''ഹിന്ദു ധര്‍മത്തെ അപകീര്‍ത്തിപ്പെടുത്താന്‍ രാജ്യവിരുദ്ധര്‍ ഉപയോഗിക്കുന്നു''; സംഭാവനക്കൊള്ളയിൽ ആര്‍എസ്എസ്സിന്റെ ആദ്യ പ്രതികരണം

ട്രസ്റ്റിനെ കുറ്റപ്പെടുത്താതെയാണ് ആര്‍എസ്എസ് മേധാവിയുടെ പ്രതികരണം
''ഹിന്ദു ധര്‍മത്തെ അപകീര്‍ത്തിപ്പെടുത്താന്‍ രാജ്യവിരുദ്ധര്‍ ഉപയോഗിക്കുന്നു''; സംഭാവനക്കൊള്ളയിൽ ആര്‍എസ്എസ്സിന്റെ ആദ്യ പ്രതികരണം
Published on
Updated on

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര ഫണ്ട് തട്ടിപ്പില്‍ പ്രതികരണവുമായി ആര്‍എസ്എസ്. ഹിന്ദു വിശ്വാസികളെയും രാമഭക്തരേയും ആഴത്തില്‍ വേദനിപ്പിക്കുന്ന സംഭവമാണ് രാമക്ഷേത്രത്തില്‍ നടന്നതെന്നാണ് ആര്‍എസ്എസ്സിന്റെ പ്രതികരണം. അയോധ്യ സംഭാവന കൊള്ള പുറത്തു വന്നതിനു ശേഷം ആദ്യമായാണ് ആര്‍എസ്എസ്സിന്റെ പ്രതികരണം വരുന്നത്.

ഭക്തരുടെ സംഭാവന കവര്‍ന്നത് കടുത്ത വേദനയുണ്ടാക്കുന്നതാണെന്നും ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന എസ്‌ഐടി അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് മതിയായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തെ ശ്രീരാമജന്മ ഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അസാധാരണ നടപടിയായി പരിഗണിക്കണം. ക്ഷേത്ര ഭരണത്തിലും മാനേജ്‌മെന്റിലുമുള്ള വീഴ്ചകള്‍ പരിഹരിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍എസ്എസും മുഴുന്‍ ഹിന്ദു സമൂഹവും പ്രതീക്ഷിക്കുന്നു. അയോധ്യ ക്ഷേത്രത്തിലെ ദശലക്ഷക്കണക്കിന് ശ്രീരാമ ഭക്തരുടെ വിശ്വാസവും ഭക്തിയും തകരാതിരിക്കാന്‍ ഇത്തരം നടപടികള്‍ അത്യന്താപേക്ഷിതമാണ്. നിലവിലെ ആശയക്കുഴപ്പങ്ങള്‍ക്കും അനിശ്ചിതാവസ്ഥയ്ക്കും അറുതിവരുത്തണം. എന്നിങ്ങനെയാണ് പ്രസ്താവനയിൽ പറയുന്നത്.

''ഹിന്ദു ധര്‍മത്തെ അപകീര്‍ത്തിപ്പെടുത്താന്‍ രാജ്യവിരുദ്ധര്‍ ഉപയോഗിക്കുന്നു''; സംഭാവനക്കൊള്ളയിൽ ആര്‍എസ്എസ്സിന്റെ ആദ്യ പ്രതികരണം
അയോധ്യയില്‍ നടന്നത് വലിയ വഞ്ചന; പ്രധാനമന്ത്രിക്ക് കത്തയച്ച് കെ.സി. വേണുഗോപാല്‍

ഇന്ന് വൈകിട്ടോടെയാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന പുറത്തു വരുന്നത്. ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. ഹിന്ദു വിരുദ്ധരും രാജ്യവിരുദ്ധരും ഹിന്ദു ധര്‍മത്തെ അപകീര്‍ത്തിപ്പെടുത്താന്‍ സംഭവത്തെ ഉപയോഗിക്കുകയാണെന്നും ഹൊസബാളെ പറയുന്നുണ്ട്. ഇത്തരം 'ഗൂഢാലോചനകളെ' പരാജയപ്പെടുത്തുന്നതിന് 'ഈ ദുഷ്‌കരമായ സമയത്ത്' ഹിന്ദു സമൂഹം ക്ഷമയും സംയമനവും പാലിക്കണമെന്നും ആഹ്വാനം ചെയ്തു.

