ഒന്നും കണ്ടെത്താനായില്ല; ധർമസ്ഥലയിൽ കുഴിച്ചുള്ള പരിശോധന അവസാനിപ്പിക്കാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം

നിലവിൽ ലഭിച്ച അസ്ഥിഭാഗങ്ങളുടെ ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.
ഒന്നും കണ്ടെത്താനായില്ല; ധർമസ്ഥലയിൽ കുഴിച്ചുള്ള പരിശോധന അവസാനിപ്പിക്കാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം
Source: News Malayalam 24x7
Published on

ധർമസ്ഥലയിൽ കുഴിച്ചുള്ള പരിശോധന അവസാനിപ്പിക്കാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം. സാക്ഷി ആവശ്യപ്പെട്ട സ്ഥലങ്ങളിലെല്ലാം കുഴിയെടുത്ത് പരിശോധന നടത്തിയിട്ടും ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പരിശോധന അവസാനിപ്പിക്കുന്നത്. നിലവിൽ ലഭിച്ച അസ്ഥിഭാഗങ്ങളുടെ ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.

രണ്ടാഴ്ചയിലേറെയായി ധർമസ്ഥലയുടെ വിവിധ ഭാഗങ്ങളിൽ സാക്ഷിയുടെ ആവശ്യപ്രകാരം പ്രത്യേക അന്വേഷണസംഘം കുഴിയെടുത്ത് പരിശോധന നടത്തിവരികയാണ്. ആദ്യം നേത്രാവതി സ്നാനഘട്ടത്തിന് ചുറ്റുമുള്ള വനഭൂമിയിലും പിന്നീട് സ്വകാര്യ ഭൂമിയിലും പല ഭാഗങ്ങളിലായി കുഴിയെടുത്ത് പരിശോധന നടത്തിയെങ്കിലും ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല. 6, 11 A എന്നീ സ്പോട്ടുകളിൽ നിന്നും അസ്ഥികൾ ലഭിച്ചെങ്കിലും സാക്ഷി പറയുന്നതിന് സമാനമായ സ്ത്രീകളുടെയോ പെൺകുട്ടികളുടെയോ അസ്ഥികൾ അല്ലെന്നാണ് പ്രാഥമിക നിഗമനം. ഒന്ന് പുഴയുടെ ഭാഗത്ത് നിന്നും മറ്റൊന്ന് നാട്ടുകാർ സൂയിസൈഡ് പോയിൻ്റെന്ന് വിശേഷിപ്പിക്കുന്ന സ്ഥലത്തു നിന്നുമാണ് ലഭിച്ചത്. കൂടുതൽ സ്ഥലങ്ങളിൽ കുഴിച്ചുള്ള പരിശോധന വേണമെന്നാണ് സാക്ഷി വീണ്ടും ആവശ്യപ്പെടുന്നത്.

മലയാളി പെൺകുട്ടിയുടേത് ഉൾപ്പെടെ മൃതദേഹങ്ങൾ കുഴിച്ചിട്ടുണ്ടെന്നും കാലപ്പഴക്കമുള്ളതിനാൽ സ്ഥലം കൃത്യമായി തിരിച്ചറിയാൻ ആകാത്തതാണ് അസ്ഥിഭാഗങ്ങൾ ലഭിക്കാതിരിക്കാൻ കാരണമെന്നുമാണ് സാക്ഷിയുടെ വിശദീകരണം. നേത്രാവതി സ്നാനഘട്ടത്തിനപ്പുറം സ്വകാര്യ ഭൂമിയിൽ പോലും കുഴിച്ചുള്ള പരിശോധന നടത്തിയിട്ടും ഇതുവരെ ഒന്നും കണ്ടെത്താൻ സാധിക്കാത്തതിനാൽ അന്വേഷണ സംഘത്തിനും സാക്ഷിയുടെ മൊഴിയിൽ വിശ്വാസ്യത നഷ്ടപ്പെടുകയാണ്.

ഒന്നും കണ്ടെത്താനായില്ല; ധർമസ്ഥലയിൽ കുഴിച്ചുള്ള പരിശോധന അവസാനിപ്പിക്കാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം
ഏകീകൃത സിവിൽ കോഡിനായി 'രഥയാത്ര' നടത്തിയ സി.പി. രാധാകൃഷ്ണന്‍; എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥിയെപ്പറ്റി കൂടുതല്‍ അറിയാം

കുഴിച്ചുള്ള പരിശോധനകൾക്ക് നേതൃത്വം നൽകുന്ന ഡിസിപി ഇതുവരെയുള്ള കാര്യങ്ങൾ ഡിഐജി, ഡിജിപി എന്നിവരെ ധരിപ്പിച്ചു. ഇനിയും കുഴിക്കാൻ തയ്യാറാണെന്നും എന്നാൽ സാക്ഷി കൂടുതൽ സ്ഥലങ്ങൾ പറയുന്നതിനനുസരിച്ച് കുഴിച്ചതുകൊണ്ട് പ്രയോജനം ഉണ്ടോ എന്ന സംശയം റവന്യൂ ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കുവയ്ക്കുന്നുണ്ടെന്നുമാണ് ഡിസിപിയുടെ റിപ്പോർട്ടിലുള്ളത്. അതിനിടെ ധർമസ്ഥല ക്ഷേത്രത്തിനെതിരെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. നിയമസഭയിലും ഇക്കാര്യങ്ങൾ നേരത്തെ ബിജെപി ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനപ്പുറം തുടർച്ചയായി പരിശോധനകൾ നടത്തിയാൽ പ്രതിഷേധവുമായി എത്തുമെന്നും കുഴിച്ചുള്ള പരിശോധന തടയുമെന്നും പ്രാദേശിക ബിജെപി നേതാക്കൾ അറിയിച്ചിരുന്നു.

ഈ സാഹചര്യത്തിൽ ക്രമസമാധാന പ്രശ്നം കൂടി ഉടലെടുക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തെരച്ചിൽ താൽക്കാലികമായി അവസാനിപ്പിക്കാൻ അന്വേഷണസംഘം ഒരുങ്ങുന്നത്. ഫോറൻസിക് പരിശോധനയുടെ ഫലം ലഭിച്ചതിനുശേഷം അന്തിമ തീരുമാനമെടുക്കാം എന്നാണ് ഡിജിപി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പക്ഷം. എന്നാൽ ആഭ്യന്തരമന്ത്രിയുമായി ചർച്ച ചെയ്ത ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com