"അവർക്ക് പശു മൃഗമല്ല"; തെരുവുനായ്ക്കൾക്ക് വേണ്ടിയുള്ള പ്രതിഷേധം ചൂണ്ടിക്കാട്ടി മൃഗസ്നേഹികളെ പരിഹസിച്ച് മോദി
ഡൽഹി: മൃഗസ്നേഹികൾക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരുവുനായ്ക്കൾക്ക് വേണ്ടിയുള്ള പ്രതിഷേധം ചൂണ്ടിക്കാട്ടിയാണ് വിജ്ഞാൻ ഭവനിൽ പ്രധാനമന്ത്രി ഇത്തരമൊരു പരാമർശം നടത്തിയത്.
"അടുത്തിടെ, ഞാൻ ചില മൃഗസ്‌നേഹികളെ കണ്ടുമുട്ടി. നമ്മുടെ നാട്ടിൽ അത്തരത്തിലുള്ള ധാരാളം ആളുകളുണ്ട്. ഏറ്റവും പ്രത്യേകതയുള്ള കാര്യം, അവരിൽ ഭൂരിഭാഗവും പശുവിനെ ഒരു മൃഗമായി കണക്കാക്കുന്നില്ല എന്നതാണ്" ഇങ്ങനെയായിരുന്നു മോദിയുടെ പരിഹാസം. കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിയുടെ ഈ പരാമർശത്തിന് പിന്നാലെ ചിരിക്കുയും ചെയ്തു. ഡൽഹിയിലെ തെരുവുകളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്ത് ഷെൽട്ടറുകളിൽ ആക്കണമെന്ന സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയുണ്ടായ തീവ്രമായ ചർച്ചകളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
പ്രധാനമന്ത്രി പലപ്പോഴും പശുക്കളുമായി അടുത്ത് ഇടപഴകുന്ന ചിത്രങ്ങൾ വൈറലാകാറുണ്ട്. ഉത്സവങ്ങളിൽ അദ്ദേഹം പശുക്കൾക്ക് ഭക്ഷണം നൽകുകയും ലാളിക്കുകയും ചെയ്യുന്നതിന്റെ ചിത്രങ്ങളും സമീപ വർഷങ്ങളിൽ വൈറലായിരുന്നു. കൂടാതെ ഹിന്ദുമത വിശ്വാസികൾ പശുക്കളെ പവിത്രമായി കണക്കാക്കുകയും 'ഗോ മാത' എന്ന പേരിൽ ആരാധിക്കുകയും ചെയ്യുന്നുണ്ട്. 2019ൽ രാഷ്ട്രീയ കാമധേനു ആയോഗ് (ആർകെഎ) സ്ഥാപിച്ചതുൾപ്പെടെ 2014 മുതൽ മോദി സർക്കാർ ഗോസംരക്ഷണത്തിനായി നിരവധി സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്.