മംഗലാപുരം: ധർമസ്ഥലയിലെ കൂട്ടക്കൊല ആരോപണത്തെ തുടർന്ന് നടത്തുന്ന തെരച്ചിലിൽ എസ്ഐടി സംഘത്തിന് ഒന്നും കണ്ടെത്താനായില്ല. ഇന്നത്തോടെ അളന്ന് തിരിച്ച എല്ലാ പോയിൻ്റുകളിലും തെരച്ചിൽ പൂർത്തിയാക്കുമെന്ന് അന്വേഷണസംഘം അറിയിച്ചിരുന്നു. അന്വേഷണ പുരോഗതി വിലയിരുത്താൻ എസ്ഐടി പ്രത്യേക യോഗവും ചേരുമെന്നാണ് ലഭ്യമാകുന്ന വിവരം.
കേസിൽ സാക്ഷി പറഞ്ഞിരുന്ന 13 സ്പോട്ടുകളിലായിരുന്നു ഇതുവരെ പരിശോധന നടത്തിയിരുന്നത്.എന്നാൽ, സാക്ഷി കഴിഞ്ഞ ദിവസങ്ങളിൽ തനിക്ക് പുതിയ ചില പോയിൻ്റുകൾ അറിയാമെന്നും അവിടങ്ങളിൽ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിക്കാമെന്നും അത്തരം പ്രദേശങ്ങളിൽ തെരച്ചിൽ നടത്തുമെന്നും അന്വേഷണസംഘം അറിയിച്ചിരുന്നു.
മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് മുൻ ശുചീകരണത്തൊഴിലാളി പറഞ്ഞ സ്ഥലങ്ങൾ പ്രത്യേക അന്വേഷണസംഘം മാർക്ക് ചെയ്തിന് ശേഷമാണ് പരിശോധന ആരംഭിച്ചത്. 13 ഇടങ്ങളായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 1994 മുതൽ 2014 വരെ നൂറിലേറെ മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്നതാണ് പരിശോധന ആരംഭിച്ചത്.
കൂടാതെ ശുചീകരണ തൊഴിലാളി മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടെന്ന് പറഞ്ഞ് കൂടുതൽ സാക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രദേശവാസികളായ ആറ് പേരാണ് അന്വേഷണ സംഘത്തിനു മുന്നില്‍ മൊഴി നല്‍കാൻ എത്തിയത്.
അതേസമയം, കർണാടകയിൽ പൊലീസിന് ഗുരുതര വിഴ്ച പറ്റിയെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. 2000 മുതൽ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിച്ചുവെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. കാലഹരണപ്പെട്ട കേസ് രേഖകൾ നശിപ്പിക്കാവുന്നതാണെന്ന നിയമപ്രകാരമാണ് ഇത് നശിപ്പിച്ചതെന്ന് വിവരാവകാശ രേഖയിൽ മറുപടി ലഭിച്ചത്.
2002 മുതൽ 2012 വരെയുള്ള കണക്ക് പരിശോധിച്ചാൽ ധർമസ്ഥലയിൽ 485 അസ്വാഭാവിക മരണങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഈ മരണങ്ങളുടെ എഫ്ഐആർ നമ്പറും ഡെത്ത് സർട്ടിഫിക്കറ്റും ചോദിച്ചപ്പോഴാണ് രേഖകൾ നശിപ്പിച്ചെന്ന് മറുപടി ലഭിച്ചത്.