

കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക വസതികളായ ഡല്‍ഹിയിലെ ലൂട്ട്യന്‍സ് ബംഗ്ലാവുകളുടെ നവീകരണത്തിനായി നരേന്ദ്ര മോദി സര്‍ക്കാര്‍ ചെലവിട്ടത് 547.68 കോടി രൂപ. കേന്ദ്ര മന്ത്രിമാരുടെ വസതികള്‍ മോടി പിടിപ്പിക്കുന്നതിനായി കേന്ദ്ര പൊതു മരാമത്ത് വകുപ്പ് ചെലവിട്ട തുകയാണിത്. 2014-15 മുതല്‍ 2025-26 വരെയുള്ള കണക്കാണ് പുറത്തുവന്നത്. പിടിഐയാണ് വിവരാവകാശ രേഖ പുറത്തുവിട്ടത്.
2014-15ല്‍ 27.47 കോടി രൂപയാണ് കേന്ദ്രം മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കാന്‍ ചെലവിട്ടത്. തൊട്ടടുത്ത വര്‍ഷം തുക 29.57 കോടിയായി. 2016-17ല്‍ തുക 30.10 കോടിയായി ഉയര്‍ന്നു. 2017-18ല്‍ 23.34 കോടി രൂപ, 2018-19ല്‍ 23.42 കോടി രൂപ, 2019-20ല്‍ 26.37 കോടി രൂപ, 2020-21ല്‍ 53.87 കോടി രൂപ, 2021-22ല്‍ 40.84 കോടി രൂപ, 2022-23ല്‍ 73.86 കോടി രൂപ, 2023-24ല്‍ 54.52 കോടി രൂപ, 2024-25ല്‍ 71.98 കോടി രൂപ, 2025-26ല്‍ 92.35 കോടി രൂപ എന്നിങ്ങനെയാണ് കേന്ദ്രം ചെലവിട്ടത്. 2014-15ല്‍ ചെലവിട്ടതിന്റെ മൂന്നിരട്ടിയാണ് 2025-26 വര്‍ഷത്തില്‍ കേന്ദ്രം ചെലവിട്ടതെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
ഫാനുകള്‍, എല്‍ഇഡി ലൈറ്റുകള്‍ ഉള്‍പ്പെടെ ഇലക്ട്രിക്കല്‍ സാമഗ്രികള്‍, ഫ്ലോര്‍ ടൈലുകള്‍ എന്നിവ മാറ്റുന്നതിനും, പ്ലമ്പിങ് ജോലികള്‍ക്കായും അടിക്കടി ആവശ്യം ഉയര്‍ന്നിരുന്നതായി കാബിനറ്റ് മന്ത്രിയുടെ സ്റ്റാഫ് അംഗത്തെ ഉദ്ധരിച്ചുകൊണ്ട് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.