
ധർമസ്ഥല: വിവാദ കൂട്ടക്കൊല വെളിപ്പെടുത്തലിൽ ഏഴാം ദിവസം നടന്ന പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. ഇന്ന് 11,12 പോയിൻ്റുകളിലാണ് പ്രത്യേക അന്വേഷണ സംഘം കുഴിയെടുത്ത് പരിശോധിച്ചത്. കഴിഞ്ഞ ദിവസം പുതിയ പോയിൻ്റിൽ നിന്നു ലഭിച്ച അസ്ഥി പുരുഷൻ്റേതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ഏഴാം ദിവസവും പതിവുപോലെ രാവിലെ 11 മണിയോടെ സാക്ഷിയുമായി പ്രത്യേക അന്വേഷണ സംഘം നേത്രാവതി പുഴയുടെ സ്റ്റാനഘട്ടത്തിന് സമീപമെത്തി. തുടർന്ന് കാട്ടിലൂടെ പതിനൊന്നാം പോയിൻ്റിലേക്ക് നീങ്ങി. നേരത്തെ മാർക്ക് ചെയ്ത സ്ഥലത്ത് കുഴിയെടുത്ത് പരിശോധന നടത്തി. പതിനൊന്നാം പോയിൻ്റിൽ 11 മണിക്ക് ആരംഭിച്ച പരിശോധന 1.30 വരെ നീണ്ടു. കുഴിയെടുത്ത് തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇടയ്ക്ക് ശക്തമായ മഴ എത്തിയതോടെ പരിശോധന താത്കാലികമായി നിർത്തി.
മഴ മാറിയതിന് പിന്നാലെ എട്ട് മണിക്ക് എസ്.ഐ.ടി. പന്ത്രണ്ടാം പോയിൻ്റിലെത്തി. ഇവിടെയും സാക്ഷി പറഞ്ഞത് പ്രകാരം ആഴത്തിൽ കുഴിയെടുത്തുള്ള പരിശോധന. റോഡരികിലെ പോയിൻ്റിൽ വൈകിയും തെരച്ചിൽ തുടർന്നങ്കിലും ഒന്നും ലഭിച്ചില്ല. ഒടുവിൽ ഇരു കുഴികളും മൂടി സാക്ഷിയുമായി പ്രത്യേക അന്വേഷണ സംഘം പുറത്തിറങ്ങി.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ചിന്നിച്ചിതറിയ നിലയിൽ കണ്ടെത്തിയ അസ്ഥിഭാഗങ്ങൾക്ക് അധികം പഴക്കമുണ്ടായിരുന്നില്ല. ശരീരഭാഗങ്ങളും മുണ്ടും ഷർട്ടും കയറും സാരിയും ഇവിടെ നിന്നും ലഭിച്ചിരുന്നു. താടിയെല്ല് പുരുഷൻ്റെതാണെന്ന് സ്ഥിരീകരിച്ചെങ്കിലും അസ്ഥികൾ ഒന്നിൽ കൂടുതൽ ആളുകളുടേതാണോ എന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്.
നിലവിലെ ചില അസ്ഥികൾക്ക് രണ്ട് വർഷത്തിൽ താഴെമാത്രം പഴക്കമുള്ളതായിരുന്നു. അതിനാൽ ഇത് ധർമ്മസ്ഥല പൊലീസ് അന്വേഷിക്കട്ടെയെന്നായിരുന്നു എസ്.ഐ.ടിയുടെ ആദ്യതീരുമാനം. എന്നാൽ പഴക്കം ശാസ്ത്രീയമായി തെളിയിക്കാതെ അന്വേഷണം ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് ലോക്കൽ പൊലീസ്. ഇതോടെയാണ് അന്വേഷണം എസ്.ഐ.ടി തന്നെ ഏറ്റെടുത്തത്. ലഭിച്ച അസ്ഥികൾ, ടിഷ്യു, വസ്ത്ര ഭാഗങ്ങൾ എന്നിവ ബെംഗളൂരിലെ ഫോറൻസിക് സയൻസ് ലാബിലേക്കയച്ചു. കാലപ്പഴക്കം, ജെൻഡർ, മരണകാരണം തുടങ്ങിയവ കണ്ടെത്താനാണ് പരിശോധന. ഒപ്പം ലഭിച്ച ടിഷ്യുവിൽ നിന്ന് ഡിഎൻഎ സാമ്പിളുകളും ശേഖരിക്കും.
ഇതുവരെ സാക്ഷി പറഞ്ഞിരുന്ന 13 സ്പോട്ടുകളിലായിരുന്നു പരിശോധന നടത്തിയിരുന്നത്. എന്നാൽ, സാക്ഷി കഴിഞ്ഞ ദിവസങ്ങളിൽ തനിക്ക് പുതിയ ചില പോയിൻ്റുകൾ അറിയാമെന്നും അവിടങ്ങളിൽ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ന് പരിശോധനയ്ക്കായി എത്തിയ സമയത്തായിരുന്നു സാക്ഷിയുടെ ആവശ്യം പരിഗണിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. ഡിജിപിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പുതിയ പോയിൻ്റിലേക്ക് പരിശോധന വ്യാപിപ്പിക്കാമെന്ന തീരുമാനമെടുത്തത്.
ഇന്നലെ രാവിലെ വളരെ അപ്രതീക്ഷിതമായാണ് പ്രതി ആദ്യം ചൂണ്ടിക്കാട്ടിയ പോയിൻ്റിന് പകരം ഉൾക്കാട്ടിലേക്ക് സാക്ഷിയെ കൊണ്ടുപോയി പരിശോധന നടത്തിയത്. മൂന്നടി താഴ്ചയിൽ പരിശോധന നടത്തിയപ്പോൾ തന്നെ അസ്ഥി ഭാഗങ്ങൾ ലഭിക്കുകയും ചെയ്തു. ഇതോടെ സാക്ഷി കാട്ടിനുള്ളിൽ പുതിയ പോയിൻ്റ് ചൂണ്ടിക്കാട്ടിയാൽ അവിടെയും സമാനമായ രീതിയിൽ പരിശോധന നടത്താമെന്ന് എസ്.ഐ.ടി. തീരുമാനിക്കുകയായിരുന്നു.