

ഡൽഹി: ഭാരതീയ ജനതാ പാർട്ടിയുടെ ഉത്ഭവം മുതലുള്ള രാഷ്ട്രീയ ചരിത്രത്തിൽ രണ്ടേ രണ്ടുപേർ മാത്രമെ പാർട്ടിയുടെ വർക്കിങ് പ്രസിഡൻ്റുമാരായി ചുമതലയേറ്റിട്ടുള്ളൂ. ആദ്യത്തെയാൾ മുൻ ദേശീയാധ്യക്ഷൻ ജെ.പി. നദ്ദയായിരുന്നു. രണ്ടാമതായി തെരഞ്ഞെടുക്കപ്പെട്ടത് നിതിൻ നബിൻ ആണ്. ബിഹാറിലെ മന്ത്രിയായ നിതിൻ മുതിർന്ന ബിജെപി നേതാവും മുൻ എംഎൽഎയുമായ പരേതനായ നബിൻ കിഷോർ പ്രസാദ് സിൻഹയുടെ മകനാണ്.
വർക്കിങ് പ്രസിഡൻ്റ് പദവി സാധാരണ അധികമാർക്കും ബിജെപി നൽകാത്തതാണ്. എന്നാൽ, 2019ന് ജൂണിന് ശേഷം അതിൽ ചെറിയൊരു മാറ്റമുണ്ടായി. ദേശീയ അധ്യക്ഷനാകുന്നതിന് തൊട്ടു മുമ്പായുള്ള താൽക്കാലിക പദവിയാണിതെന്നാണ് റിപ്പോർട്ട്. നേരത്തെ ആറ് മാസത്തെ കാലയളവിൽ ജെ.പി. നദ്ദ ഈ പദവിയിൽ തുടർന്നിരുന്നു. പിന്നീട് 2020 ജനുവരിയിൽ ബിജെപി ദേശീയ പ്രസിഡൻ്റായി അവരോധിതനായി. തുടർന്ന് തുടർച്ചയായി ആറ് വർഷക്കാലം അദ്ദേഹം പാർട്ടിയെ നയിച്ചു. ബിജെപിയുടെ പാർട്ടി നിയമാവലി പ്രകാരം ഒരു നേതാവിന് പരമാവധി മൂന്ന് വർഷം വീതമുള്ള രണ്ട് ടേമുകളിൽ പാർട്ടിയുടെ ദേശീയ പ്രസിഡൻ്റായി തുടരാനാകും.
ഹൈന്ദവ വിശ്വാസപ്രകാരം ഖർമാസ് മാസത്തിൽ സത്കാര്യങ്ങൾ ചെയ്യാറില്ല. അതിനാൽ തന്നെ ഈ മാസം അവസാനിച്ച് മകരസംക്രാന്ത്രി തുടങ്ങുന്ന ജനുവരി 14ന് പുതിയ ബിജെപി അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന നടപടിക്രമങ്ങൾ ആരംഭിച്ചേക്കും. 37ഓളം വരുന്ന സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ, 30 ഇടത്തും ബിജെപി സംഘടനാ തെരഞ്ഞെടുപ്പുകൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. പാർട്ടിയുടെ ദേശീയാധ്യക്ഷനെ തെരഞ്ഞെടുക്കും മുമ്പ് രാജ്യത്തിൻ്റെ പകുതിയിടങ്ങളിൽ സംഘടനാ തെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കേണ്ടതുണ്ട്.
ജനുവരി 14ന് ശേഷം നാല് ദിവസം നീളുന്ന സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയകൾ നടക്കും. ബിജെപിയുടെയും ആർഎസ്എസിൻ്റെയും കൂട്ടായ അഭിപ്രായസമന്വയത്തിന് ശേഷമാകാം നിതിൻ നബിൻ തെരഞ്ഞെടുക്കപ്പെട്ടതെന്നാണ് സൂചന. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല എങ്കിലും അമിത് ഷായ്ക്കും ജെ.പി. നദ്ദയ്ക്കും ശേഷം നിതിൻ നബിൻ തന്നെ ബിജെപി ദേശീയാധ്യക്ഷനായി ചുമതലയേൽക്കും എന്നാണ് സൂചന.
