എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, പരന്ദൂരിലെ പദ്ധതി ഉപേക്ഷിച്ചു; വമ്പന്‍ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

ടിവികെ പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ക്കൊപ്പമാണെണ് പറഞ്ഞാണ് പരന്ദൂര്‍ പദ്ധതി ഉപേക്ഷിക്കുന്നതായി വിജയ് സഭയെ അറിയിച്ചത്
വിജയ്
വിജയ്Source: X / ANI
Published on
Updated on

തമിഴ്‌നാട്ടില്‍ വീണ്ടും ജനകീയ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍. ചെന്നൈയിലെ നിര്‍ദിഷ്ട വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിനൊപ്പം സ്ത്രീകള്‍ക്കുള്ള സൗജന്യ പദ്ധതികള്‍ ഉള്‍പ്പെടെ സഭയില്‍ പ്രഖ്യാപിച്ചു. പ്രതിഷേധം കണക്കിലെടുത്ത് ചെന്നൈ പരന്ദൂരിലെ നിര്‍ദിഷ്ട വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി മുഖ്യമന്ത്രി ജോസഫ് വിജയ് സഭയില്‍ അറിയിച്ചു. ഓര്‍ഡിനറിക്കൊപ്പം എക്‌സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ്, ഡീലക്‌സ് സർക്കാർ ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യമായി യാത്ര ചെയ്യാം. കുടുംബനാഥകള്‍ക്ക് വര്‍ഷത്തില്‍ മൂന്ന് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകുന്ന പദ്ധതിയും വിജയ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 1.30 കോടിയിലധികം അർഹരായ കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും വിജയ് സഭയെ അറിയിച്ചു.

തലസ്ഥാനമായ ചെന്നൈയില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള പരന്ദൂരില്‍ നിര്‍ദേശിച്ചിരുന്ന വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായുള്ള പ്രഖ്യാപനമാണ് ഏറെ ശ്രദ്ധേയം. എം.കെ. സ്റ്റാലിന്‍ സര്‍ക്കാരാണ് രണ്ടാം വിമാനത്താവള പദ്ധതി പ്രഖ്യാപിച്ചത്. കാഞ്ചീപുരം ജില്ലയില്‍ വരുന്ന വിമാനത്താവളത്തിന് 2025 ഏപ്രിലില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ പാരിസ്ഥിതിക ആശങ്കകളും കുടിയൊഴിപ്പിക്കലും ഉയര്‍ത്തിയും, കൃഷിഭൂമി സംരക്ഷണം ആവശ്യപ്പെട്ടും പദ്ധതിക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ടിവികെ പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ക്കൊപ്പമാണെണ് പറഞ്ഞാണ് പദ്ധതി ഉപേക്ഷിക്കുന്നതായി വിജയ് സഭയെ അറിയിച്ചത്. 2024ല്‍ തന്നെ പദ്ധതിയെ എതിര്‍ത്തിരുന്നുവെന്നത് ചൂണ്ടിക്കാട്ടിയ വിജയ്, വ്യാവസായിക വികസനത്തിന് വിമാനത്താവളങ്ങള്‍ വേണമെന്നും എന്നാല്‍ അത് കര്‍ഷകരുടെ ക്ഷേമം ബലികഴിച്ചുകൊണ്ടാകരുതെന്നും അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് എതിര്‍പ്പ് ഇല്ലാത്തയിടത്ത് പുതിയ വിമാനത്താളം ആകാമെന്നും അദ്ദേഹം വ്യക്തമാക്കി.

വിജയ്
ആശുപത്രിയിലെ വെന്റിലേറ്റര്‍ പൊട്ടിത്തെറിച്ച് തീപിടിത്തം; മഹാരാഷ്ട്രയില്‍ മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

സാമൂഹിക സുരക്ഷയും യാത്രാസൗകര്യവും കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 'വെട്രി പയണം' പദ്ധതി വിജയ് പ്രഖ്യാപിച്ചത്. സ്ത്രീകൾക്കും ട്രാൻസ്ജെൻഡർക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയുടെ വിപുലീകരണം ആണിത്. മെട്രോപൊളിറ്റൻ-നഗര കേന്ദ്രങ്ങളിൽ സർവീസ് നടത്തുന്ന എക്‌സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ്, ഡീലക്‌സ് സർക്കാർ ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യമായി യാത്ര ചെയ്യാം. ദൂരസ്ഥലങ്ങളിലേക്കും മലയോര പ്രദേശങ്ങളിലേക്കും സർവീസ് നടത്തുന്ന ഓർഡിനറി ബസുകളിലും ആനുകൂല്യം ലഭ്യമാകും. മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടുമുതൽ പദ്ധതി നടപ്പാക്കും. പ്രതിവർഷം ഏകദേശം 6,000 കോടി രൂപയാണ് പദ്ധതിയുടെ പ്രതീക്ഷിത ചെലവ്. വരുമാന പരിധികളില്ലാതെയണ് പദ്ധതി നടപ്പാക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കുടുംബനാഥകള്‍ക്ക് വർഷത്തിൽ മൂന്ന് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകുന്ന 'അന്നപൂർണി സൂപ്പർ 6' പദ്ധതിയും പ്രഖ്യാപിച്ചു. 4,000 കോടി രൂപയോളം വാര്‍ഷിക ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി, സംസ്ഥാനത്തെ 1.30 കോടിയിലധികം കുടുംബങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വാദം. രണ്ടര ലക്ഷം രൂപയിൽ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ, ചെറുകിട കർഷക കുടുംബങ്ങൾ, ഭിന്നശേഷിക്കാരുടെ കുടുംബങ്ങൾ എന്നിവർ പദ്ധതിയുടെ ഗുണഭോക്താക്കളാകും. സിലിണ്ടറുകള്‍ക്കുള്ള പണം കുടുംബനാഥയുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാകും സര്‍ക്കാര്‍ ട്രാന്‍സ്‌ഫര്‍ ചെയ്യുക. ജനുവരിയിലെ പൊങ്കൽ ഉത്സവം മുതൽ പദ്ധതി പ്രാബല്യത്തില്‍വരും.

News Malayalam 24x7
newsmalayalam.com