ഫീല്‍ഡില്‍ സ്റ്റിക്ക് കൊണ്ട് മായാജാലം തീര്‍ത്ത സുവർണതാരം; ധ്യാൻ ചന്ദിൻ്റെ ഓർമയിൽ ഇന്ന് ദേശീയ കായികദിനം
ഹോക്കി മാന്ത്രികൻ മേജര്‍ ധ്യാൻ ചന്ദിൻ്റെ ജന്മവാർഷിക സ്മരണയിൽ രാജ്യം ഇന്ന് ദേശീയ കായികദിനം ആഷോഷിക്കുകയാണ്. ധ്യാൻ ചന്ദിൻ്റെ 120ആം ജന്മവാർഷികമാണ് ഇന്ന്. 2012 മുതലാണ് രാജ്യം ധ്യാൻ ചന്ദിൻ്റെ ജന്മവാർഷികം ദേശീയ കായിക ദിനം ആഘോഷിച്ച് തുടങ്ങുന്നത്. കായികരംഗത്തെ അദ്ദേഹത്തിന്റെ വിലമതിക്കാനാകാത്ത സംഭാവനകൾ മാനിച്ചാണ് വരും തലമുറകൾക്ക് പ്രചോദനമാകുക എന്ന ലക്ഷ്യത്തോടെ ധ്യാൻ ചന്ദിൻ്റെ ജന്മദിനം കായികദിനമായി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ കായിക പാരമ്പര്യം ആഘോഷിക്കാനും കായിക പ്രതിഭകളെ ആചരിക്കാനുമാണ് ഓഗസ്റ്റ് 29 ദേശീയ കായിക ദിനമായി ആചരിക്കുന്നത്.
ഒളിമ്പിക്സിൽ ഇന്ത്യക്ക് മൂന്ന് ഹോക്കി സ്വർണമെഡലുകൾ നേടിത്തന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് ധ്യാൻ ചന്ദ്. ധ്യാൻ ചന്ദിൻ്റെ കാലത്ത് 1928, 1932, 1936 ഒളിമ്പിക്സുകളിൽ ഇന്ത്യ തുടർച്ചയായി മൂന്ന് തവണ സ്വർണമെഡൽ നേടിയിരുന്നു. അദ്ദേഹത്തിൻ്റെ ഒറ്റയാൾ പ്രകടനമായിരുന്നു ഈ സ്വർണമെഡലുകൾ രാജ്യം വാരിക്കൂട്ടിയതിന് പിന്നിലെല്ലാം.
കുട്ടിക്കാലം തൊട്ടേ ഹോക്കി ഏറെ ഇഷ്ടപ്പെട്ടിരുന്ന ധ്യാൻ ചന്ദ് ടീമിലുണ്ടായിരുന്ന കാലമാണ് ഹോക്കിയിൽ ഇന്ത്യയുടെ സുവർണകാലഘട്ടമായി അറിയപ്പെടുന്നത്. കളിയിലെ മികവ് കൊണ്ട് അദ്ദേഹം എക്കാലത്തെയും മികച്ച ഹോക്കിതാരമായി മാറി. രണ്ട് പതിറ്റാണ്ടോളം കളിക്കളത്തിലെ സജിവസാന്നിധ്യമായിരുന്ന ധ്യാൻചന്ദ് അന്താരാഷ്ട്ര കരിയറിൽ 400ലധികം ഗോളുകൾ നേടിയിട്ടുണ്ട്. അതിനാൽ തന്നെ ഇന്ത്യയുടെ ഹോക്കി മാന്ത്രികൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 1948ലാണ് അദ്ദേഹം അവസാനമായി രാജ്യത്തിന് വേണ്ടി കളിച്ചത്.
1905 ആഗസ്ത് 29ന് അലഹാബാദിൽ ഒരു ആർമി ഉദ്യോഗസ്ഥൻെറ മകനായാണ് ധ്യാൻചന്ദിൻെറ ജനനം. 1979 ഡിസംബർ മൂന്നിനാണ് അദ്ദേഹത്തിൻെറ മരണം. രാജ്യം പരമോന്നത ബഹുമതിയായ ഭാരത് രത്ന, പത്മ ഭൂഷൺ ബഹുമതികൾ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.