ഫണ്ട് തട്ടിപ്പില്‍ സംശയ നിഴലിലുള്ള ട്രസ്റ്റിനെ കുറ്റപ്പെടുത്താതെയാണ് ആര്‍എസ്എസ് മേധാവിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. ഭരണപരമായ വീഴ്ചകള്‍ ട്രസ്റ്റ് പരിഹരിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്.

അതേസമയം, ക്ഷേത്രത്തില്‍ തിരിമറി നടന്നുവെന്നത് വ്യക്തമാണെന്ന പ്രതികരണവുമായി ബജ്രംഗ് ദള്‍ സ്ഥാപകന്‍ വിനയ് കട്യാര്‍ രംഗത്തുവന്നു. വിഷയത്തില്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചു. ചമ്പത് റായിക്കും ഗോപാല്‍ റാവുവിനും ജയിലില്‍ പോകേണ്ടി വന്നേക്കാമെന്നും വിനയ് കട്യാര്‍ തുറന്നടിച്ചു.

ചമ്പത്ത് റായ്, ട്രസ്റ്റ് മുന്‍ അംഗം അനില്‍ മിശ്ര, ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റര്‍ ഗോപാല്‍ റാവു എന്നിവരെ കഴിഞ്ഞ ദിവസം ഏഴുമണിക്കൂറാണ് എസ്‌ഐടി ചോദ്യം ചെയ്തത്. കൊള്ള ബിജെപിയെ പ്രതിരോധത്തിലാക്കുമ്പോള്‍ വിഷയം മഹാരാഷ്ട്രയില്‍ രാഷ്ട്രീയ ആയുധമാക്കുകയാണ് ശിവസേന ഉദ്ദവ് വിഭാഗം. 'രാമ രക്ഷ ആരതി' എന്നപേരില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് മറ്റന്നാള്‍ മുംബൈയില്‍ തുടക്കമാകും.

''ഹിന്ദു ധര്‍മത്തെ അപകീര്‍ത്തിപ്പെടുത്താന്‍ രാജ്യവിരുദ്ധര്‍ ഉപയോഗിക്കുന്നു''; സംഭാവനക്കൊള്ളയിൽ ആര്‍എസ്എസ്സിന്റെ ആദ്യ പ്രതികരണം
അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്; അന്വേഷണം സിബിഐക്ക് വിടാന്‍ നീക്കം

കേസില്‍ പൊലീസിന്റെയും എസ്‌ഐടിയുടെയും അന്വേഷണവും പുരോഗമിക്കുകയാണ്. നാല്‍പ്പത്തിയഞ്ച് ദിവസത്തെ സിസിടിവി പരിശോധനയില്‍ പ്രതികള്‍ പണം മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ അന്വേഷണ സംഘം കണ്ടെടുത്തു. സംഭാവന എണ്ണുന്ന മുറിയില്‍ നിന്ന് പണം കടത്തുന്നതിന് മുന്‍പ് വസ്ത്രത്തിന് ഉള്ളിലും സോക്‌സിനുള്ളിലും ഒളിപ്പിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. അറസ്റ്റിലായ എട്ടുപേരില്‍ അഞ്ചുപേരും പണം മോഷ്ടിക്കുന്നത് ദൃശ്യങ്ങളില്‍ ഉണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.

പ്രതികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഇതുവരെ ഒരു കോടിയിലധികം രൂപ കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായ എട്ടുപേരില്‍ ആറുപേരെയും വാരാണസി ആസ്ഥാനമായുള്ള സ്വകാര്യ ഏജന്‍സി മുഖേന എസ്ബിഐയാണ് ക്ഷേത്രത്തിലെ പണം എണ്ണുന്ന ജോലിക്ക് നിയോഗിച്ചിരുന്നത്. നിയമനവുമായി ബന്ധമില്ലെന്നും എന്ത് ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കുന്നു എന്നത് ബാങ്കിന്റെ തീരുമാനം ആണെന്നും സൈനിക് സെക്യൂരിറ്റി ഏജന്‍സി വിശദീകരിച്ചു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ആര്‍എസ്എസിലും ബിജെപിയിലും ശക്തമാണെങ്കിലും എസ്‌ഐടി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമായിരിക്കും യുപി സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ഈ മാസം ഇരുപത്തിയൊന്നിന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ വിഷയം പ്രതിപക്ഷം ആയുധമാക്കുമെന്നരിക്കെ അതിനു മുന്‍പ് സിബിഐയ്ക്ക് വിട്ടുള്ള തീരുമാനം ഉണ്ടാകും.

News Malayalam 24x7
newsmalayalam.com