കലാപമുണ്ടായി രണ്ട് വര്‍ഷത്തിന് ശേഷം മണിപ്പൂര്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിൽ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. സംസ്ഥാനത്ത് 8000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. കുക്കി-മെയ്തെയ് വിഭാഗക്കാരോട് മോദി പ്രത്യേകം കൂടിക്കാഴ്ച നടത്തി.
വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലെ മൂന്ന് ദിവസത്തെ സന്ദർശനത്തിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിലെത്തിയത്. 2023-ൽ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനം. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു. കനത്ത സുരക്ഷയിലായിരുന്നു സന്ദര്‍ശനം. കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പൂരിലും മെയ്തെയ് സ്വാധീന മേഖലയും തലസ്ഥാന ജില്ലയുമായ ഇംഫാലിലും മോദി പൊതുസമ്മേളനങ്ങളിൽ സംസാരിച്ചു.
ആറ് മണിക്കൂര്‍ നേരം മണിപ്പൂരില്‍ തങ്ങിയ പ്രധാനമന്ത്രി വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിട്ടു. മണിപ്പൂരിന്‍റെ വികസനമാണ് തന്‍റെ ലക്ഷ്യമെന്നും സമാധാനവും ഐക്യവും പുനഃസ്ഥാപിക്കാൻ ജനങ്ങള്‍ തയാറാവണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വംശീയ കലാപം കാരണം വീടുകൾ നഷ്ടപ്പെട്ടവരെയും കലാപ ബാധിതരെയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. കനത്ത മഴയെതുടർന്ന് ഹെലികോപ്റ്റർ യാത്ര ഉപേക്ഷിച്ച് റോഡ് മാർഗമായിരുന്നു മണിപ്പൂരിലെ യാത്ര.
നരേന്ദ്ര മോദിയുടെ സന്ദർശനവും പ്രഖ്യാപനങ്ങളും പശ്ചാത്താപമായി കാണാന്‍ കഴിയില്ലെന്നും മുറിവേറ്റവർക്കുമേലുള്ള ക്രൂരമായ പ്രഹരമാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു. രണ്ട് വർഷത്തിന് ശേഷമാണെങ്കിലും മോദി മണിപ്പൂരിലെത്തിയതിൽ സന്തോഷമുണ്ടെന്നും വളരെ നേരത്തെ ചെയ്യേണ്ട കാര്യമായിരുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
നരേന്ദ്രമോദിയുടെ സന്ദർശനത്തിന് എതിരെ നിരോധിത സംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു. മണിപ്പൂരിലെ വംശീയ കലാപത്തിൽ മുന്നൂറോളം പേരാണ് കൊല്ലപ്പെട്ടത്. 60000 ത്തിലധികം പേർ കുടിയിറക്കപ്പെട്ടു. കലാപത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം തുടരുകയാണ്.