ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ പാർട്ടി പ്രവർത്തകർക്കുള്ള പരിശീലന സെഷനിൽ വൈകിയെത്തിയതിന് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശിക്ഷയായി ലഭിച്ചത് 10 പുഷ് അപ്പുകൾ. കോൺഗ്രസിൻ്റെ പാർട്ടി പരിപാടികളിൽ വൈകിയെത്തരുത് എന്ന ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എളുപ്പത്തിൽ പാലിച്ചതിനാൽ പിന്നീട് വൈകിയെത്തിയ ജില്ലാ കോൺഗ്രസ് പ്രസിഡൻ്റുമാർക്കും അൽപ്പം വിയർക്കേണ്ടി വന്നു. അവരും ശിക്ഷയായി പുഷ് അപ് എടുക്കേണ്ടി വന്നു.
ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ തിരിക്കുകൾക്ക് ഇടയിലാണ് രാഹുൽ മധ്യപ്രദേശിലെത്തിയത്. ഇതോടെ ഭോപ്പാലിലെ പച്‌മറിയിൽ നടന്ന കോൺഗ്രസ് പാർട്ടിയുടെ സംഘടനാ യോഗം രസകരമായ സംഭവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. കോൺഗ്രസ് സംഘടനാ തലങ്ങളെ പുനഃസംഘടിപ്പിക്കാൻ ഒരുക്കിയ 'സംഘടൻ ശ്രീജൻ അഭിയാൻ' എന്ന പരിപാടിയാണ് ദേശീയതലത്തിൽ വാർത്താപ്രാധാന്യം നേടിയത്.
പരിശീലന മേധാവിയായിരുന്ന സച്ചിൻ റാവു ആണ് രാഹുൽ ഗാന്ധിയോട് വൈകി വരുന്നവർക്ക് ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്ന് ഓർമിപ്പിച്ചത്. എന്താണ് ചെയ്യേണ്ടതെന്ന് രാഹുൽ ചോദിച്ചപ്പോൾ, കുറഞ്ഞത് 10 പുഷ് അപ്പുകളെങ്കിലും ചെയ്യണമെന്ന് റാവു മറുപടി നൽകി.
വെള്ള ടീ ഷർട്ടും പാൻ്റും ധരിച്ചെത്തിയ രാഹുൽ ഗാന്ധി ശിക്ഷാ നടപടി തൽക്ഷണം അനുസരിച്ചു. ജില്ലാ പ്രസിഡൻ്റുമാരും അദ്ദേഹത്തെ പിന്തുടർന്നു. ഇതോടെ സച്ചിൻ റാവുവിൻ്റെ തമാശ നിറഞ്ഞ പരാമർശം പാർട്ടി ക്യാംപിൽ ഒരു കൂട്ടായ വ്യായാമ പരിപാടിയായി മാറി. ജില്ലാ പ്രസിഡൻ്റുമാരിൽ നിന്ന് ഞങ്ങൾക്ക് വളരെ നല്ല പ്രതികരണമാണ് ലഭിച്ചതെന്നാണ് രാഹുൽ ഗാന്ധി ഇതേക്കുറിച്ച് പിന്നീട് പ്രതികരിച്ചത്.