ദില്ലി: നെഹ്റു ഗാന്ധി കുടുംബത്തിലെ രണ്ട് മരുമക്കൾ തമ്മിലുള്ള ഭിന്നതകളും സഞ്ജയ് ഗാന്ധിയുടെ മരണത്തിന് പിന്നാലെ മനേക ഗാന്ധി വീടുവിട്ടിറങ്ങിയ നാടകീയ സംഭവങ്ങളും തുറന്നുപറഞ്ഞ് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുടെ പുതിയ ഓർമ്മക്കുറിപ്പ്. 'ബിലോംഗിംഗ്: എ ജേർണി ഓഫ് ലവ്' എന്ന പേരിൽ പുറത്തിറങ്ങിയ പുസ്തകത്തിലാണ് ഗാന്ധി കുടുംബത്തിലെ ബഹുറാണിയായ സോണിയയും ഛോട്ടി ബഹുവായ മനേകയും തമ്മിലുണ്ടായിരുന്ന സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ച് വിശദമായി വെളിപ്പെടുത്തിയിരിക്കുന്നത്.
1974-ൽ പതിനെട്ടാം വയസ്സിൽ സഞ്ജയ് ഗാന്ധിയുടെ വധുവായി മനേക എത്തുമ്പോൾ ഉന്മേഷവതിയായ ഒരു അനുജത്തിയെ ലഭിച്ചതുപോലെയായിരുന്നു തനിക്കെന്നും. പ്രിയങ്ക ഗാന്ധി മനേകയുടെ മുറിയിലിരുന്ന് കഥകൾ കേൾക്കുന്നത് പതിവായിരുന്നുവെന്നും സോണിയ ഓർക്കുന്നു. എന്നാൽ ക്രമേണ ആ അന്തരീക്ഷം മാറിയെന്നും വീട്ടിലെ ജോലിക്കാർ തന്നെ ബഹുറാണി എന്നും മനേകയെ ഛോട്ടി ബഹു എന്നും വിളിച്ചിരുന്നത് തന്നെ താഴ്ത്തിക്കെട്ടാനുള്ള നീക്കമായാണ് മനേക കണ്ടിരുന്നതെന്നും സോണിയ പുസ്തകത്തിൽ കുറിക്കുന്നു.
സഞ്ജയ് ഗാന്ധിയും മനേകയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കിടപ്പുമുറിയുടെ വാതിലുകൾ കടന്ന് പുറത്തേക്ക് വരാൻ തുടങ്ങിയതോടെയാണ് കാര്യങ്ങൾ വഷളായത്. വഴക്കുകൾക്കിടയിൽ ഇന്ദിരാ ഗാന്ധിയുടെ സാന്നിധ്യത്തിൽപ്പോലും മനേക അസഭ്യവാക്കുകൾ ഉപയോഗിച്ചിരുന്നുവെന്നും ഇത് തങ്ങളെ ഞെട്ടിക്കുകയും സഞ്ജയിനെ നാണംകെടുത്തുകയും ചെയ്തുവെന്ന് സോണിയ വ്യക്തമാക്കുന്നു. സഞ്ജയ് ഗാന്ധിയിൽ മനേകയ്ക്കുണ്ടായിരുന്ന അമിത സ്വാധീനം ഒരിക്കലും പിരിയാത്ത സുഹൃത്തുക്കളെപ്പോലെ കഴിഞ്ഞിരുന്ന രാജീവ് ഗാന്ധിയും സഞ്ജയും തമ്മിലുള്ള ബന്ധത്തിൽ അകൽച്ചയുണ്ടാക്കി.
1977-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ പരാജയം ഏറ്റുവാങ്ങിയപ്പോൾ സഞ്ജയിന്റെ എടുത്തുചാട്ടങ്ങൾക്കെതിരെ ഇന്ദിരയും രാജീവും ശബ്ദമുയർത്തിയെന്നും, ഇതിൽ മനേക ഇടപെട്ടപ്പോൾ ഇന്ദിര അവരെ ശാസിച്ചതായും പുസ്തകത്തിലുണ്ട്. അന്നത്തെ ക്യാബിനറ്റ് സെക്രട്ടറി പി.എൻ. ധറിനോട് മനേകയെക്കുറിച്ച് "അവൾക്കിപ്പോൾത്തന്നെ ചിറകുകൾ മുളച്ചുതുടങ്ങി" എന്ന് ഇന്ദിര ആശങ്ക പങ്കുവെച്ചിരുന്നു. പരാജയത്തിന് പിന്നാലെ താനും രാജീവും രാജ്യം വിടാൻ ശ്രമിച്ചുവെന്ന തരത്തിലുള്ള നുണക്കഥകൾ മാധ്യമപ്രവർത്തകർ വഴി പ്രചരിപ്പിച്ചത് മനേകയാണെന്നും അവരെല്ലാം തങ്ങളെ ശത്രുക്കളായാണ് കണ്ടിരുന്നതെന്നും സോണിയ ആരോപിക്കുന്നു.
1980 ജൂണിൽ വിമാനാപകടത്തിൽ സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടതോടെ ഗാന്ധി കുടുംബത്തിലെ തർക്കങ്ങൾ മൂർച്ഛിച്ചു. ഇരുപത്തിമൂന്നാം വയസ്സിൽ മൂന്ന് മാസം മാത്രം പ്രായമുള്ള വരുൺ ഗാന്ധിയുമായി നിന്ന മനേകയ്ക്ക് രാഷ്ട്രീയത്തിൽ വലിയ സ്ഥാനം നൽകാൻ ഇന്ദിര തയ്യാറായില്ല. എന്നാൽ 1981 മാർച്ചിൽ ഇന്ദിരയുടെ രാഷ്ട്രീയ എതിരാളിയായിരുന്ന വസുന്ധര രാജെയുടെ വീട്ടിൽ വെച്ച് മനേക മകൻ വരുൺ ഗാന്ധിയുടെ ആദ്യ ജന്മദിനം ആഘോഷിച്ചത് അകൽച്ച പൂർണ്ണമാക്കി.
ഇന്ദിര ലണ്ടനിലായിരുന്ന സമയത്ത് വീട്ടുസാധനങ്ങൾ ഓരോന്നായി മാറ്റാൻ തുടങ്ങിയ മനേക, തിരിച്ചെത്തിയ ഇന്ദിര കാരണം ചോദിച്ചപ്പോൾ അവരോട് ദേഷ്യപ്പെടുകയും വീടുവിട്ടിറങ്ങുകയുമായിരുന്നു. ഒരു റിയാലിറ്റി ഷോ പോലെ നാടകീയമായി പൊതുസമൂഹത്തിനു മുന്നിൽ ഇന്ദിരാ ഗാന്ധിയെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടാണ് മനേക വീട് വിട്ടതെന്ന് സോണിയ എഴുതുന്നു. തുടർന്ന് വരുൺ ഗാന്ധിയെ കാണാനുള്ള അവകാശത്തിനായി ഗാന്ധി കുടുംബം നിയമപോരാട്ടം നടത്തിയെങ്കിലും മനേക അത് പൂർണ്ണമായും നിഷേധിക്കുകയായിരുന്നുവെന്നും പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.