

ഡൽഹി: പൊതു പരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയാൻ ശിക്ഷ കർശനമാക്കുന്ന ബിൽ ലോക്സഭ പാസാക്കി. മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. അതേസമയം പ്രതിപക്ഷ നിർദേശം സർക്കാർ വോട്ടിനിട്ട് തള്ളി.
കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചത്. ചോദ്യപേപ്പർ ചോർച്ച കേസിൽ നിലവിൽ മൂന്നുമുതൽ അഞ്ചുവർഷം വരെയാണ് തടവുശിക്ഷ. ഇത് അഞ്ചുമുതൽ പത്തുവർഷം വരെയായി ഉയർത്തും. പിഴ പത്തുലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപ വരെയാക്കും എന്നതാണ് ഭേദഗതി.
പരീക്ഷാ നടത്തിപ്പിൻ്റെ ക്രമക്കേടുകൾക്കുള്ള പിഴ ഒരു കോടി രൂപയിൽനിന്ന് അഞ്ചു കോടിയാക്കും. ഇത്തരം സ്ഥാപനങ്ങൾക്ക് പൊതു പരീക്ഷകളുടെ ചുമതലയിൽ നിന്നുള്ള വിലക്ക് എട്ടു വർഷമായി ഉയർത്തും. അന്വേഷണം രണ്ടുമാസത്തിനകം പൂർത്തിയാക്കണം എന്നിങ്ങനെയുള്ള ഭേദഗതി അടങ്ങുന്നതാണ് ബിൽ.