പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതില്‍ ക്ഷമാപണം പോരാ... നടപടി വേണം; മെറ്റയ്‌ക്കെതിരെ പാർലമെന്ററി സമിതി

ക്ഷമാപണത്തില്‍ മാത്രം ഒതുങ്ങില്ലെന്നും, ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്നും സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതില്‍ ക്ഷമാപണം പോരാ... നടപടി വേണം; മെറ്റയ്‌ക്കെതിരെ പാർലമെന്ററി സമിതി
Published on
Updated on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ മെറ്റയ്ക്കെതിരെ കടുത്ത നിലപാടുമായി പാര്‍ലമെന്ററി സമിതി. ഇന്നു ചേര്‍ന്ന യോഗത്തില്‍ പാർലമെന്റിന്റെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഐടി സ്ഥിരം സമിതി അംഗങ്ങള്‍ മെറ്റ പ്രതിനിധികളോട് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചതായാണ് സൂചന. വീഡിയോ നീക്കിയത് സാങ്കേതിക പിഴവ് മൂലമാണെന്ന വാദം ആവര്‍ത്തിച്ച മെറ്റ പ്രതിനിധികള്‍ യോഗത്തില്‍ ക്ഷമാപണവും നടത്തി. എന്നാല്‍, ക്ഷമാപണത്തില്‍ മാത്രം ഒതുങ്ങില്ലെന്നും, ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്നും സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടതായാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് 36 ദിവസം നീണ്ട വിദ്യാർഥി സമരത്തിന്റെ പശ്ചാത്തലത്തില്‍ യുവാക്കളെ നേരിട്ട് അഭിസംബോധന ചെയ്യുന്ന വീഡിയോയാണ് ജൂലൈ 23ന് പ്രധാനമന്ത്രി ഫേസ്ബുക്കില്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്തത്. ചോദ്യപേപ്പർ ചോർച്ച തടയാൻ കൂടുതൽ കർശനമായ, നിയമനടപടികൾ സ്വീകരിക്കുമെന്നും, നിയമഭേദഗതി കൊണ്ടുവരുമെന്നും അദ്ദേഹം വീഡിയോയിൽ ഉറപ്പുനൽകിയിരുന്നു. പിറ്റേദിവസം പൊതുപരീക്ഷാ നിയമ ഭേഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച്, പാസാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ജൂലൈ 28-ന് പുലര്‍ച്ചെ പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്യപ്പെട്ടു. ഇക്കാര്യം ചര്‍ച്ചയായതിനു പിന്നാലെയാണ് മെറ്റ വീഡിയോ പുനസ്ഥാപിച്ചത്. "സാങ്കേതിക പിഴവ് മൂലമാണ് പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്നും, അത് പുനഃസ്ഥാപിച്ചതായും" മെറ്റ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.

സംഭവത്തിൽ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം മെറ്റയോട് വിശദീകരണം തേടിയിരുന്നു. മെറ്റ നൽകിയ 'സാങ്കേതിക പിഴവ്' എന്ന വിശദീകരണം പൂർണമായും അംഗീകരിക്കാനാവില്ലെന്ന് മന്ത്രാലയ സെക്രട്ടറി എസ്. കൃഷ്ണന്റെ പ്രതികരിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ പാർലമെന്ററി സ്ഥിരംസമിതിയും നിലപാട് കടുപ്പിക്കുകയാണെന്നാണ് സൂചന. മെറ്റയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിലുള്ള വിവാദപരവും ആക്ഷേപാർഹവുമായ ഉള്ളടക്കങ്ങൾക്കെതിരെ കമ്പനി സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും സമിതി ഇന്നത്തെ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതില്‍ ക്ഷമാപണം പോരാ... നടപടി വേണം; മെറ്റയ്‌ക്കെതിരെ പാർലമെന്ററി സമിതി
ദേ ഇങ്ങനെ വേണം യുവാക്കളെ പിടിക്കാന്‍... വീണ്ടും വീഡിയോയുമായി പ്രധാനമന്ത്രി; ഇത്തവണ നന്ദി പ്രകടനം

സമൂഹ മാധ്യമങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍, അവയുടെ നിയന്ത്രണം എന്ന വിഷയത്തിലാണ് പാർലമെന്ററി സ്ഥിരംസമിതി ഇന്ന് യോഗം ചേര്‍ന്നത്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണം സംബന്ധിച്ച് പ്രമുഖ സമൂഹ മാധ്യമങ്ങളുടെ പ്രതിനിധികളുടെ വിശദീകരണം തേടി. സ്നാപ് ചാറ്റ്, ഗൂഗിൾ, എക്‌സ് , മെറ്റ (ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം), യൂട്യൂബ് എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്ത് സമിതിക്കു മുമ്പാകെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ബിജെപി എംപി നിഷികാന്ത് ദുബെയാണ് സമിതി അധ്യക്ഷൻ. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ ഉള്‍പ്പെടെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

News Malayalam 24x7
newsmalayalam.com