

മുംബൈ: മുംബൈ-അഹമ്മദാബാദ് റൂട്ടിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർണായകമായ പരീക്ഷണ ഓട്ടം 2027 മെയ്-ജൂൺ മാസങ്ങളിൽ നടക്കും. ഈ സർവീസ് യാഥാർത്ഥ്യമാകുന്നതോടെ മുംബൈയിൽ നിന്നും അഹമ്മദാബാദിലേക്കുള്ള യാത്രാസമയം വെറും 90 മിനിറ്റായി (1.5 മണിക്കൂർ) കുറയും.
ഗുജറാത്തിലെ സൂററ്റ് - ബിലിമോറ റൂട്ടിലാണ് ആദ്യ പരീക്ഷണ ഓട്ടം നടക്കുക. മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിലാണ് ബുള്ളറ്റ് ട്രെയിൻ കുതിക്കുക. നിലവിൽ ട്രെയിൻ മാർഗ്ഗം 6 മുതൽ 9 മണിക്കൂർ വരെ എടുക്കുന്ന ദൂരം, ബുള്ളറ്റ് ട്രെയിൻ വരുന്നതോടെ സ്റ്റോപ്പുകളില്ലാതെ 90 മിനിറ്റ് കൊണ്ടും, എല്ലാ സ്റ്റേഷനുകളിലും നിർത്തിയാൽ 2 മണിക്കൂർ 45 മിനിറ്റ് കൊണ്ടും എത്തിച്ചേരാനാകും.
ആകെ 508 കിലോമീറ്റർ ദൂരത്തിലാണ് ഈ ഹൈസ്പീഡ് പാത നിർമ്മിക്കുന്നത്. മുംബൈ, താനെ, വിരാർ, ബോയിസർ, വാപി, ബിലിമോറ, സൂററ്റ്, ഭറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നിങ്ങനെ 12 സ്റ്റേഷനുകൾ ഉണ്ടാകും. ഭാരതീയ റെയിൽവേയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാഴികക്കല്ലാകാൻ പോകുന്ന ഈ പദ്ധതി ജപ്പാൻ്റെ ഷിൻകാൻസെൻ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് നടപ്പിലാക്കുന്നത്.