"അന്ന് രാജീവ് എനിക്കൊപ്പം പൊട്ടിക്കരഞ്ഞു"; ജീവിതത്തിലെ തീരാവേദന തുറന്നുപറഞ്ഞ് സോണിയ ഗാന്ധി

ആ നഷ്ടം തനിക്കും രാജീവ് ഗാന്ധിക്കും വലിയ ആഘാതമായിരുന്നുവെന്നും സോണിയ ഓർത്തെടുക്കുന്നു
"അന്ന് രാജീവ് എനിക്കൊപ്പം പൊട്ടിക്കരഞ്ഞു"; ജീവിതത്തിലെ തീരാവേദന തുറന്നുപറഞ്ഞ് സോണിയ ഗാന്ധി
Published on: 
Updated on: 

പൊതുജീവിതത്തിൽ അധികമാരും അറിയാത്ത ജീവിതത്തിലെ ഏറ്റവും വേദനാജനകമായ അനുഭവങ്ങളിലൊന്ന് തുറന്നുപറഞ്ഞ് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. രാഹുൽ ഗാന്ധി ജനിക്കുന്നതിന് ഒരു വർഷം മുമ്പ് തങ്ങൾക്ക് നഷ്ടമായ ആദ്യത്തെ കുഞ്ഞിനെക്കുറിച്ചുള്ള ഓർമകളാണ് പുതിയ ഓർമ്മക്കുറിപ്പായ 'ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്' എന്ന പുസ്തകത്തിൽ സോണിയ പങ്കുവെച്ചിരിക്കുന്നത്. 1969 ജനുവരി 18ന് ജനിച്ച ആൺകുഞ്ഞ് ജനിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ മരിക്കുകയായിരുന്നു. ആ നഷ്ടം തനിക്കും രാജീവ് ഗാന്ധിക്കും വലിയ ആഘാതമായിരുന്നുവെന്നും സോണിയ ഓർത്തെടുക്കുന്നു.

സോണിയയുടെ ഗർഭധാരണവാർത്ത ഗാന്ധി കുടുംബത്തിൽ വലിയ സന്തോഷമാണ് ഉണ്ടാക്കിയത്. പൊതുവെ സ്നേഹപ്രകടനങ്ങളിൽ സംയമനം പാലിച്ചിരുന്ന ഇന്ദിരാഗാന്ധി പോലും വാർത്ത അറിഞ്ഞപ്പോൾ അസാധാരണമായ സന്തോഷത്തോടെ മരുമകളെ കെട്ടിപ്പിടിച്ചു. 'ഒരു വലിയ കുഞ്ഞിന് മറ്റൊരു കുഞ്ഞ് ജനിക്കുന്നു' എന്നായിരുന്നു അന്ന് ഇന്ദിരയുടെ പ്രതികരണമെന്നും സോണിയ പുസ്തകത്തിൽ പറയുന്നു.

"അന്ന് രാജീവ് എനിക്കൊപ്പം പൊട്ടിക്കരഞ്ഞു"; ജീവിതത്തിലെ തീരാവേദന തുറന്നുപറഞ്ഞ് സോണിയ ഗാന്ധി
'പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചതിൽ എന്താണ് അത്ഭുതം?'; സോണിയ ഗാന്ധിയുടെ പരാമർശത്തിൽ മറുപടിയുമായി ശർമിഷ്ഠ മുഖർജി

പ്രസവത്തിന് നിശ്ചയിച്ചിരുന്ന തീയതിക്ക് രണ്ട് മാസം മുമ്പ് തന്നെ സോണിയക്ക് പ്രസവവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് 1969 ജനുവരി 18ന് ആൺകുഞ്ഞ് ജനിക്കുകയും പിന്നീട് കുഞ്ഞിനെ ഇൻക്യുബേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കുഞ്ഞിൻ്റെ ആദ്യത്തെ കരച്ചിൽ കേട്ടതും പിന്നീട് രാജീവ് ഗാന്ധിക്കൊപ്പം കുഞ്ഞിനെ കണ്ടതും സോണിയ ഓർത്തെടുക്കുന്നു. കട്ടിയുള്ള കറുത്ത മുടിയും നീളമുള്ള വിരലുകളുമുള്ള പൂർണരൂപം കൈവരിച്ച ചെറിയ കുഞ്ഞായിരുന്നു അവൻ. കുഞ്ഞിനെ കണ്ടയുടൻ ഇരുവരും അവനുമായി ഇഷ്ടത്തിലായെന്നും സോണിയ കുറിക്കുന്നു. എന്നാൽ കുഞ്ഞിന്റെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് ഡോക്ടർമാർ നേരത്തെ തന്നെ രാജീവ് ഗാന്ധിയെ അറിയിച്ചിരുന്നു. ശേഷം ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

പിറ്റേന്ന് രാവിലെയാണ് കുഞ്ഞിന്റെ മരണവാർത്ത ദമ്പതികൾ അറിയുന്നത്. ആ വാർത്ത തങ്ങളെ തകർത്തുകളഞ്ഞുവെന്നും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് താൻ ആവർത്തിച്ച് ചോദിച്ചുകൊണ്ടിരുന്നുവെന്നും സോണിയ പറയുന്നു. വികാരങ്ങൾ പുറത്തുപ്രകടിപ്പിക്കാത്ത വ്യക്തിയായിരുന്നിട്ടും രാജീവ് ഗാന്ധി അന്ന് തന്നോടൊപ്പം പൊട്ടിക്കരഞ്ഞു. ആ സമയത്ത് യാത്രയിലായിരുന്ന ഇന്ദിരാഗാന്ധി വിവരം അറിഞ്ഞയുടൻ യാത്ര മാറ്റിവച്ച് ആശുപത്രിയിലെത്തി. അവരുടെ കണ്ണുകൾ ചുവന്നും വീർത്തുമിരുന്നു. ഇന്ദിര തങ്ങളെ ചേർത്തുപിടിച്ചുവെന്നും ദുഃഖത്തിനിടയിലും കുറച്ചുനേരം തങ്ങൾക്കൊപ്പം ചെലവഴിച്ചശേഷമാണ് ഔദ്യോഗിക ചുമതലകളിലേക്ക് മടങ്ങിയതെന്നും സോണിയ ഓർമിക്കുന്നു.

