

ഗോവ: സിനിമാ നിർമാണത്തിൻ്റെ എല്ലാ ഘട്ടങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്ന പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനം അവതരിപ്പിച്ചു. ഗോവയിൽ നടന്ന 57ാമത് അന്താരാഷ്ട്ര ചലചിത്രമേളയിലാണ് (IFFI 2026) കൺസ്യൂമർ എഐ വിനോദ കമ്പിനിയായ എലോഎലോ ഗ്രൂപ്പ് തങ്ങളുടെ പുതിയ സംരംഭമായ ഡോൾഫിൻ എഐ ഫിലിം സ്റ്റുഡിയോ പുറത്തിറക്കിയത്. വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ചഞ്ചൽ കുമാറിൻ്റെ സാന്നിധ്യത്തിലായിരുന്നു പ്ലാറ്റ്‌ഫോമിൻ്റെ പ്രകാശനം.
ചലചിത്ര പ്രവർത്തകർ, പ്രോഡക്ഷൻ ഹൗസുകൾ, സ്റ്റുഡിയോകൾ, സ്വതന്ത്ര കലാകാരൻമാർ എന്നിവർക്കെല്ലാം പ്രയോജനമാകുന്ന രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. തിരക്കഥ വികസിപ്പിക്കുന്നത് മുതൽ രംഗങ്ങൾ ദൃശ്യവൽക്കരിക്കാനും എഡിറ്റിങ്ങ് ഉൾപ്പടെ നിർവ്വഹിച്ച് പൂർണ രൂപത്തിലുള്ള വിഡിയോ പുറത്തിറക്കാൻ ഈ ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ സാധിക്കുന്നു. പരമ്പരാഗത സിനിമാ നിർമ്മാണത്തിലെ സമയനഷ്ടവും ഭാരിച്ച ചെലവും കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
മൈക്രോ ഡ്രാമ,വെബ് സീരിസ്, ഷോർട്ട് ഫിലിം, ഡോക്യുമെൻ്ററീസ്, പരസ്യചിത്രങ്ങൾ, ഫീച്ചർ ഫിലിം തുടങ്ങി വിവിധ മേഖലകളിലുള്ളവർക്ക് ഇത് ഉപയോഗിക്കാം. നിലവിൽ മൈക്രോ ഡ്രാമകൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. മറ്റ് ഫോർമാറ്റുകൾ ഉടൻ ലഭ്യമാകും. സിനിമയിലുടനീളം കഥാപാത്രങ്ങൾ, ലൊക്കേഷനുകൾ, പ്രോപ്പർട്ടികൾ എന്നിവയുടെ ദൃശ്യപരമായ തുടർച്ച നിലനിർത്താൻ സഹായിക്കുന്ന പ്രത്യേക സാങ്കേതിക വിദ്യയാണിത്.
സിനിമയുടെ മൊത്തത്തിലുള്ള ഭാവത്തിന് മാറ്റം വരാതെ തന്നെ രംഗങ്ങളോ ഘടകങ്ങളോ മാറ്റാനും പുനർനിർമ്മിക്കാനും ഇതിലൂടെ കഴിയും. നിർമ്മാണ ചെലവുകൾ കൃത്യമായി വിലയിരുത്താനും, പൂർത്തിയായ രംഗങ്ങൾ കൂട്ടിച്ചേർക്കാനും, ഡൗൺലോഡ് ചെയ്ത് എഡിറ്റ് ചെയ്യാനും ഇതിൽ സൗകര്യമുണ്ട്.
ആഗോള തലത്തിൽ മികച്ച ഉള്ളടക്കങ്ങൾ നിർമ്മിക്കാൻ ശേഷിയുള്ള പ്രതിഭകൾ ഇന്ത്യയിലുണ്ടെന്നും, എ.ഐ സാങ്കേതികവിദ്യയും സർഗ്ഗാത്മകതയും ഒന്നിപ്പിച്ച് സിനിമാ നിർമ്മാണത്തിൻ്റെ സാമ്പത്തിക വശങ്ങളെത്തന്നെ മാറ്റിമറിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും എലോഎലോ ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒയുമായ സൗരഭ് പാണ്ഡെ പറഞ്ഞു. നിലവിൽ വെയ്റ്റ്‌ലിസ്റ്റ്, ഇൻവിറ്റേഷൻ എന്നിവ വഴി തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമാണ് ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ അവസരമുള്ളത്.