ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ജമ്മു കശ്മീരിലെ റിയാസിയിൽ ചെനാബ് നദിക്ക് കുറുകെ 359 മീറ്റർ ഉയരത്തിലാണ് ഇന്ത്യയുടെ ഈ എൻജിനീയറിംഗ് വിസ്മയം. കൊടുങ്കാറ്റോ, ഭൂകമ്പമോ, ഭീകരാക്രമണമോ, അങ്ങനെ എന്തും നേരിടാൻ പോന്ന ഒരു പാലത്തിലൂടെ താഴ്‌വര റെയിൽ ശൃംഖലയിലേക്ക് ബന്ധിപ്പിക്കുകയാണ് ഇന്ത്യൻ റെയിൽവേ. രാജ്യത്തെ ആദ്യ റെയിൽവേ തൂക്കുപാലമായ അൻജി ഖഡ് പാലവും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.
ഈഫൽ ടവറിനേക്കാൾ ഉയരത്തിൽ ഒരു റെയിൽവേ പാലം. കശ്മീര്‍ താഴ്‌വര ഇന്ത്യയിലെ റെയില്‍ ശൃംഖലയുമായി നേരിട്ടു ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന പദ്ധതി. ചെനാബ് റെയില്‍വേ പാലം ഒരു എന്‍ജിനീയറിങ് വിസ്മയം മാത്രമല്ല, ബാരാമുള്ളയെയും ശ്രീനഗറിനെയും ജമ്മുവുമായി ബന്ധിപ്പിക്കുന്ന ഈ വമ്പൻ റെയിൽവേ പാലം തുറക്കുന്നത് കശ്മീരിന്‍റെ സഞ്ചാര, സാമൂഹ്യ, സാമ്പത്തിക, ടൂറിസം മേഖലകളിലെ അനന്ത സാധ്യതകളാണ്.
ഭൂമിശാസ്ത്രപരമായ വെല്ലുവിളികളെ മറികടന്ന ഇന്ത്യയുടെ എൻജിനീയറിംഗ് വൈഭവം. 359 മീറ്റർ ഉയരവും 1315 മീറ്റർ നീളവുമുള്ള പാലം. 28,660 മെട്രിക് ടണ്‍ ഉരുക്കാണ് ഈ കൂറ്റന്‍ പാലത്തിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പാലത്തിന്റെ കരുത്തു കൂട്ടുന്നതിന് ആര്‍ച്ചിലുള്ള ഉരുക്കു പെട്ടികളില്‍ കോണ്‍ക്രീറ്റ് നിറച്ചിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 8 വരെ തീവ്രതയുള്ള ഭൂകമ്പങ്ങളെയും 260 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനെയും അതിജീവിക്കാനുള്ള കരുത്തും പാലത്തിനുണ്ടെന്ന് റെയിൽവേ അവകാശപ്പെടുന്നു.
രാജ്യത്തെ ആദ്യ റെയിൽവേ തൂക്കുപാലമായ അൻജി ഖഡ് പാലവും ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഒറ്റ തൂണിൽ 96 കേബിളുകൾ താങ്ങി നിർത്തുന്ന മറ്റൊരു വിസ്മയമാണ് അൻജി ഖഡ് പാലം. 473 മീറ്ററാണ് പാലത്തിൻ്റെ നീളം.
ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലിങ്ക് പദ്ധതിയുടെ ഭാഗമായ 272 കിലോമീറ്റർ പാതയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കുന്നത്. 43,780 കോടി ചെലവിൽ നിർമ്മിച്ച പാതയിൽ 36 ടണലുകളും 943 പാലങ്ങളുമാണുള്ളത്. കശ്മീർ താഴ്വരയെ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന പാത തുറക്കുന്നതോടെ കത്രക്കും ശ്രീനഗറിനും ഇടയിലുള്ള യാത്രാസമയം മൂന്ന് മണിക്കൂർ കുറയും. രണ്ട് വന്ദേഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. നേരത്തേ, ഏപ്രിലിൽ നടക്കേണ്ട ഉദ്ഘാടനം പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
ചെനാബിന് കുറുകെ 110 കിലോമീറ്റർ വേഗതയിൽ ഇനി വന്ദേഭാരത് ട്രെയിനുകൾ ചീറിപ്പായും. താഴ്‌വര ഒറ്റയ്ക്കല്ല, കന്യാകുമാരി മുതല്‍ കശ്മീർ വരെ ഇനി തീവണ്ടികള്‍ തടസമില്ലാതെ ഓടും.