

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ വോട്ട് ചോരിയുമായി ഇന്‍ഡ്യാ സഖ്യത്തിന് യാതൊരു ബന്ധവുമില്ലെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. എല്ലാ പാര്‍ട്ടികള്‍ക്കും അവരുടെ അജണ്ടകള്‍ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
എസ്‌ഐആറും വോട്ട് ചോരിയുമാണ് കോണ്‍ഗ്രസ് പ്രധാന വിഷയങ്ങളായി തെരഞ്ഞെടുത്തത്. അങ്ങനെ ചെയ്യരുതെന്ന് അവരോട് പറയാന്‍ നമ്മള്‍ ആരാണെന്നും ഒമര്‍ അബ്ദുള്ള ചോദിച്ചു. അവര്‍ തെരഞ്ഞെടുത്തത് പോലെ നമുക്ക് നമ്മുടെ വിഷയങ്ങള്‍ തെരഞ്ഞെടുക്കാമെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
ബിജെപിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വിമര്‍ശിച്ച് വോട്ട് ചോര്‍ ഗഡ്ഡി ഛോഡ് എന്ന പേരില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഡല്‍ഹിയില്‍ കൂറ്റന്‍ റാലി സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം.
വോട്ട് ചോരിയുമായി ബന്ധപ്പെട്ട് ആറ് കോടിയോളം പേരുടെ ഒപ്പുകള്‍ ശേഖരിച്ചുവെന്നും അത് പ്രസിഡന്റിന് അയക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു. എന്നാല്‍ നേരത്തെ ബിഹാര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വോട്ട് ചോരി ആരോപണം ഉയര്‍ത്തിയപ്പോള്‍ ഒമര്‍ അബ്ദുള്ള പിന്തുണച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ബിഹാറിലെ ജനം സംതൃപ്തരല്ലെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞിരുന്നു.