തനിക്കും അമ്മയ്ക്കുമെതിരായ എഐ വീഡിയോയിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താനൊരു ശിവഭക്തനാണെന്നും അധിക്ഷേപത്തിൻ്റെ കാളകൂടവിഷം അകത്താക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അസം ദാരംഗിലെ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.
"കോൺഗ്രസ് എന്നെ ലക്ഷ്യമിട്ടുകൊണ്ട് പ്രവർത്തിക്കുന്നു. എന്നിട്ട് പറയുന്നു മോദി കരഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന്. ജനങ്ങളാണ് എൻ്റെ ദൈവം. എന്റെ വേദന അവരുടെ മുമ്പാകെ പറഞ്ഞില്ലെങ്കിൽ ഞാൻ എവിടെയാണ് അത് ചെയ്യുക? അവരാണ് എൻ്റെ എല്ലാം. എനിക്ക് വേറൊരു റിമോട്ട് കൺട്രോളും ഇല്ല," മോദി അസമിൽ പറഞ്ഞു.
അസമിൽ 18,530 കോടിയുടെ വികസന പദ്ധതികളുടെ ആരംഭ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തി. ഗുവാഹത്തി റിംഗ് റോഡ് പദ്ധതിയും നരേംഗി-കുറുവ പാലവും ദാരംഗ് മെഡിക്കൽ കോളേജും പദ്ധതികളുടെ ഭാഗമാണ്. വിഖ്യാത സംഗീതജ്ഞൻ ഭൂപൻ ഹസാരികയുടെ ജന്മശതാബ്ദി ആഘോഷവും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു.
അസമിലെ കാംരൂപ് - ദാരംഗ് ജില്ലകളെയും മേഖലയിലെ റിഭോയിയേയും ബന്ധിപ്പിക്കുന്ന ഗുവാഹത്തി റിംഗ് റോഡ് പദ്ധതിയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചു. 118.5 കിലോമീറ്റർ നീളമുള്ളതാണ് ഗുവാഹത്തി റിംഗ് റോഡ് പദ്ധതി. ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള നരേംഗി-കുറുവ പാലത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഗോലാഘട്ടിലെ അസം ബയോ എത്തനോൾ പ്രൈവറ്റ് ലിമിറ്റഡ്, നുമലിഗഡ് റിഫൈനറി പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനവും പുതിയ പോളിപ്രൊപ്പിലീൻ പ്ലാന്റിന് തറക്കല്ലിടൽ അടക്കമുള്ള പദ്ധതികൾക്കും പ്രധാനമന്ത്രി ഔപചാരിക തുടക്കം നൽകി.
ദാരംഗിൽ 6,300 കോടിയുടേതാണ് പദ്ധതി. മംഗൽദായ് പട്ടണത്തിലെ ദാരംഗ് മെഡിക്കൽ കോളേജും ഒരു നഴ്‌സിംഗ് കോളേജും ജിഎൻഎം സ്‌കൂളും പദ്ധതിയുടെ ഭാഗമാണ്. ദാരംഗിലെ പൊതുസമ്മേളനത്തിൽ മോദി സംസാരിച്ചു. ഗോലാഘട്ടിലെ റിഫൈനറി ലിമിറ്റഡിലെ അസം ബയോഎഥനോൾ പ്ലാന്റും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മോദി പറഞ്ഞു. അസമിനിത് അവിസ്മരണീയ നിമിഷമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
ഗുവാഹത്തിയിൽ ഭുപൻ ഹസാരികയുടെ ജന്മശതാബ്ദി ആഘോഷ ചടങ്ങും നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഭൂപൻ ഹസാരികയ്ക്ക് ചിത്രത്തിന് മുന്നിൽ പുഷ്പമർപ്പിച്ച ശേഷമായിരുന്നു പ്രസംഗം. വടക്കുകിഴക്കൻ മേഖല അക്രമത്തിന്റെയും വിഘടനവാദത്തിന്റെയും തീയിൽ എരിഞ്ഞപ്പോൾ ഇന്ത്യയുടെ ഐക്യത്തിന് വേണ്ടി ശബ്ദമുയർത്തിയ മഹാനായ സംഗീതകാരനാണ് ഭുപൻദാ എന്നായിരുന്നു മോദിയുടെ വാക്കുകൾ.
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. പാക് തീവ്രവാദത്തിന് രാജ്യം മറുപടി നൽകി, ഇന്ത്യയുടെ ശാക്തിക പ്രതിധ്വനി ലോകമെമ്പാടും എത്തി. ഇന്ത്യയുടെ ശത്രു ഒരു കോണിലും സുരക്ഷിതനായിരിക്കില്ല എന്ന് തെളിയിച്ചുവെന്നും മോദി പറഞ്ഞു.