

ഡൽഹി: നൂറുൽ ഇസ്ലാം സർവകലാശാലയും നിംസ് മെഡിസിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ എട്ടാമത് എ.പി.ജെ. പുരസ്‌കാരം ഡോ. സൗമ്യ സ്വാമിനാഥന്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ചെയർപേഴ്‌സണും ദേശീയ ക്ഷയരോഗ നിർമാർജ്ജന പ്രോഗ്രാമിൻ്റെ പ്രിൻസിപ്പൽ അഡ്വൈസറുമാണ് ഡോ. സൗമ്യ സ്വാമിനാഥൻ.
സ്വന്തം കർമ മണ്ഡലങ്ങളിൽ അസാധാരണമായ മികവ് പുലർത്തുകയും അതുല്യമായ നേട്ടങ്ങൾ കൊണ്ട് രാജ്യത്തിൻ്റെ യശസ് വർധിപ്പിക്കുകയും ചെയ്ത പ്രമുഖരെ ആദരിക്കുന്നതിനാണ് ഈ പുരസ്‌കാരം നൽകി വരുന്നത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഇന്ത്യൻ ഹരിതവിപ്ലവത്തിൻ്റെ പിതാവ് ഡോ. എം. എസ്. സ്വാമിനാഥൻ്റെയും പ്രമുഖ വിദ്യാഭ്യാസ വിദഗ്ധ മീന സ്വാമിനാഥൻ്റെയും മകളായി 1959 മേയ് 2-ന് ചെന്നൈയിലാണ് ഡോ. സൗമ്യ സ്വാമിനാഥൻ ജനിച്ചത്.
പൂനെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസും ഡൽഹി എയിംസിൽ നിന്ന് പീഡിയാട്രിക്സിൽ എംഡിയും കരസ്ഥമാക്കി. ലൊസാഞ്ചലസിലെ ചിൽഡ്രൻസ് ഹോസ്പിറ്റൽ അടക്കമുള്ള പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്ന് ഉപരി പഠനവും ഗവേഷണവും പൂർത്തിയാക്കിയിട്ടുണ്ട്.