

എയർ ഇന്ത്യ 171 അഹമ്മദാബാദ് വിമാനാപകടത്തിന് ഒരു വർഷം തികയുമ്പോഴും അവസാനിക്കാതെ അന്വേഷണം. എഎഐബിയുടെ അന്തിമ റിപ്പോർട്ട് തയ്യാറാകാൻ ഇനിയും രണ്ടു മാസം കൂടി എടുക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അന്വേഷണം ശരിയായ പാതയിലാണെന്നും എല്ലാ കണ്ടെത്തലുകളും പുറത്തു വിടുമെന്നുമാണ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
2025 ജൂൺ 12നാണ് അഹമ്മദാബാദിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ എയർ ഇന്ത്യയുടെ ബോയിംഗ് 747-8 ഡ്രീംലൈനർ തകർന്നു വീണത്. ഒരു ദശാബ്ദത്തിനിടെ ലോകത്തിൽ നടന്ന ഏറ്റവും വലിയ വ്യോമ ദുരന്തമായിരുന്നു അത്. അപകടത്തിൽ ഒരു യാത്രക്കാരനൊഴികെയുള്ള വിമാനത്തിലുണ്ടായിരുന്ന 260 പേരും കൊല്ലപ്പെട്ടു.
സമഗ്രമായ ഒരു അന്തിമ റിപ്പോർട്ട് തയ്യാറാക്കുക എന്നതാണ് ലക്ഷ്യമെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ അറിയിച്ചു. കണ്ടെത്തലുകളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഇത് പൂർത്തിയായിക്കഴിഞ്ഞാൽ അന്വേഷണത്തിൻ്റെ എല്ലാ കണ്ടെത്തലുകളും വെളിപ്പെടുത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു.
അന്വേഷണവുമായി ബന്ധപ്പെട്ട ചില അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകളും വൃത്തങ്ങൾ തള്ളി. ചില ഊഹാപോഹങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ലെന്നും അന്വേഷണത്തിൽ പ്രധാന ശ്രദ്ധാകേന്ദ്രമായി തുടരുന്ന ജിഇ എയ്റോസ്പേസ് അന്വേഷണത്തിൽ ഒരു എതിർപ്പും ഉന്നയിച്ചിട്ടില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി. അന്വേഷണ പുരോഗതി സംബന്ധിച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയം അവലോകനം നടത്തി വരുന്നതായും അന്വേഷണവുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അന്തിമ കണ്ടെത്തലുകൾ പരസ്യമാക്കുന്നതിന് മുമ്പ് ഒരു സ്റ്റാറ്റസ് റിപ്പോർട്ട് പുറത്തുവിടുന്നത് എഎഐബി പരിഗണിക്കുന്നതായും വൃത്തങ്ങൾ സൂചിപ്പിച്ചു.
പശ്ചിമേഷ്യയിലെ നിലവിലുള്ള പ്രതിസന്ധി അന്വേഷണത്തിൻ്റെ വേഗതയെ ബാധിക്കുന്ന ഒരു ഘടകമാണ്. സംഘർഷം മൂലം വ്യോമയാന മേഖലയിലുണ്ടാകുന്ന സമ്മർദം അന്വേഷണത്തെ ബാധിച്ചിട്ടുള്ളതായും നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങൾക്ക് അന്വേഷണ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തരുതെന്നും അവർ കൂട്ടിച്ചേർത്തു.