രാജ്യത്തെ ട്രെയിനുകളിൽ സിസിടിവി സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ. കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കെടുത്ത യോഗത്തിലാണ് തീരുമാനമായത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ നടപടി. യാത്രക്കാരുടെ സ്വകാര്യത നിലനിർത്തുന്നതിന്, വാതിലുകൾക്ക് സമീപമുള്ള സഞ്ചാര മേഖലയിലാകും സിസിടിവി ക്യാമറകൾ സ്ഥാപിക്കുക. കോച്ചുകളിൽ ഓരോ പ്രവേശന വഴിയിലും 2 ക്യാമറകൾ സ്ഥാപിക്കും. ഓരോ റെയിൽ കോച്ചിലും 4 സിസിടിവി ക്യാമറകളും എൻജിനിൽ 6 ക്യാമറകളും സ്ഥാപിക്കാനാണ് തീരുമാനം.
നേരത്തെ പരീക്ഷണ അടിസ്ഥാനത്തിൽ പാസഞ്ചർ കോച്ചുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇങ്ങനെ ക്യാമറകള്‍ സ്ഥാപിച്ച ട്രെയിനുകളില്‍ യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സംഘടിത കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് എല്ലാ ട്രെയിനുകളിലും ക്യാമറ സ്ഥാപിക്കാന്‍ റെയിൽവേ തീരുമാനിച്ചത്. 100 കിലോമീറ്റര്‍ വേഗതയും കുറഞ്ഞ പ്രകാശമുണ്ടെങ്കില്‍ പോലും ഉയര്‍ന്ന റെസല്യൂഷനില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്ന ക്യാമറകളാണ് സ്ഥാപിക്കുകയെന്ന് റെയിൽവേ വ്യക്തമാക്കി.
74,000 പാസഞ്ചര്‍ ട്രെയിന്‍ കോച്ചുകളിലും 15,000 എഞ്ചിനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനാണ് കേന്ദ്ര റെയിൽ മന്ത്രി അനുമതി നൽകിയത്. 360 ഡിഗ്രിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ക്യാമറകള്‍ പകര്‍ത്തും. കോച്ചുകളിലേക്ക് പ്രവേശിക്കുന്ന വാതിലുകളോട് ചേര്‍ന്നാകും രണ്ടുവീതം ക്യാമറകള്‍ സ്ഥാപിക്കുക. ലോക്കോമോട്ടീവുകളില്‍ ആറെണ്ണം വീതമാണ് സ്ഥാപിക്കുക. മുന്നിലും പിന്നിലും ഒരെണ്ണം, ക്യാബിനുള്ളില്‍ മുന്നിലും പിന്നിലും ഒരെണ്ണം, ലോക്കോമോട്ടീവിന്റെ വശങ്ങളില്‍ ഓരോന്നുവീതവുമാണ് സ്ഥാപിക്കുക. ശബ്ദവും ക്യാമറകള്‍ പിടിച്ചെടുക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷയ്ക്കൊപ്പം ട്രെയിനുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും ഇതിലൂടെ തിരിച്ചറിയാന്‍ സാധിക്കും. യാത്രക്കാരുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്ന തരത്തിലാണ് ക്യാമറകള്‍ സ്ഥാപിക്കുകയെന്നും റെയിൽവേ ഉറപ്പുനൽകി. യാത്രക്കാരുടെ കോച്ചിനകത്തുകൂടിയുള്ള സഞ്ചാരങ്ങള്‍ മാത്രമാകും ക്യാമറകള്‍ റെക്കോര്‍ഡ് ചെയ്യുക. സുരക്ഷിതമായ യാത്രാനുഭവം യാത്രക്കാർക്ക് നൽകുകയെന്നത് ഇന്ത്യൻ റെയിൽവേയുടെ പ്രതിബദ്ധതയാണെന്നും മന്ത്രാലയം അറിയിച്ചു.