കുഞ്ഞിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളും കുടുംബത്തിന് വലിയ വേദനയായിരുന്നു. നവജാതശിശുക്കളുടെ മൃതദേഹം നദിയിലൊഴുക്കുന്ന പരമ്പരാഗത രീതിയെക്കുറിച്ചുള്ള ചർച്ചകൾ തന്നെ ഭയപ്പെടുത്തിയെന്ന് സോണിയ പറയുന്നു. ഡൽഹിയിലെ ഓഖ്‌ല അണക്കെട്ടിന് സമീപം ഒരു മൃതദേഹം കുടുങ്ങിക്കിടക്കുന്നത് കണ്ട അനുഭവം അത്തരമൊരു രീതിയോട് എതിർപ്പുണ്ടാകാൻ കാരണമായി. ഒടുവിൽ തെക്കൻ ഡൽഹിയിലെ മെഹ്‌റൗളിയിലുള്ള ഫിറോസ് ഗാന്ധിയുടെ ഫാമിൽ കുഞ്ഞിനെ സംസ്കരിക്കാൻ തീരുമാനിച്ചു. രാജീവ് ഗാന്ധിയും സഹോദരൻ സഞ്ജയ് ഗാന്ധിയും ചേർന്ന് പിങ്ക് നിറത്തിലുള്ള ബൊഗൈൻവില്ല ചെടിക്കരികിലായിരുന്നു സംസ്കാരം നടത്തിയത്. പിന്നീട് ഏറെക്കാലം അവിടെയെത്തുമ്പോഴെല്ലാം കുടുംബം കുഞ്ഞിന്റെ ഓർമയ്ക്കായി പൂക്കൾ സമർപ്പിച്ചിരുന്നുവെന്നും സോണിയ എഴുതുന്നു.

"അന്ന് രാജീവ് എനിക്കൊപ്പം പൊട്ടിക്കരഞ്ഞു"; ജീവിതത്തിലെ തീരാവേദന തുറന്നുപറഞ്ഞ് സോണിയ ഗാന്ധി
'ബഹുറാണി'യും 'ഛോട്ടി ബഹു'വും തമ്മിലുള്ള ശീതസമരം; മനേക ഗാന്ധിയുമായുള്ള കുടുംബവഴക്കും നാടകീയ പടിയിറക്കവും തുറന്നെഴുതി സോണിയാ ഗാന്ധിയുടെ ഓർമ്മക്കുറിപ്പ്!

കുഞ്ഞിന്റെ മരണത്തിൻ്റെ ദുഃഖത്തിനൊപ്പം കുറ്റബോധവും സോണിയയെ വേട്ടയാടി. അതിനിടെ കുഞ്ഞിന്റെ നിയമസാധുതയെ ചോദ്യം ചെയ്ത് ഒരു വലതുപക്ഷ പ്രസിദ്ധീകരണം നടത്തിയ പരാമർശങ്ങൾ തന്നെ കൂടുതൽ വേദനിപ്പിച്ചുവെന്നും അവർ വെളിപ്പെടുത്തുന്നു. ഒരാളുടെ വ്യക്തിപരമായ ദുരന്തത്തെപ്പോലും ഇത്ര ക്രൂരമായി കൈകാര്യം ചെയ്യാൻ ആളുകൾക്ക് എങ്ങനെ കഴിയുന്നുവെന്നായിരുന്നു സോണിയയുടെ ചോദ്യം.

ആ ദുരന്തത്തിന് പിന്നാലെ വീണ്ടും ഗർഭിണിയായപ്പോഴും കുടുംബത്തിൽ സന്തോഷത്തേക്കാൾ ആശങ്കയായിരുന്നുവെന്നും സോണിയ പുസ്തകത്തിൽ പറയുന്നു. മുൻ അനുഭവത്തിന്റെ ഭീതിയിലൂടെയാണ് ആ ഗർഭകാലം കടന്നുപോയത്. ഒടുവിൽ 1970 ജൂൺ 19നായിരുന്നു രാഹുൽ ഗാന്ധിയുടെ ജനനം. രാഷ്ട്രീയ ജീവിതത്തിനും പൊതുപ്രവർത്തനത്തിനും ഏറെ മുമ്പ് സോണിയ ഗാന്ധിയുടെ ജീവിതത്തിൽ ആഴത്തിലുള്ള മുറിവേൽപ്പിച്ച അനുഭവമായിരുന്നു ആദ്യ കുഞ്ഞിന്റെ വിയോഗം. വർഷങ്ങൾക്കിപ്പുറം ആ ഓർമകൾ കൂടിയാണ് പുസ്തകത്തിലൂടെ പങ്കുവെക്കുമ്പോൾ അധികമാരും അറിയാത്ത വ്യക്തിജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങൾ കൂടിയാണ് ജനങ്ങളിലേക്കെത്തിയത്.