യുപിയിലെ മൊറാദാബാദിൽ വിവാഹചടങ്ങുകളിൽ വിചിത്ര ഉത്തരവുമായി പൊലീസ്. മുസ്ലിങ്ങൾ നടത്തുന്ന വിവാഹ ബാൻഡ് സെറ്റുകൾക്ക് ഹിന്ദു പേരിടരുതെന്ന് മൊറാദാബാദ് പൊലീസ് നിർദേശിച്ചു. മുസ്ലിങ്ങളുടെ ഹിന്ദു പേരുള്ള വിവാഹ ബാൻഡുകൾ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതിയിലാണ് യുപി പൊലീസ് ഇടപെടൽ.
ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പോർട്ടലിൽ ലഭിച്ച പരാതിയെ തുടർന്നാണ് മൊറാദാബാദ് ജില്ലാ പൊലീസ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. മുസ്ലിം വിവാഹ ബാൻഡ് നടത്തിപ്പുകാർ ഹിന്ദു ദൈവങ്ങളുടെ പേരുപയോഗിച്ച് ബിസിനസ് നടത്തുന്നുവെന്ന് കാണിച്ച ഷാബി ശർമ്മ എന്ന അഭിഭാഷകനാണ് ജൂലൈ 9 ന് പരാതി നൽകിയത്.
ചൊവ്വാഴ്ച ജില്ലയിലെ മുസ്ലിം ബാൻഡ് ഓപ്പറേറ്റർമാരെ വിളിച്ചുവരുത്തി അവരുടെ കമ്പനികളുടെ ഹിന്ദു പേരുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതായി മൊറാദാബാദ് സിറ്റി പൊലീസ് സൂപ്രണ്ട് രൺവിജയ് സിംഗ് പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസും ഹിന്ദി പത്രമായ അമർ ഉജാലയുമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. പേരുകൾ നീക്കം ചെയ്യാമെന്ന് വെഡിങ് ബാൻഡുകൾ സമ്മതിച്ചായി എസ് പി പറഞ്ഞതായാണ് റിപ്പോർട്ട്.
മൊറാദാബാദിലെ വിവാഹ ചടങ്ങുകൾക്ക് സജ്ജീകരണങ്ങൾ ഒരുക്കുന്ന മിക്ക ബിസിനസുകാരും മുസ്ലിങ്ങളാണ്. 20 മുസ്ലിം വിവാഹ ബാൻഡ് ഓപ്പറേറ്റർമാരിൽ 15 ഉം ഹിന്ദു പേരുകളാണ് ഉപയോഗിക്കുന്നത് എന്നാണ് പരാതി. ശിവതീർത്ഥാടകരുടെ കാവഡ് യാത്ര പോകുന്ന വഴിയിലെ ഭക്ഷണശാലകളിൽ ഉടമകളുടെ ഐഡന്റിറ്റി പ്രദർശിപ്പിക്കണമെന്ന യുപി, ഉത്തരാഖണ്ഡ് സർക്കാർ നിർദേശം നേരത്തെ വിവാദമായിരുന്നു.
2024 ൽ പുറപ്പെടുവിച്ച ഈ നിർദേശത്തിനെതിരെ ഹർജികൾ വന്നെങ്കിലും പ്രാദേശിക കോടതികൾ പരിഗണിക്കാൻ വിസമ്മതിച്ചു. പിന്നീട് 2024 ജൂലൈയിൽ സുപ്രിംകോടതി ഇത്തരം ബോർഡുകൾ പ്രദർശിപ്പിക്കേണ്ടതില്ലെന്നും അത് വിവേചനപരമെന്നും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.