കയാസ്ത സമുദായത്തിൽപ്പെട്ട നബിൻ നിലവിലെ ബിജെപി മേധാവി നദ്ദയുടെ പിൻഗാമിയാകാൻ സാധ്യതയുണ്ടെന്നും ആ സ്ഥാനം വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാക്കളിൽ ഒരാളാണെന്നും നേതാക്കൾ പറഞ്ഞുവെന്നും റിപ്പോർട്ടുണ്ട്. നിതിൻ നബിൻ്റെ നേതൃത്വത്തിൽ പാർട്ടി പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദ പ്രതികരിച്ചു.
45കാരനായ നിതിൻ നബിൻ ബിഹാറിലെ പൊതുമരാമത്ത് മന്ത്രിയാണ്. പട്നയിലെ ബങ്കിപൂരിൽ നിന്ന് അഞ്ച് തവണ എംഎൽഎയും ആയിട്ടുണ്ട്. പിതാവും ബിജെപിയിലെ മുതിർന്ന നേതാവുമായ നവീൻ കിഷോർ സിൻഹയുടെ മരണത്തെ തുടർന്ന് പട്ന വെസ്റ്റ് നിയമസഭാ സീറ്റ് ഒഴിവ് വന്നതിനെ തുടർന്നാണ്, 26ാം വയസ്സിൽ ആദ്യമായി എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടത്.
കയാസ്ത സമുദായക്കാരനായ നബിൻ, ബിഹാറിൽ നിന്നും കിഴക്കൻ ഇന്ത്യയിൽ നിന്നുമുള്ള ആദ്യത്തെ ബിജെപി ദേശീയ അധ്യക്ഷനാകാൻ ഒരുങ്ങുകയാണ്. അടുത്ത വർഷം പാർട്ടിയുടെ ദേശീയ പ്രസിഡൻ്റായി നിതിൻ നബിൻ ചുമതലയേറ്റാൽ, ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിജെപി അധ്യക്ഷനായും അദ്ദേഹം മാറും. 52 വയസ്സിൽ ബിജെപി ദേശീയാധ്യക്ഷനായി ചുമതലയേറ്റ നിതിൻ ഗഡ്കരിയുടെ റെക്കോർഡാണ് ഇതോടെ തകരുക.
കഠിനാധ്വാനിയായ കാര്യകർത്താവാണ് നിതിൻ നബിനെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ പ്രശംസിച്ചിരുന്നു. "സംഘടനാ പ്രവർത്തനങ്ങളിൽ പരിചയസമ്പത്തുള്ള ചെറുപ്പക്കാരനും കഠിനാധ്വാനിയായ നേതാവുമാണ് അദ്ദേഹം. നിരവധി തവണ ബിഹാറിൽ എംഎൽഎയായും മന്ത്രിയായും അദ്ദേഹത്തിന് മികച്ച റെക്കോർഡുണ്ട്. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി അദ്ദേഹം ഉത്സാഹത്തോടെ പ്രവർത്തിച്ചിട്ടുണ്ട്. എളിമയുള്ള സ്വഭാവത്തിനും, സ്ഥിരോത്സാഹത്തോടെയുള്ള പ്രവർത്തന ശൈലിക്കും പേരുകേട്ടയാളാണ് നിതിൻ നബിൻ. അദ്ദേഹത്തിൻ്റെ ഊർജ്ജവും സമർപ്പണവും വരും കാലങ്ങളിൽ ബിജെപിയെ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്," പ്രധാനമന്ത്രി പറഞ്ഞു. നിതിൻ നബിൻ മുമ്പ് ഛത്തീസ്‌ഗഡിലും സിക്കിമിലും ബിജെപിയുടെ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്.