന്നെ നെഹ്റുവാണല്ലോ. അതുകൊണ്ട് ഉള്‍പ്പെടുത്തിയിട്ടില്ല. പിന്നെയുള്ളത് നാഥുറാം ഗോഡ്സെ എന്ന പാവപ്പെട്ട നേതാവാണ്. ഇക്കുറിയും പുള്ളിയെ എല്ലാവരും മറന്നു. അടുത്ത തവണ എങ്ങനെയെങ്കിലും ഉള്‍പ്പെടുത്തണമെന്ന വികാരം ശക്തമാണ്. അപ്പോള്‍ ഗാന്ധി? ആ എന്തെങ്കിലും ചെയ്യാമല്ലോ...
സവര്‍ക്കര്‍ സ്വാതന്ത്ര്യപ്പോരാളിയാണോ?
അതിനിടെ, ചില ദോഷൈകദൃക്കുകള്‍ സവര്‍ക്കര്‍ സ്വാതന്ത്ര്യപ്പോരാളിയാണോ എന്നൊക്കെ ചോദിക്കുന്നുണ്ട്. ഒരു കഥ പറയാം. പണ്ട്.. പണ്ട്... പണ്ടെന്നു പറഞ്ഞാല്‍, 1947ല്‍ തന്നെ. സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്ന് ഉറപ്പായപ്പോള്‍ ഒരു സംഘടന അടിയന്തര യോഗം വിളിച്ചു. സ്വാതന്ത്ര്യദിനം ബഹിഷ്കരിച്ച് പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ സംഘടന തീരുമാനിച്ചു. 1947 ഓഗസ്റ്റ് ഒന്‍പതിന് യോഗം ചേര്‍ന്നത് അഖിലേന്ത്യ ഹിന്ദു മഹാസഭയുടെ പ്രവര്‍ത്തക സമിതിയായിരുന്നു. ഓഗസ്റ്റ് 15ലെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളോട് സഭ എങ്ങനെ പ്രതികരിക്കണം എന്നതായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. ആഘോഷങ്ങള്‍ ബഹിഷ്കരിക്കാനും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാനുമായിരുന്നു യോഗത്തിന്റെ തീരുമാനം.
അതില്‍ പങ്കെടുത്തയാളാണ് പെട്രോളിയം മന്ത്രാലയത്തിന്റെ പോസ്റ്ററില്‍ തൊപ്പിയും വെച്ചിരിക്കുന്നത്. അതെ, സ്വയം വീരനെന്ന് വിശേഷിപ്പിച്ച സവര്‍ക്കര്‍. ത്രിവര്‍ണ പതാകയ്ക്ക് പകരം ഭഗവത് ദ്വജം, മനസിലായില്ലേ... കാവിക്കൊടി അതായിരിക്കണം ദേശീയ പതാകയെന്ന് ആവശ്യപ്പെട്ട യോഗത്തിന്റെ അധ്യക്ഷനും മറ്റാരുമായിരുന്നില്ല. ഇതേ, സവര്‍ക്കര്‍ ആയിരുന്നു. ആ ദേഹമാണ് ഇന്ന് ദേശീയ പതാകയുടെ ബാക്ക് ഡ്രോപ്പില്‍ ഗാന്ധിക്കും മുകളിലായി ഇടം പിടിച്ചിരിക്കുന്നത്.
ഒരൊറ്റ കാര്യം കൂടി പറഞ്ഞ് ഈ സ്വാതന്ത്ര്യദിന വൃത്താന്തം അവസാനിപ്പിക്കാം. 2001 ജനുവരി 26ന്, നാഗ്‌പൂരില്‍, ആര്‍എസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ച മൂന്ന് യുവാക്കളെ കൈകാര്യം ചെയ്ത് ജയിലില്‍ അടപ്പിച്ചവരാണ് ഇന്ന് ഹര്‍ ഘര്‍ തിരംഗയുമായി നാട് നിരങ്ങി പുളകം കൊള്ളുന്നത്. ഇന്നിപ്പോള്‍, സ്വാതന്ത്ര്യ ദിന ആഘോഷത്തിനു മുന്‍പായി ഒരു വിഭജന ഭീതി ദിനാചരണം കൂടി വന്നിട്ടുണ്ട്. ആഘോഷങ്ങളിലേക്ക് മാത്രമായി ഒതുങ്ങാന്‍ അവര്‍ ഒരുക്കമല്ലെന്നതിന്റെ സൂചനയാണത്. ചില കുത്തിനോവിക്കലുകളും, ഒളിച്ചുകടത്തലുമൊക്കെ ഇല്ലാതെ ഇത്തരക്കാര്‍ക്ക് ഒരു ആഘോഷവും പൂര്‍ണമാകില്ല. അതാണ് ചരിത്രം.