അജ്‌മീർ: രാജസ്ഥാനിലെ ഏറ്റവും പ്രശസ്തമായ പുഷ്കർ മേളയ്ക്ക് തുടക്കമായി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒട്ടക മേളയായ പുഷ്കർ മേള മൂന്നാഴ്ചയാണ് നീണ്ടുനിൽക്കുക. നവംബർ 7 വരെ നടക്കുന്ന മേളയിൽ ഒട്ടകങ്ങൾ, ചെമ്മരിയാടുകൾ, കോലാടുകൾ, പശുക്കൾ തുടങ്ങി എല്ലാ കന്നുകാലികളേയും വാങ്ങാനും വിൽക്കാനും സാധിക്കും.
ആൺ, പെൺ ഒട്ടകങ്ങൾ മുതൽ നൃത്തമാടാൻ പരിശീലിച്ച ഒട്ടകങ്ങൾ വരെ മേളയിൽ വിൽപനയ്ക്കെത്തും. വർണാഭമായ വസ്ത്രങ്ങൾ കൊണ്ട് അലങ്കരിച്ച ഒട്ടകങ്ങളെ മേളയിൽ കാണാം. കാണാം. പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന നാടോടി സംഗീതവും നൃത്ത പരിപാടികളും പരിപാടി ഏറെ ആസ്വാദ്യകരമാക്കുന്നു. ഒട്ടകങ്ങളുടെയും കന്നുകാലികളുടെയും വിവിധ മത്സരങ്ങളും മറ്റ് പരിപാടികളും മേളയിൽ നടക്കും.
ലോകത്തിലെ ഏറ്റവും പഴയ ബ്രഹ്മാ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പുഷ്കർ പുണ്യസ്ഥലമായാണ് കണക്കാക്കുന്നത്. പുണ്യ ദിവസങ്ങളിൽ ഇവിടെയുള്ള പുഷ്കർ തടാകത്തിൽ കുളിച്ചാൽ പാപങ്ങൾ കഴുകിക്കളയാം എന്നൊരു വിശ്വാസവും നിലനിൽക്കുന്നുണ്ട്. രാജസ്ഥാനിലെ അജ്മീറിനടുത്താണ് പുഷ്കർ സ്ഥിതി ചെയ്യുന്നത്.