ജിഎസ്‌ടി പരിഷ്കരണം വില കുറയ്ക്കുമോ? നിരവധി ഉത്പന്നങ്ങൾക്ക് നികുതി കുറയുമെന്ന് റിപ്പോർട്ട്

നിലവിലെ നാല് സ്ലാബുകൾക്ക് പകരം ‘സ്റ്റാൻഡേർഡ്’, ‘മെറിറ്റ്’ എന്നിങ്ങനെ രണ്ട് പ്രധാന നിരക്കുകളുള്ള പുതിയ ഘടനയാണ് കേന്ദ്ര ധനമന്ത്രാലയം നിർദേശിച്ചിരിക്കുന്നത്.
ജിഎസ്ടി പരിഷ്കരണം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ജിഎസ്ടി പരിഷ്കരണം പ്രഖ്യാപിച്ച് പ്രധാനമന്ത്രിSource; X, Freepik
Published on

സ്വാതന്ത്ര്യദിനത്തിൽ വമ്പൻ പ്രഖ്യാപനങ്ങളുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തത്. നികുതി ഭാരം കുറയ്ക്കാൻ ദീപാവലിക്കുള്ളിൽ ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. യുവാക്കൾക്ക് വേണ്ടി ഒരു ലക്ഷം കോടി രൂപയുടെ പുതിയ പദ്ധതി. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കും എന്നിങ്ങനെ പ്രഖ്യാപനങ്ങളുടെ പെരുമഴ. ജിഎസ്ടി പരിഷ്കരണം എങ്ങനെയാകും നടപ്പിലാക്കുക എന്ന ചർച്ചയാണ് ഇപ്പോൾ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിലും ചൂടുപിടിച്ചിരിക്കുന്നത്.

രാജ്യത്തെ ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടനയിൽ വൻ മാറ്റങ്ങൾക്കാണ് തുടക്കമിടുന്നത്. നിലവിലെ നാല് സ്ലാബുകൾക്ക് പകരം ‘സ്റ്റാൻഡേർഡ്’, ‘മെറിറ്റ്’ എന്നിങ്ങനെ രണ്ട് പ്രധാന നിരക്കുകളുള്ള പുതിയ ഘടനയാണ് കേന്ദ്ര ധനമന്ത്രാലയം നിർദേശിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത ഏതാനും ഉൽപ്പന്നങ്ങൾക്ക് പ്രത്യേക നിരക്കുകൾ ഏർപ്പെടുത്തും. ഇതോടെ നിലവില്‍ 28 ശതമാനം ജിഎസ്ടിയുള്ള 90 ശതമാനം വസ്തുക്കളും 18 ശതമാനത്തിലേക്ക് വന്നേക്കും. നിലവില്‍ 12 ശതമാനം ജിഎസ്ടിയുള്ള 99 ശതമാനം വസ്തുക്കളും അഞ്ചുശതമാനത്തിലേക്ക് വരുമെന്നാണ് സൂചനകൾ.

ജിഎസ്ടി പരിഷ്കരണം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
മോദിയുടെ 'ഡബിള്‍ ദീപാവലി' സമ്മാനം; നികുതി ഭാരം കുറയ്ക്കാന്‍ ജിഎസ്‍ടി പരിഷ്കരണം

എന്നാൽ പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടിയുടെ പരിധിക്ക് പുറത്ത് തന്നെയാകും തുടരുക എന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള വിവരം. സിഗരറ്റ്, പുകയില തുടങ്ങിയ ലഹരി ഉത്പന്നങ്ങള്‍, ആഡംബര വസ്തുക്കള്‍ തുടങ്ങി ചുരുക്കം ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം നികുതിവരുന്ന പ്രത്യേക സ്ലാബുകൾ കൊണ്ടുവരാനും സാധ്യതയുണ്ട്. എന്നാൽ റെഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷണര്‍, വാഷിംഗ് മെഷീന്‍ തുടങ്ങിയ ഉത്പ്പന്നങ്ങളൊന്നും ഇതിലുണ്ടാകാൻ സാധ്യതയില്ല.

നിരക്കുകൾ ഏകീകരിക്കുന്നത് മൂലം നേരിടേണ്ടിവരുന്ന വരുമാന നഷ്ടം എന്ന പ്രതിസന്ധി പരിഹരിക്കാൻ പുതിയ പരിഷ്കാരങ്ങളിലൂടെ കഴിയുമെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. നിര്‍ദിഷ്ട ജിഎസ്ടി പരിഷ്‌കരണം ഉപഭോഗത്തിന് വലിയ ഉത്തേജനം നല്‍കുമെന്നും സർക്കാർ പറയുന്നു

സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്കരണം രാജ്യത്തിനുള്ള ദീപാവലി സമ്മാനമാണെന്നാണ് പറഞ്ഞത്. "ഈ ദീപാവലിക്ക്, ഞാന്‍ നിങ്ങള്‍ക്ക് ഇരട്ടി ദീപാവലി സമ്മാനമായി നല്‍കാന്‍ പോകുന്നു. ഈ ദീപാവലിയിൽ പൗരന്മാർക്ക് ഒരു വലിയ സമ്മാനം ലഭിക്കും... ഞങ്ങള്‍ അടുത്ത തലമുറ ജിഎസ്ടി പരിഷ്കരണങ്ങള്‍ കൊണ്ടുവരാന്‍ പോകുന്നു. ഇത് രാജ്യത്തുടനീളമുള്ള നികുതി ഭാരം കുറയ്ക്കും. ദീപാവലിക്ക് മുന്‍പുള്ള സമ്മാനം," പ്രധാനമന്ത്രി മോദി പറഞ്ഞു.

ജിഎസ്ടി പരിഷ്കരണം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ഗാന്ധിക്ക് മേലെ സവര്‍ക്കര്‍, ഗോഡ്സെ ജസ്റ്റ് മിസ്; ചെങ്കോട്ടയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം മാറിപ്പോയോ?

എട്ട് വർഷം മുന്‍പാണ് സർക്കാർ വലിയ പരിഷ്കരണങ്ങള്‍ നടപ്പിലാക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിരവധി നികുതികളും പ്രാദേശിക ലെവികളും ഉൾപ്പെടുത്തി ചരക്ക് സേവന നികുതി അവതരിപ്പിച്ചതിനെക്കുറിച്ച് മോദി പരമാർശിച്ചു. രാജ്യത്തുടനീളമുള്ള നികുതി ഭാരം സർക്കാർ കുറയ്ക്കുകയും നികുതി പ്രക്രിയ ലളിതമാക്കുകയും ചെയ്തുവെന്ന് നരേന്ദ്ര മോദി അവകാശപ്പെട്ടു.

2017 ജൂലൈ ഒന്നിന് ആണ് രാജ്യത്ത് ജിഎസ്‌ടി അവതരിപ്പിച്ചത്. പരോക്ഷ നികുതി വ്യവസ്ഥ എട്ട് വർഷം പൂർത്തിയാക്കിയ ശേഷം, ഈ മാറ്റങ്ങൾ പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് മോദി പറഞ്ഞു. അവലോകനത്തിനായി ഒരു ഉന്നതാധികാര സമിതി രൂപീകരിച്ചു, സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചു. തുടർന്ന് സർക്കാർ പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ തയ്യാറാക്കിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com