റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 5.5 ശതമാനമാണ് റിപ്പോ നിരക്ക്. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷം റിപ്പോ നിരക്ക് മാറ്റം വരുത്താതെ നിലനിർത്താൻ തീരുമാനിച്ചതായി ആർബിഐ അറിയിച്ചു. ട്രംപിന്റെ തീരുമാനത്തെത്തുടർന്ന് വിദേശ വ്യാപാരത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് ആർബിഐ എംപിസി യോഗം ചേർന്നത്.
താരിഫ് വിഷയത്തിൽ അനിശ്ചിതത്വം ഉണ്ടായിരുന്നിട്ടും എംപിസി 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ജിഡിപി വളർച്ചാ പ്രവചനം 6.5% ൽ മാറ്റമില്ലാതെ നിലനിർത്തി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണി രൂപയുടെ മൂല്യം സമ്മർദത്തിലാക്കിയ സാഹചര്യത്തിലാണ് ആർബിഐയുടെ നിലവിലെ തീരുമാനം. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 16 പൈസ കുറഞ്ഞു. ഇന്ത്യൻ ഉത്പന്നങ്ങളുടെ തീരുവ വർധിപ്പിക്കുമെന്ന ട്രംപിൻ്റെ ഭീഷണിക്ക് പിറകെയായിരുന്നു രൂപയുടെ മൂല്യം കുറഞ്ഞത്.
ഭൗമ,രാഷ്ട്രീയ അനിശ്ചിതത്വങ്ങളും നികുതി വർദ്ധനവിലെ ആശങ്കകളും ഉണ്ടായിരുന്നിട്ടും ജൂൺ, ജൂലൈ മാസങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക പ്രവർത്തനങ്ങൾ സ്ഥിരത പുലർത്തിയതായി ആർബിഐയുടെ ജൂലൈയിലെ കണക്കുകൾ വ്യക്തമാക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലകൾ, പ്രത്യേകിച്ച് പച്ചക്കറി വിലകൾ അസ്ഥിരമായി തുടരുന്നതിനാൽ, 2026 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ പണപ്പെരുപ്പം ഉയർന്നേക്കാമെന്ന് എംപിസി കമ്മിറ്റി ചൂണ്ടിക്കാട്ടി. 2026 സാമ്പത്തിക വർഷത്തിൽ, പണപ്പെരുപ്പം 3.1% ആയിരിക്കുമെന്ന് ആർബിഐ പ്രവചിച്ചിട്ടുണ്ട്,