

ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപദി മുർമുവും ചേർന്ന് ഒഡീഷയിൽ 47,600 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ഒഡീഷയിലെ ബിജെപി സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് മോദി സന്ദർശനം നടത്തിയത്.
മയൂർഭഞ്ച് ജില്ലയിലെ പഹാദ്പൂർ ഹെലിപാഡിൽ എത്തിയ പ്രധാനമന്ത്രിയെ ഒഡീഷ ഗവർണർ ഹരി ബാബു കമ്പംപതിയും മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും ചേർന്ന് സ്വീകരിച്ചു. തുടർന്ന് രാഷ്ട്രപതിയുടെ ഭർതൃഗൃഹമായ ഗ്രാമം സന്ദർശിച്ചാണ് മോദി പരിപാടികളിൽ പങ്കെടുത്തത്. 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വികസനം കിഴക്കൻ ഇന്ത്യയിൽ നിന്ന് കരുത്താർജിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജി-7 ഉച്ചകോടിക്ക് ശേഷം അമേരിക്ക സന്ദർശിക്കാൻ ട്രംപിൻ്റെ ക്ഷണമുണ്ടായിരുന്നു. എന്നാൽ ഭഗവാൻ ജഗന്നാഥൻ്റെ പുണ്യഭൂമി സന്ദർശിക്കേണ്ടതിനാൽ ആ ക്ഷണം നിരസിച്ചുവെന്ന് മോദി പറഞ്ഞു. ഒഡീഷയിലെ റോഡ്, റെയിൽ, വ്യോമ ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി കേന്ദ്രം ആയിരക്കണക്കിന് കോടി രൂപ നിക്ഷേപിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഒഡീഷയെ ഒരു പ്രധാന വ്യാവസായിക സംസ്ഥാനമാക്കി മാറ്റാനാണ് കേന്ദ്രം ഉദേശിക്കുന്നത്. ഇതിനുള്ള വികസന പദ്ധതികളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഒഡീഷയുടെ പെട്രോളിയം, പെട്രോകെമിക്കൽ മേഖലകളിൽ ഏകദേശം 1.5 ലക്ഷം കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു. ബൗധ് ജില്ലയെ ദേശീയ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പുതിയ ട്രെയിൻ സർവീസുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
പ്രമുഖ ഒഡിയക്കാരുടെ സംഭാവനയ്ക്കുള്ള ആദരസൂചകമായി, ബാരപുത്ര ഐതിഹ്യ ഗ്രാം യോജന എന്ന സംരംഭത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു. സംസ്ഥാനത്തുടനീളം നേട്ടം കൈവരിച്ച വനിതകളെ പ്രധാനമന്ത്രി ആദരിച്ചു.