ഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖഡിന്റെ രാജിയിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് വേണ്ടിയുള്ള ധന്‍ഖഡിന്റെ ദീർഘകാല സേവനത്തിന് ആശംസകൾ നേർന്നുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ധൻഖഡിന് ആയുരാരോഗ്യ സൗഖ്യം നേരുന്നെന്നും മോദി എക്സിൽ കുറിച്ചു.
"ഇന്ത്യയുടെ ഉപരാഷ്ട്രപതി പദവി ഉൾപ്പെടെ വിവിധ റോളുകളിൽ ശ്രീ ജഗ്ദീപ് ധന്‍ഖഡ് നമ്മുടെ രാജ്യത്തെ സേവിച്ചിട്ടുണ്ട്. ജഗ്ദീപ് ധന്‍ഖഡിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു," പ്രധാനമന്ത്രി എക്‌സ് പോസ്റ്റിൽ കുറിച്ചു.
തിങ്കളാഴ്ച വൈകീട്ടാണ് ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധന്‍ഖഡ് രാജി വെച്ചത്. തൻ്റെ ചുമതല നല്ല രീതിയിൽ നിർവഹിക്കാൻ സഹായിച്ച പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും നന്ദിയെന്ന് രാജിക്കത്തിൽ അദ്ദേഹം പരാമർശിച്ചു.
അഭിമാനത്തോടെയാണ് തൻ്റെ പടിയിറക്കമെന്നും രാജ്യം കൈവരിച്ച പുരോഗതിയിൽ അഭിമാനമുണ്ടെന്നുമായിരുന്നു രാജിക്ക് ശേഷം ജഗ്‌ധീപ് ധന്‍ഖഡിന്റെ പ്രതികരണം. ഭാരതത്തിൻ്റെ ഭാവിയിൽ വലിയ ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്നതിനും വൈദ്യോപദേശം പാലിക്കുന്നതിനുമായി, ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) അനുസരിച്ച്, ഞാൻ ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനം ഉടൻ രാജിവയ്ക്കുന്നു. എൻ്റെ ഭരണകാലത്ത് ഞങ്ങൾ നിലനിർത്തിയ അചഞ്ചലമായ പിന്തുണയ്ക്കും അത്ഭുതകരവുമായ പ്രവർത്തന ബന്ധത്തിനും ബഹുമാനപ്പെട്ട രാഷ്ട്രപതിക്ക് എന്റെ അഗാധമായ നന്ദി അറിയിക്കുന്നു," ധൻഖഡ് കത്തിൽ എഴുതി.
"ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും ബഹുമാനപ്പെട്ട മന്ത്രിമാർക്കും ഞാൻ എൻ്റെ അഗാധമായ നന്ദി അറിയിക്കുന്നു. പ്രധാനമന്ത്രിയുടെ സഹകരണവും പിന്തുണയും വിലമതിക്കാനാവാത്തതാണ്. എൻ്റെ ഭരണകാലത്ത് ഞാൻ ധാരാളം കാര്യങ്ങൾ പഠിച്ചു. എല്ലാ ബഹുമാനപ്പെട്ട പാർലമെൻ്റ് അംഗങ്ങളിൽ നിന്നും എനിക്ക് ലഭിച്ച ഊഷ്മളതയും വിശ്വാസവും വാത്സല്യവും എന്നെന്നും ഓർമ്മിക്കും. നമ്മുടെ മഹത്തായ ജനാധിപത്യത്തിൽ ഉപരാഷ്ട്രപതി എന്ന നിലയിൽ ഞാൻ നേടിയ വിലമതിക്കാനാവാത്ത അനുഭവങ്ങൾക്കും ഉൾക്കാഴ്ചകൾക്കും ഞാൻ അഗാധമായ നന്ദിയുള്ളവനാണ്," ജഗ്ദീപ് ധൻഖഡ് രാജിക്കത്തിൽ എഴുതി.