

ഡൽഹി: ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾക്ക് അവധി നൽകി രാഹുൽ ഗാന്ധി വിയറ്റ്നാമിലേക്ക് പോയെന്ന് റിപ്പോർട്ട്. ഇന്നലെ ഉച്ചയോടെ രാഹുൽ വിയറ്റ്നാം നഗരമായ ഹാനോയിലേക്ക് വിമാനം കയറിയെന്നാണ് റിപ്പോർട്ടുകൾ. രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം കത്തിയാളുന്നതിനിടെ രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയതിനെപ്പറ്റി രൂക്ഷ പരിഹാസമാണ് ബിജെപി തൊടുക്കുന്നത്. സമരത്തിന് ആഹ്വാനം ചെയ്ത നേതാവ്, വിദേശത്ത് ആഘോഷത്തിലാണ് എന്ന രൂക്ഷ പരിഹാസവുമായി ബിജെപി രംഗത്തെത്തി. ഏറ്റവും നന്നായി ചെയ്യാനറിയുന്ന കാര്യത്തിലേക്ക് രാഹുൽ തിരിച്ചെത്തിയെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയുടെ പരിഹാസം. വിദേശത്ത് കുഴപ്പങ്ങളുണ്ടാക്കുന്ന കൂട്ടാളികളുമായി കൂടിക്കാഴ്ച നടത്തുകയാണോ രാഹുൽ എന്നും ഭണ്ഡാരിയുടെ ചോദ്യം. എന്നാൽ രാഹുൽ വിദേശത്താണെന്ന റിപ്പോർട്ടുകളോട് കോൺഗ്രസ് നേതാക്കൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, കസ്റ്റഡിയിലുള്ള സിജെപി നേതാക്കളായ അശുതോഷ് റാങ്കെയുടേയും സൗരവ് ദാസിൻ്റേയും ജാമ്യത്തിൽ ഇതുവരേയും തീരുമാനമായില്ല. ഡൽഹി പൊലീസിന് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇരുവരും അറിയിച്ചു. ഡൽഹി പൊലീസിലെ എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെ ചുമതല നല്‍കിയിരിക്കുന്നത്. സമാധാനാന്തരീക്ഷത്തിന് വെല്ലുവിളിയാകുന്ന ഒരു പരാമര്‍ശം പോലും ഒരു വര്‍ഷത്തേക്ക് പാടില്ലെന്ന ജാമ്യവ്യവസ്ഥ പ്രതിഷേധക്കാരെ നിശബ്ദമാക്കാനാണെന്നാണ് സിജെപിയുടെ ആക്ഷേപം. ജാമ്യത്തിനായി പീസ് ബോണ്ടിൽ ഒപ്പിടണമെന്ന പൊലീസ് നിർദേശത്തിന് എതിരെ ഐസ നേതാവ് നേഹ ബോറയും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.
സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ഇതാദ്യമായി ദേശീയപ താക വീശിയതിന്റെ പേരിൽ ജയിലിലാകുന്ന അവസ്ഥയാണ് ഇപ്പോൾ രാജ്യത്തുള്ളതെന്ന് എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് ന്യൂസ് മലയാളത്തോട് പറഞ്ഞു. പക്ഷേ, ജനകീയ പ്രക്ഷോഭങ്ങൾക്ക് പിന്നാലെ ഇന്ത്യയിലെ ജനങ്ങൾ ഭയമില്ലാതെ സംസാരിക്കുന്നവരായി മാറി. പൗരത്വവിരുദ്ധ നയങ്ങൾ തുറന്ന് കാട്ടാൻ ശ്രമിക്കുന്നവരെയെല്ലാം കേന്ദ്രം ലക്ഷ്യം വയ്ക്കുകയാണ്. പക്ഷേ പോരാട്ടങ്ങൾ തുടരുക തന്നെ ചെയ്യുമെന്നും ഐഷി ഘോഷ് പറഞ്ഞു. നവരാത്രി അവധിക്കാലമായിട്ടും ഡൽഹിയിലും രാജ്യത്തെ വിവിധ നഗരങ്ങളിലും ചെറു കൂട്ടങ്ങളായി മിന്നൽ പ്രക്ഷോഭങ്ങൾ തുടരുകയാണ്.