

പട്ന: മുൻ ബിഹാർ എംഎൽഎയും വരാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ജെഡിയു സ്ഥാനാർഥിയുമായ ആനന്ദ് സിങ് ജൻ സുരാജ് അനുകൂലി ദുലാർ ചന്ദ് യാദവിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞായറാഴ്ച പുലർച്ചെ അറസ്റ്റിലായി.
മുമ്പ് രാഷ്ട്രീയ ജനതാദളുമായി (ആർജെഡി) ബന്ധമുണ്ടായിരുന്ന ഗുണ്ടാനേതാവായിരുന്നു ദുലാർ ചന്ദ് യാദവ്. മൊകാമയിൽ പ്രശാന്ത് കിഷോറിൻ്റെ ജൻ സുരാജ് പാർട്ടിയ്ക്ക് വേണ്ടി മത്സരിക്കുന്ന അനന്തരവനായ പ്രിയദർശി പിയൂഷിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് വ്യാഴാഴ്ച ഇയാൾ കൊല്ലപ്പെട്ടത്.
ഹൃദയത്തിനും ശ്വാസകോശത്തിനുമേറ്റ ആഴമുള്ള മുറിവിനെ തുടർന്നുണ്ടായ ഹൃദയാഘാതം മൂലമാണ് യാദവ് മരിച്ചതെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൊകാമയിൽ നിന്നുള്ള ജെഡിയു സ്ഥാനാർഥിയും സിറ്റിംഗ് എംഎൽഎ നീലം ദേവിയുടെ ഭർത്താവുമായ ആനന്ദ് സിങ്, സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന മണികാന്ത് താക്കൂർ, രഞ്ജിത് റാം എന്നീ രണ്ട് പേരുമാണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്.
അതേസമയം, സംഭവം നടന്ന സ്ഥലത്തു നിന്നും താൻ വളരെ അകലെ ആയിരുന്നുവെന്നാണ് ആനന്ദ് സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. യാദവിൻ്റെ ആളുകൾ തങ്ങളുടെ ആളുകളുടെ കുറേ വാഹനങ്ങൾ നശിപ്പിച്ചതായി തൻ്റെ ആളുകൾ പരാതി പറഞ്ഞിരുന്നതായും ആനന്ദ് വെളിപ്പെടുത്തി. മൊകാമയിലെ ആർജെഡി സ്ഥാനാർഥിയായ വീണാ ദേവിയുടെ ഭർത്താവിന് ഇതിൽ പങ്കുണ്ടാകാമെന്നും ആനന്ദ് കുറ്റപ്പെടുത്തി.
2020 ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡി സ്ഥാനാർഥിയായി വിജയിച്ച ആനന്ദ് ആയുധ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് പിന്നീട് അയോഗ്യനാക്കപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ ഭാര്യ നീലം ദേവി ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയായിരുന്നു.
നവംബർ 6 നും 11 നും രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ വോട്ടെടുപ്പ് നടക്കുക. നവംബർ 14നാണ് വോട്ടെണ്ണൽ