

മധുര: സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും തമിഴ്‌നാട് മധുര തിരുപ്പരങ്കുന്ദ്രം മലയില്‍ ദീപം തെളിയിച്ചില്ല. പകരം, പരമ്പരാഗതമായി തെളിയിക്കുന്ന ഉച്ചിപ്പിള്ളയാറിലെ ക്ഷേത്ര മണ്ഡപത്തില്‍ മാത്രമാണ് ദീപം തെളിയിച്ചത്. ദര്‍ഗക്ക് സമീപമുള്ള കല്‍ത്തൂണില്‍ ഒറ്റത്തവണ ദീപം തെളിയിക്കാനായിരുന്നു സുപ്രീം കോടതി അനുമതി നൽകിയിരുന്നത്.
എന്നാല്‍, പുനഃപരിശോധനാ ഹരജി കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഇതേത്തുടർന്നാണ് ദീപം തെളിയിക്കാതിരുന്നത്.
നേരത്തെ, ഡിഎംകെ സര്‍ക്കാറിന്റെ കാലത്തും ഹൈക്കോടതി വിധി നടപ്പാക്കിയിരുന്നില്ല. തുടര്‍ന്ന്, ഡിഎംകെ സര്‍ക്കാറായിരുന്നു സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍, തിരുപ്പരങ്കുന്ദ്രം മലയില്‍ ദീപം തെളിയിക്കണമെന്ന് സുപ്രീം കോടതി വിധിക്കുകയായിരുന്നു. ബിജെപി ഉള്‍പ്പെടെയുള്ള വിവിധ പാര്‍ട്ടികള്‍ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ തുനിയുകയാണ്.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ പ്രതിഷേധവും നേരിയ സംഘര്‍ഷവും രൂപപ്പെട്ടു. സംഘർഷ സാധ്യത മുന്നിൽ കണ്ട് നേരത്തെ തന്നെ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പൊലീസ് പ്രദേശത്ത് നടപ്പാക്കിയിരുന്നു.