

മുംബൈ: വിമത എംപിമാർക്ക് അന്ത്യശാസനവുമായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പാർട്ടിയുമായി ചേർന്ന് പോകുന്നില്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം. അല്ലെങ്കിൽ പുറത്തേക്ക് പോകണമെന്നാണ് താക്കറെയുടെ നിലപാട്.
അല്ലെങ്കിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത നേരിടേണ്ടി വരുമെന്നും ശിവസേന മുന്നറിയിപ്പ് നൽകി. വിമത എംപിമാർ ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ഭരണ കക്ഷിയായ ശിവസേനയിൽ ചേരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു.
സ്വമേധയാ പാർട്ടി അംഗത്വം ഉപേക്ഷിക്കുന്നതായി കണക്കാക്കുമെന്ന് നോട്ടീസിൽ പറയുന്നു. കൂറുമാറ്റത്തിൻ്റെ പേരിൽ അയോഗ്യത കൈകാര്യം ചെയ്യുന്ന ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം നടപടിയെടുക്കും. സഭയിലെ പാർട്ടി ചീഫ് വിപ്പ് അനിൽ ദേശായി ഇന്ന് എംപിമാരിൽ നിന്ന് അവരുടെ അഭാവത്തിന് രേഖാമൂലമുള്ള വിശദീകരണം തേടിയതായാണ് വിവരം.
വ്യാഴാഴ്ച ഡൽഹിയിൽ ചേർന്ന പാർലമെൻ്ററി പാർട്ടി യോഗത്തിൽ നിന്ന് ആറ് എംപിമാർ വിട്ട് നിന്നിരുന്നു. നാഗേഷ് ആഷ്ടിക്കർ, സഞ്ജയ് ജാദവ്, സഞ്ജയ് ദേശ്മുഖ്, സഞ്ജയ് ദിന പാട്ടീൽ, ഓംപ്രകാശ് രാജേണിംബാൽക്കർ, ഭൗസാഹേബ് വാക്ചൗരെ എന്നിവരാണ് യോഗം ബഹിഷ്കരിച്ചത്.
അതേസമയം പാർട്ടിക്ക് തന്നിൽ വിശ്വാസമില്ലെങ്കിൽ താൻ സ്ഥാനം രാജിവയ്ക്കാൻ തയ്യാറാണെന്ന് ശിവസേന മേധാവി ഉദ്ധവ് താക്കറെ പറഞ്ഞു. പാർട്ടി അണികളിൽ നിന്നുള്ള ഒരാൾ അടുത്ത ശിവസേന പ്രസിഡൻ്റായാൽ താൻ സന്തോഷിക്കും. പക്ഷേ അത് കള്ളന്മാരുടെ കൈകളിലേക്ക് പോകാൻ അനുവദിക്കില്ലെന്നും വികാരഭരിതനായി താക്കറെ വ്യക്തമാക്കി.