

പാറ്റ്ന: ബിഹാർ മുഖ്യമന്ത്രിയായി പത്താമതും അധികാരമേറ്റ് നിതീഷ് കുമാർ. പാറ്റനയിലെ ഗാന്ധി മൈതാനിയിൽ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ബിജെപിയുടെ സാമ്രാട്ട് ചൌധരി, വിജയ് സിൻഹ എന്നിവരും സത്യപ്രതിജ്ഞ ചൊല്ലി ഉപമുഖ്യമന്ത്രിമാരായി അധികാരമേറ്റു.
പത്ത് മന്ത്രിമാരാണ് ഇന്ന് നിതീഷ് കുമാറിനൊപ്പം സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവരും സത്യപ്രതിജ്ഞാ വേദിയിൽ സന്നിഹിതരായിരുന്നു.
243 സീറ്റുകളിൽ 202 സീറ്റുകൾ നേടിയാണ് ഇത്തവണ എൻഡിഎ ബിഹാറിൽ അധികാരത്തിലേറിയത്. ജെഡിയു രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ബിഹാറിലേത്. തെരഞ്ഞെടുപ്പിന് ഫലത്തിന് പിന്നാലെ നിതീഷ് കുമാർ ഇനിയൊരു തവണ കൂടി മുഖ്യമന്ത്രി പദത്തിലേക്കെത്തില്ലെന്ന അഭ്യൂഹങ്ങളെ അട്ടിമറിച്ചുകൊണ്ടാണ് നിതീഷ് കുമാർ പത്താം തവണയും മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. രാഹുൽ ഗാന്ധിയും തേജസ്വിയുമുൾപ്പെടെയുള്ള നേതാക്കൾ നിതീഷ് കുമാർ അധികാരത്തിലേക്കെത്തില്ലെന്ന രീതിയിൽ പരാമർശം നടത്തിയിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം നടന്ന എൻഡിഎ യോഗത്തിലാണ് നിതീഷ് കുമാറിനെ തന്നെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാൻ തീരുമാനമായത്. മാത്രമല്ല, പുതുതായി സഖ്യത്തിലേക്കെത്തിയ എൽജെപി അടക്കമുള്ള സഖ്യകക്ഷികളെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള മന്ത്രിസഭാ രൂപീകരണമാണ് എൻഡിഎ ലക്ഷ്യമിടുന്നതെന്നാണ് വിവരം. ഘടക കക്ഷികൾക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടുള്ളതായാണ് റിപ്പോർട്ടുകൾ. അതേസമയം, ആർക്കൊക്കെ ഏതൊക്കെ വകുപ്പുകൾ നൽകുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
നിലവിൽ ബിജെപിയിൽ നിന്നായിരിക്കും കൂടുതൽ മന്ത്രിമാരുണ്ടാവുകയെന്നാണ് സൂചന.