

ഇറാനില്‍ ഭരണവിരുദ്ധ പ്രക്ഷോഭം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കാർ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്രകൾ വേണ്ടെന്നാണ് നിർദേശം. നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരും നയതന്ത്ര ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം. പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉള്ള സ്ഥലങ്ങളിലേക്ക് പോകരുതെന്നും കേന്ദ്രം നിർദേശിച്ചു.
ഇറാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ ഇന്ത്യൻ മിഷനിൽ രജിസ്റ്റർ ചെയ്യണം. റസിഡന്റ് വിസയിൽ താമസിക്കുന്നവർ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്താവനയില്‍ പറയുന്നു. ടെഹ്റാനിലെ ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടും നിരന്തരം നിരീക്ഷിക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെ തുടർന്നാണ് ഇറാനിൽ ജനകീയ പ്രക്ഷോഭത്തിന് തുടക്കമായത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ച പ്രക്ഷോഭത്തിനിടെ ഇതുവരെ 20ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം, പ്രതിഷേധക്കാർക്കെതിരെ ആക്രമണം തുടർന്നാൽ അമേരിക്ക ഇടപെടുമെന്നും ഡൊണാൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.