വരാനിരിക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പ്രതികരണത്തിൽ രസകരമായ നിരീക്ഷണവുമായി പ്രശാന്ത് കിഷോർ. 2025 ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ ജൻ സ്വരാജ് "ഒന്നുകിൽ ഒന്നാമതോ അവസാനമോ ആയിരിക്കും, പക്ഷെ ആരുമായും സഖ്യമുണ്ടാക്കില്ലെന്നും, 243 സീറ്റുകളിലും മത്സരിക്കുമെന്നും കിഷോർ പറഞ്ഞു.
മുൻകാലങ്ങളിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായും കൺസൾട്ടന്റായും പ്രവർത്തിച്ചിരുന്ന പ്രശാന്ത് കിഷോർ സ്വന്തം പാർട്ടിക്കായി ഇപ്പോൾ കഠിനാധ്വാനം ചെയ്യുകയാണെന്നും വെളിപ്പെടുത്തി. താൻ മത്സരിക്കണോ വേണ്ടയോ എന്ന് നാലോ അഞ്ചോ ദിവസത്തിനുള്ളിൽ തീരുമാനിക്കുമെന്ന് കിഷോർ പറഞ്ഞു. കുടുംബം ഇതിന്റെ ഭാഗമാകില്ലെന്നും അദ്ദേഹം അറിയിച്ചു. ദേശീയ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രതികരണം.
മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും കിഷോർ ആഞ്ഞടിച്ചു. നിതീഷ് കുമാറിന് ഇനി സംസ്ഥാന ഭരണം നിയന്ത്രിക്കാൻ കഴിയില്ല. നിതീഷ് കുമാർ ഒരു മോശം വ്യക്തിയല്ലായിരിക്കാം, പക്ഷേ അദ്ദേഹത്തിന് ചുറ്റുമുള്ള നേതാക്കളും ഉദ്യോഗസ്ഥരും കൊള്ളയടിക്കുകയാണ്. നിതീഷ് കള്ളനല്ലെങ്കിൽ പിന്നെ ആരാണ് മോഷ്ടിക്കുന്നത്?" കിഷോർ ചോദിച്ചു.
തെരഞ്ഞെടുപ്പിൽ ജനതാദൾ (യുണൈറ്റഡ്) അഥവാ ജെഡിയു 25 ൽ താഴെ സീറ്റുകൾ മാത്രമേ നേടൂ എന്നും ബിജെപിക്കും നഷ്ടം സംഭവിക്കുമെന്നും പ്രതിപക്ഷ സഖ്യം മൂന്നാം സ്ഥാനത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ സംസ്ഥാനത്തെ സ്ത്രീകൾക്ക് 10,000 രൂപ ധനസഹായം നൽകാനുള്ള ബിഹാർ സർക്കാരിന്റെ പദ്ധതിയേയും കിഷോർ പരിഹസിച്ചു. അതൊരു ലളിതമായ കൈക്കൂലി മാത്രമാണെന്നും ഗെയിം ചേഞ്ചർ അല്ലെന്നും അദ്ദേഹം പറഞ്ഞു.