നിർജലീകരണത്തിന് ചികിത്സ തേടിയെത്തി, ഡോക്ടര്‍മാര്‍ ഓടിച്ചത് നാല് ജില്ലകളിലായി അഞ്ച് ആശുപത്രികളിലേക്ക്; ഉത്തരാഖണ്ഡിൽ ഒരു വയസുകാരന് ദാരുണാന്ത്യം

സംഭവം ശ്രദ്ധയിൽപ്പെട്ട ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അന്വേഷണത്തിന് ഉത്തരവിട്ടു.
ഉത്തരാഖണ്ഡിൽ ഒരു വയസുകാരന് ദാരുണാന്ത്യം
ഉത്തരാഖണ്ഡിൽ ഒരു വയസുകാരന് ദാരുണാന്ത്യംSource: NDTV
Published on

ഉത്തരാഖണ്ഡ്: നിർജലീകരണത്തിന് ചികിത്സ തേടിയെത്തിയ ഒരു വയസുകാരൻ ചികിത്സാപ്പിഴവിനെ തുടർന്ന് മരിച്ചു. ചികിത്സ തേടിയ ഒരു വയസുകാരനെ നാല് ജില്ലകളിലായി സ്ഥിതി ചെയ്യുന്ന അഞ്ച് ആശുപത്രികളിലേക്ക് മാറി മാറി റഫർ ചെയ്യുകയായിരുന്നു. ദിനേശ് ചന്ദ്ര ജോഷി എന്ന സൈനിക ഉദ്യോഗസ്ഥന്റെ മകനായ ശിവാൻഷ് ജോഷിയാണ് മതിയായ വൈദ്യസഹായം ലഭിക്കാത്തതിനെയും ആരോഗ്യ പ്രവർത്തകരുടെ അശ്രദ്ധയെയും തുടർന്ന് മരിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അന്വേഷണത്തിന് ഉത്തരവിട്ടു.

ജൂലൈ പത്തിന്, ശിവാൻഷിന് പതിവായി ഛർദ്ദി ഉൾപ്പെടെയുള്ള നിർജലീകരണ ലക്ഷണങ്ങൾ കാണിക്കുകയും മുലയൂട്ടാൻ കഴിയാതെ വരികയും ചെയ്തതിനെ തുടർന്ന് അമ്മ ചമോലിയിലെ ഗ്വാൾഡാമിലുള്ള പൊതുജനാരോഗ്യ കേന്ദ്രത്തിലേക്ക് (പിഎച്ച്സി) കൊണ്ടുപോകുകയും ചെയ്തത്. അവിടെ നിന്ന്, കുട്ടിയെ 22 കിലോമീറ്റർ അകലെയുള്ള ബാഗേശ്വറിലെ ബൈജ്‌നാഥിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് റഫർ ചെയ്തു. പിഎച്ച്സിയിൽ കുട്ടിയെ പരിചരിക്കാൻ ശിശുരോഗ വിദഗ്ദ്ധനോ മറ്റ് സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.

കുട്ടിയെ സിഎച്ച്‌സിയിലേക്ക് കൊണ്ടുപോയി അവിടെ ചികിത്സ നൽകി. എന്നാൽ നില വഷളായതിനെത്തുടർന്ന് 20 കിലോമീറ്റർ അകലെയുള്ള ബാഗേശ്വറിലെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ മൊബൈൽ ഫോണിൽ തിരക്കിലായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. നഴ്‌സുമാരും തമാശ പറയുകയും ചിരിക്കുകയും ചെയ്യുന്ന തിരക്കിലായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തരാഖണ്ഡിൽ ഒരു വയസുകാരന് ദാരുണാന്ത്യം
ക്യൂ നിൽക്കാതെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമം; തടഞ്ഞ പൊലീസുകാരൻ്റെ മുഖത്തടിച്ച് ആന്ധ്രാ മന്ത്രിയുടെ സഹോദരൻ, അറസ്റ്റ്

"ഡോക്ടറോ മറ്റ് ജീവനക്കാരോ മാന്യമായി സംസാരിച്ചില്ല. അടിയന്തരാവസ്ഥയിൽ പോലും ഡോക്ടർ 14 മാസം പ്രായമുള്ള മകനെ ശരിയായി പരിശോധിച്ചില്ല, പകരം അവനെ അൽമോറയിലേക്ക് റഫർ ചെയ്തു," മാതാപിതാക്കൾ എൻഡിടിവിയോട് പ്രതികരിച്ചു. പിന്നീട് കുട്ടിക്ക് തലച്ചോറിലെ രക്തപ്രവാഹ തടസം അനുഭവപ്പെട്ടു, അവിടെ പീഡിയാട്രിക് ഐസിയു യൂണിറ്റിന്റെ അഭാവത്തെ തുടർന്ന് കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് ഡോക്ടർ റഫർ ചെയ്തതായാണ് റിപ്പോർട്ട്.

കുട്ടിയുടെ അമ്മ പറയുന്നതനുസരിച്ച്, വൈകുന്നേരം ഏഴ് മണിക്ക് ആംബുലൻസ് വിളിച്ചു. എന്നാൽ, ജോഷി ജില്ലാ മജിസ്‌ട്രേറ്റിനെ വിളിച്ച് സഹായം അഭ്യർഥിച്ചതിന് പിന്നാലെ അടിയന്തര സേവന വാഹനം രണ്ടര മണിക്കൂർ വൈകിയാണ് എത്തിയതെന്നും അമ്മ പറയുന്നു.

രാത്രി 9:30ന് ആംബുലൻസ് എത്തിയപ്പോൾ, കുട്ടിയെ ചികിത്സയ്ക്കായി നാലാമത്തെ ആശുപത്രിയായ അൽമോറ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കുട്ടിക്ക് ചികിത്സ നൽകിയെങ്കിലും വീണ്ടും നൈനിറ്റാളിലെ ഹൽദ്വാനിയിലെ ഒരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. ജൂലൈ 12ന് ഹൽദ്വാനിയിലെ ഡോക്ടർമാർ കുട്ടിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ നാല് ദിവസത്തിന് ശേഷം, ജൂലൈ 16ന്, കുട്ടി മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

സംഭവത്തെ മുഖ്യമന്ത്രി ധാമി അപലപിക്കുകയും കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിക്ക് ഉത്തരവിടുകയും ചെയ്തു. "ആരോഗ്യ സേവനങ്ങൾ മികച്ച രീതിയിൽ നൽകേണ്ടത് നമ്മുടെ കടമയാണ്, എന്നാൽ ഏതെങ്കിലും ആരോഗ്യ ഉദ്യോഗസ്ഥർ അവരുടെ കർത്തവ്യങ്ങളിൽ വീഴ്ച വരുത്തിയാൽ, അവർക്കെതിരെ ശരിയായ നടപടി സ്വീകരിക്കേണ്ടത് സർക്കാരിന്റെ കടമയാണ്, ഇതിനെക്കുറിച്ച് ഞങ്ങൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് ഉത്തരവാദികളായവർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കും" മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com