ഉത്തർപ്രദേശ്: ഹാപൂരിൽ ഒൻപതാം ക്ലാസുകാരിക്ക് നേരെ സ്കൂൾ പ്രിൻസിപ്പൽ കൊലവിളി നടത്തിയെന്ന് ആരോപണം. വിദ്യാർഥിയെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ വിദ്യാർഥി പൊലീസിൽ പരാതി നൽകി.
ഹാപൂരിലെ പിൽഖുവ വിഐപി ഇന്‍റര്‍ കോളജിലാണ് സംഭവം.വിദ്യാർഥിനി സുഹൃത്തിനൊപ്പം ക്ലാസ് മുറിക്ക് പുറത്ത് നിൽക്കുന്നത് പ്രിൻസിപ്പൽ ചോദ്യം ചെയ്തിരുന്നു. തുടർന്ന് വിദ്യാർഥിയെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് മർദിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി.
സംഭവവുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രിൻസിപ്പൽ ഓഫീസിനുള്ളിൽ രണ്ട് യുവതികളും, പെൺകുട്ടിയുടെ കുടുംബത്തിൽ നിന്നുള്ള ഒരു പുരുഷനും നിൽക്കുന്നതായി കാണാം. വീഡിയോയിൽ, പ്രിൻസിപ്പൽ തുടർച്ചയായി ചീത്ത വിളിക്കുന്നുണ്ട്. വിദ്യാർഥിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി കാണാം. " നിനക്ക് എന്ത് വേണമെങ്കിലും ചെയ്യാം. ഞാൻ അവളെ കൊല്ലും. അവൾ എൻ്റെ കൈ പിടിച്ചാൽ ഞാൻ അവളെ കൊല്ലും," വീഡിയോയിൽ പ്രിൻസിപ്പൽ ഇങ്ങനെ പറയുന്നതായി കാണാം.
അവളൊരു കുഞ്ഞാണെന്നും, നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയില്ലെന്നും വിദ്യാർഥിനിയുടെ മാതാപിതാക്കൾ പറയുന്നുണ്ട്. സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് വിദ്യാർഥിനിയുടെ കുടുംബം പിൽഖുവ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.