പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചു; തൃണമൂലിന് രണ്ട് അധ്യക്ഷപദവികള്‍ നഷ്ടം, തരൂർ തുടരും

ജെഡിയു, ശിവസേന, ടിഡിപി എന്നിവയിലെ നേതാക്കളെ വിവിധ സമിതികളുടെ അധ്യക്ഷസ്ഥാനങ്ങളിൽ നിലനിർത്തിയിട്ടുണ്ട്
പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചു; തൃണമൂലിന് രണ്ട് അധ്യക്ഷപദവികള്‍ നഷ്ടം, തരൂർ തുടരും
Published on: 
Updated on: 

പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു. രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണനും ലോക്‌സഭാ സ്പീക്കർ ഓം ബിർളയും ചേർന്നാണ് ശനിയാഴ്ച സമിതികളുടെ പുനഃസംഘടന നടത്തിയത്. ഇതോടെ തൃണമൂൽ കോൺഗ്രസിന് രണ്ട് പ്രധാന പാർലമെന്ററി സമിതികളുടെ അധ്യക്ഷസ്ഥാനങ്ങൾ നഷ്ടമായി. അതേസമയം, വിദേശകാര്യ സമിതി അധ്യക്ഷനായി കോൺഗ്രസ് എംപി ശശി തരൂർ തുടരും.

വാണിജ്യകാര്യങ്ങൾക്കായുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായി ബിജെപി രാജ്യസഭാ എംപി സുധാംശു ത്രിവേദിയെ നിയമിച്ചു. തൃണമൂൽ കോൺഗ്രസ് എംപി ഡോലാ സെന്നിന് പകരമാണിത്. രാസവസ്തുക്കളും വളങ്ങളും സംബന്ധിച്ച സമിതി അധ്യക്ഷസ്ഥാനത്ത് നിന്ന് തൃണമൂൽ കോൺഗ്രസിന്റെ കീർത്തി ആസാദിനെ മാറ്റി ടിഎംസി വിമത വിഭാഗം നേതാവ് കക്കോളി ഘോഷ് ദസ്തിദാറിനെ നിയമിച്ചു.

ഡിഎംകെയുടെ തിരുച്ചി ശിവ വ്യവസായകാര്യ സമിതി അധ്യക്ഷനായും കെ. കനിമൊഴി ഭക്ഷ്യ, ഉപഭോക്തൃകാര്യ, പൊതുവിതരണ സമിതി അധ്യക്ഷയായും തുടരും. ബിജെപിയുടെ പ്രധാന സഖ്യകക്ഷികളായ ജെഡിയു, ശിവസേന, ടിഡിപി എന്നിവയിലെ നേതാക്കളെയും വിവിധ സമിതികളുടെ അധ്യക്ഷസ്ഥാനങ്ങളിൽ നിലനിർത്തിയിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളിലെ നിരവധി നേതാക്കളും നിലവിലെ ചുമതലകളിൽ തുടരും.

കൃഷി സമിതി അധ്യക്ഷനായി കോൺഗ്രസ് എംപി ചരൺജിത് സിങ് ചന്നിയും വിദ്യാഭ്യാസം, സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ എന്നിവ സംബന്ധിച്ച സമിതി അധ്യക്ഷനായി മുകുൾ വാസ്നിക്കും തുടരും. ആരോഗ്യ-കുടുംബക്ഷേമ സമിതി അധ്യക്ഷനായി സമാജ്‌വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവിനെയും നിലനിർത്തി. ഗ്രാമവികസനം, പഞ്ചായത്തീരാജ് സമിതി അധ്യക്ഷനായി കോൺഗ്രസ് എംപി സപ്തഗിരി ശങ്കർ ഉലാക്കയും തുടരും.

പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചു; തൃണമൂലിന് രണ്ട് അധ്യക്ഷപദവികള്‍ നഷ്ടം, തരൂർ തുടരും
പൊരുതി ഇന്ത്യ; ചരിത്ര പോരാട്ടത്തില്‍ ബ്രസീലിന് നാലു ഗോള്‍ ജയം

പ്രതിരോധ സമിതി അധ്യക്ഷനായി ബിജെപിയുടെ രാധാ മോഹൻ സിങ്ങിനെ നിയമിച്ചു. ഗതാഗതം, ടൂറിസം, സംസ്കാരം എന്നിവയ്ക്കായുള്ള സമിതി അധ്യക്ഷനായി ജെഡിയുവിന്റെ സഞ്ജയ് കുമാർ ഝായും ഊർജ സമിതി അധ്യക്ഷനായി ശിവസേനയുടെ ശ്രീരംഗ് ബാർണെയും തുടരും. ഉദ്യോഗസ്ഥകാര്യ, പൊതുജനപരാതി, നിയമം, നീതി എന്നിവയ്ക്കായുള്ള സമിതി അധ്യക്ഷസ്ഥാനത്ത് ബിജെപിയുടെ ബ്രിജ് ലാലിന് പകരം സുജീത് കുമാറിനെ നിയമിച്ചു. കൽക്കരി, ഖനി, സ്റ്റീൽ സമിതി അധ്യക്ഷനായി മുൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും ജലവിഭവ സമിതി അധ്യക്ഷനായി രാജീവ് പ്രതാപ് റൂഡിയും തുടരും.

ധനകാര്യ സമിതി അധ്യക്ഷനായി ഭർതൃഹരി മഹ്താബും ആഭ്യന്തരകാര്യ സമിതി അധ്യക്ഷനായി രാധാ മോഹൻ ദാസ് അഗർവാളും തുടരും. വാർത്താവിനിമയ, വിവരസാങ്കേതികവിദ്യ സമിതി അധ്യക്ഷനായി ബിജെപിയുടെ നിഷികാന്ത് ദുബെയെയും വീണ്ടും നിയമിച്ചു. ശാസ്ത്ര-സാങ്കേതികവിദ്യ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്കായുള്ള സമിതി അധ്യക്ഷയായി മേധ വിശ്രം കുൽക്കർണിയെ നിലനിർത്തി. റെയിൽവേ സമിതി അധ്യക്ഷസ്ഥാനത്ത് സി.എം. രമേശിന് പകരം സുധീർ ഗുപ്തയെ നിയമിച്ചു.

News Malayalam 24x7
newsmalayalam.com