ന്യൂ ഡല്‍ഹി: അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം പൈലറ്റ് ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്ന വാദം തള്ളി ഇന്ത്യൻ കൊമേഷ്യന്‍ പൈലറ്റ്‌സ് അസോസിയേഷൻ (ഐസിപിഎ). എഎഐബിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കുന്ന പൈലറ്റുമാരുടെ സംഭാഷണമാണ് ആത്മഹത്യാ വാദത്തിന് കാരണമായത്. എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ച് നീതിയുക്തവും വസ്തുതാധിഷ്ഠിതവുമായ അന്വേഷണം നടത്തണമെന്ന് ശനിയാഴ്ച ഐസിപിഎ ആവശ്യപ്പെട്ടിരുന്നു.
വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകടകാരണമെന്നാണ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) കണ്ടെത്തൽ. ഇന്ധന സ്വിച്ചുകൾ ഒരു കാരണവശാലും തനിയെ റൺ മോഡിൽ നിന്ന് ഓഫ് മോഡിലേക്ക് മാറില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയതോടെയാണ് പൈലറ്റ് ജീവനൊടുക്കാന്‍ ശ്രമിച്ചതാണ് അപകട കാരണമെന്ന തരത്തില്‍ പ്രചരിച്ചത്.
ബ്ലാക്ക് ബോക്സില്‍ നിന്നും വീണ്ടെടുത്ത കോക്പിറ്റില്‍ നിന്നുള്ള സംഭാഷണങ്ങളും ആത്മഹത്യാ വാദം ഉന്നയിക്കുന്നവർ ചൂണ്ടിക്കാട്ടി. ഒരു പൈലറ്റ് മറ്റൊരാളോട് "എന്തിനാണ് കട്ട് ഓഫ് ചെയ്തത്" എന്ന് ചോദിക്കുന്നത് ശബ്ദ രേഖകളില്‍ കേൾക്കാം. മറ്റേ പൈലറ്റ് താൻ അങ്ങനെ ചെയ്തില്ലെന്ന് മറുപടിയും നൽകുന്നുണ്ട്. ഇതാണ് പൈലറ്റിൻ്റെ ആത്മഹത്യാ ശ്രമമാണ് വിമാന അപകടത്തിൻ്റെ കാരണമെന്ന ചർച്ചകള്‍ക്ക് കാരണമായത്.
എന്നാല്‍, ഇത്തരം ഊഹാപോഹങ്ങൾ ശരിയല്ലെന്നും എഎഐബി റിപ്പോർട്ടിലെ പരാമർശം ശരിയല്ലെന്നുമാണ് പൈലറ്റ്‌സ് അസോസിയേഷൻ പറയുന്നത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തു വന്നപ്പോൾ തന്നെ വിമർശനവുമായി പൈലറ്റ്‌സ് അസോസിയേഷൻ രംഗത്ത് വന്നിരുന്നു. അന്തിമ റിപ്പോർട്ട് വരുന്നത് വരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്. പൈലറ്റുമാർ വിപുലമായ മാനസികവും പ്രൊഫഷണലുമായ പരിശോധനയ്ക്ക് വിധേയരാകുന്നതാണെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
സുരക്ഷ, ഉത്തരവാദിത്തം, മാനസിക ക്ഷമത എന്നിവയിൽ പൈലറ്റുമാർ മുന്നിലാണ്. എയർ ഇന്ത്യ 171 ക്രൂ അംഗങ്ങള്‍ അപകീർത്തിപ്പെടുത്തലല്ല അർഹിക്കുന്നതെന്നും പൈലറ്റുമാർ അപകടം ഒഴിവാക്കാൻ അവർക്ക് കഴിയാവുന്നതെല്ലാം ചെയ്തുവെന്നും പൈലറ്റ്‌സ് അസോസിയേഷൻ വ്യക്തമാക്കി.
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനം പറത്തിയിരുന്നത് പൈലറ്റ് ക്ലൈവ് കുന്ദറാണ്. പൈലറ്റ് ഇൻ കമാൻഡ് ആയിരുന്നത് സുമീത് സബർബാളും. സുമിത് സബർവാൾ 8600 മണിക്കൂർ വിമാനം പറത്തിയ പൈലറ്റാണ്. കുന്ദർ 1100 മണിക്കൂർ പറത്തൽ പരിചയമുള്ള പൈലറ്റും. അപകടമുണ്ടായ യാത്രയ്ക്ക് മുൻപ് ഇരു പൈലറ്റുമാർക്കും ആവശ്യമായ വിശ്രമവും ലഭിച്ചിരുന്നതായും എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ടിലുണ്ട്.
ജൂണ്‍ 12നാണ് രാജ്യത്തെ നടുക്കിയ വിമാനാപകടം ഉണ്ടായത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീം ലൈനര്‍ വിമാനമാണ് ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നുവീണത്. 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 230 പേര്‍ യാത്രക്കാരും 12 പേര്‍ ജീവനക്കാരുമാണ്. ഇവരില്‍ ഒരാളൊഴികെ എല്ലാവരും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)