38-ാം റൗണ്ട് വരെ ബിജെപി ലീഡ്; ഒടുവിൽ അട്ടിമറി; ബിജെപിയിൽ നിന്ന് പിടിച്ചെടുത്ത് ആർജെഡി; വന്‍ ട്വിസ്റ്റായി ബിഹാറിലെ എംഎല്‍സി തെരഞ്ഞെടുപ്പ്

Tejashwi Yadav
Tejashwi YadavSource: X
Published on: 
Updated on: 

പട്‌ന: ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നടന്ന നിർണായക തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെ മുന്നിട്ടുനിന്ന ബിജെപിയെ അട്ടിമറിച്ച് ദർഭംഗ ഗ്രാജ്വേറ്റ്സ് മണ്ഡലം രാഷ്ട്രീയ ജനതാദൾ പിടിച്ചെടുത്തു . സിറ്റിംഗ് എംഎൽസിയും ബിജെപി സ്ഥാനാർത്ഥിയുമായ സർവേഷ് കുമാറിനെ 533 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ആർജെഡി സ്ഥാനാർത്ഥി അനിൽ കുമാർ ഝാ ചരിത്രവിജയം സ്വന്തമാക്കിയത്. ദർഭംഗയിലെ ഖേൽ ഭവനിൽ നടന്ന അതീവ നാടകീയമായ വോട്ടെണ്ണലിൽ 40 സ്ഥാനാർത്ഥികൾ മത്സരിച്ച സീറ്റിൽ 38 സ്ഥാനാർത്ഥികൾ ഓരോ റൗണ്ടുകളിലായി പുറത്തായ ശേഷമാണ് അന്തിമ ഫലം പ്രഖ്യാപിച്ചത്.

38-മത്തെ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ ബിജെപിയുടെ സർവേഷ് കുമാർ 20,033 വോട്ടുകൾ നേടി, 19,029 വോട്ടുകൾ നേടിയ ആർജെഡിയുടെ അനിൽ കുമാർ ഝായേക്കാൾ 1,004 വോട്ടുകളുടെ വ്യക്തമായ ലീഡോടെ വിജയമുറപ്പിച്ചിരിക്കുകയായിരുന്നു. ബിജെപി പ്രവർത്തകർ ഇതിനകം ആഘോഷങ്ങളും തുടങ്ങിയിരുന്നു. എന്നാൽ 16 മണിക്കൂര്‍ നീണ്ട വോട്ടെണ്ണലിന് ശേഷം മൂന്നാം സ്ഥാനത്തെത്തിയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് സ്ഥാനാർത്ഥി മുഹമ്മദ് ഇംതിയാസ് നൂറാനി മത്സരത്തിൽ നിന്ന് പുറത്തായതോടെയാണ് തെരഞ്ഞെടുപ്പിന്റെ ഗതി മാറിമറിഞ്ഞത്.

Tejashwi Yadav
യു.പി എംഎല്‍സി തെരഞ്ഞെടുപ്പ്; ഇക്കുറിയും വാരണാസിയും ആഗ്രയും പിടിക്കാനായില്ല; ബിജെപിക്ക് തിരിച്ചടി

മുഹമ്മദ് ഇംതിയാസ് നൂറാനിക്ക് ലഭിച്ച ആദ്യ മുൻഗണനാ വോട്ടുകളിലെ രണ്ടാം മുൻഗണന എണ്ണിയ 39-മത്തെ റൗണ്ടിൽ അവിശ്വസനീയമായ രീതിയിൽ ആർജെഡി സ്ഥാനാർത്ഥിക്ക് 2,900 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപി സ്ഥാനാർത്ഥിക്ക് വെറും 1,363 വോട്ടുകൾ മാത്രമാണ് അധികമായി കിട്ടിയത്. ഈ വൻ വോട്ട് മാറ്റത്തോടെ ബിജെപിയുടെ ലീഡ് ഇല്ലാതാവുകയും അനിൽ കുമാർ ഝാ 533 വോട്ടുകളുടെ വ്യക്തമായ ലീഡ് നേടി വിജയിക്കുകയുമായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി ലഭിച്ചതിന് ശേഷം ദർഭംഗ ഡിവിഷണൽ കമ്മീഷണറും റിട്ടേണിംഗ് ഓഫീസറുമായ ഹിമാൻഷു കുമാർ റായ് ആർജെഡി സ്ഥാനാർത്ഥിയുടെ ഔദ്യോഗിക വിജയം പ്രഖ്യാപിച്ചു.

പരാജയപ്പെട്ട ബിജെപി സ്ഥാനാർത്ഥി സർവേഷ് കുമാർ വോട്ടെണ്ണൽ കേന്ദ്രത്തിൽ വെച്ചുതന്നെ അനിൽ കുമാർ ഝായെ നേരിൽക്കണ്ട് അഭിനന്ദിച്ചു. തെരഞ്ഞെടുപ്പ് നടന്ന എട്ട് അധ്യാപക ബിരുദധാരി മണ്ഡലങ്ങളിൽ ബിജെപിയും ആർജെഡിയും രണ്ട് വീതം സീറ്റുകൾ നേടിയപ്പോൾ, ജെഡിയു ഒരിടത്തും, ജൻ സുരാജ് ഒരിടത്തും, രണ്ട് സീറ്റുകളിൽ സ്വതന്ത്രരുമാണ് വിജയിച്ചത്. ബിഹാറിലെ വിദ്യാസമ്പന്നരായ ബിരുദധാരികൾ എൻഡിഎ സർക്കാരിന്റെ അഴിമതിക്കും അധികാര ദുർവിനിയോഗത്തിനും യുവാക്കൾക്കെതിരായ അടിച്ചമർത്തലുകൾക്കും എതിരെ നൽകിയ ശക്തമായ താക്കീതാണ് ദർഭംഗയിലെ ഈ വിജയമെന്ന് ആർജെഡി ദേശീയ വർക്കിംഗ് പ്രസിഡന്റ് തേജസ്വി യാദവ് പ്രതികരിച്ചു.

Tejashwi Yadav
കര്‍ണാടക എംഎല്‍സി തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; സിറ്റിങ് സീറ്റ് ഉൾപ്പെടെ നാലിടങ്ങളില്‍ എന്‍ഡിഎയ്ക്ക് വിജയം